ഓർമ്മക്കുറിപ്പുകൾ
അശ്വിൻ കൃഷ്ണ. പി
ഒരു റൊട്ടി കഷ്ണം എറിഞ്ഞു കൊടുക്കുന്ന ആളോട് ഏതൊരു നായയ്ക്കും തോന്നുന്ന കടപ്പാട്… അതെനിക്ക് കർത്താറിനോട് തോന്നിയിട്ടുണ്ട്. കർത്താർ, മനുഷ്യ സഹജമായ സ്നേഹവും, കുശുമ്പും കച്ചവട മനോഭാവവുമുള്ള ഒരു സാധാരണ ചായക്കടക്കാരൻ!.
ചപ്പാത്തിയും പരിപ്പും തൊണ്ടയിൽ നിന്നിറങ്ങാൻ വിസമ്മതിച്ചിരുന്ന കാലത്ത് ഞാൻ ചാവാതെ പിടിച്ച് നിന്നത് അയാൾടെ കടയിൽനിന്ന് കഴിച്ചിരുന്ന വെറും രണ്ട് പുഴുങ്ങിയ മുട്ട കൊണ്ടാണ്. അവിടെ നിന്ന് തുടങ്ങിയ ബന്ധമാണ് ഞങ്ങടേത്. ആദ്യമായി അവിടെയെത്തിയ കാലങ്ങളിൽ ഒരു കോഴിക്കാലിന് വേണ്ടി ആരേയും കൊല്ലാൻ തയ്യാറായിരുന്ന’മാംസഭോജി’ കളായ ഞങ്ങളുടെ വ്യഥ മനസ്സിലാക്കി, കോഴിയുണ്ടാക്കി കഴിക്കാൻ അയാൾ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. “മീ.. മൈ വൈഫ്.. ലവ് മാരേജ്” എന്നയാൾ പറഞ്ഞതിൽ നിന്ന് അയാളും ദീദിയും പ്രേമിച്ച് കെട്ടിയതാണെന്ന് മനസ്സിലായി. ഭാര്യയും മൂന്ന് മക്കളുമാണ് അയാളുടെ കുടുംബം.
ഹരിയാനയിലെത്തിയതു മുതൽ അവിടുത്തെ അവസാന ദിവസം വരെ പതിവായി അഞ്ച് ചായയിൽ കുറയാതെ അവിടുന്ന് കുടിച്ചത് പ്രമാണിച്ച് ബാക്കിയുള്ളവരുടെ ചായവില ഉയർന്നപ്പോഴും ഞങ്ങൾക്ക് പഴയ വിലയ്ക്ക് ചായ കിട്ടി. യൂണിവേഴ്സിറ്റിയിലെ ഒരു ഗോസിപ്പും മൂപ്പരുടെ കണ്ണും കാതും വെട്ടിച്ച് മരുഭൂമി കടക്കില്ല.കർത്താറിന്റെ ചായക്കട എന്ന് ഗൂഗിൾ മാപ്പിൽ ലൊക്കേറ്റ് ചെയ്തു കൊടുത്തപ്പോൾ ‘ഞാനും ഇന്റർനെറ്റിലുണ്ട്’ എന്ന് മറ്റുള്ളവരോട് വീമ്പുപറഞ്ഞു നടന്ന ഒരു തനി നാട്ടിൻപുറക്കാരൻ..!
പഠിപ്പ് പൂർത്തിയാക്കി തിരിച്ച് വരുന്നതിന് തലേന്ന് അയാളുടെ ചായക്കടയിൽ കുറേ നേരം ഇരുന്നു. അഞ്ച് മിനിറ്റ് ഇടവിട്ട് കുറേ ചായ കുടിച്ചു. ഇനി അവിടെ ഇരുന്നുള്ള വാചകമടി ഉണ്ടാവൂല, എരുമപ്പാലൊഴിച്ച ചായ കുടിക്കാൻ പറ്റൂല എന്നൊക്കെ ചിന്തിച്ചിരുന്നപ്പോഴാണ് അയാൾ ചോദിച്ചത്:-“അശ്വിൻ, തും കബ് ജാനേവാലേ ഹേ”?
“ട്രെയിൻ കൽ ഏക് ബജേ ഹേ, ദില്ലീ സേ”.
അച്ഛാ,തോ പാർട്ടീ ക്യൂം നഹീ കർത്തേ? വൈൻ?”
” ക്യാ പാർട്ടീ ഹേ ഭായ്”-അതൊന്നും നടക്കില്ലെന്ന രീതിയിൽ ഞാൻ പറഞ്ഞു.
” അരേ, വൈൻ അഗർ തൂ നഹീ പീ രഹാ തോ മുജേ പിലാദേ”…
അങ്ങനെ ഞാനവിടം വിട്ട് പോരുന്നതിന് കർത്താർജി എന്നെക്കൊണ്ടൊരു ഫുൾ മേടിപ്പിച്ചു…!
…
മറക്കാനാവാത്ത ഓർമ്മകൾ നിങ്ങൾക്കും ഉണ്ടാകില്ലേ.. ജീവിതദിശ തിരിച്ചുവിട്ട ആളുകൾ, കണ്ണിൽ നിന്നു മായാത്ത കാഴ്ചകൾ അങ്ങനെ , അങ്ങനെ…
പങ്കുവെക്കാനാഗ്രഹിക്കുന്ന ഓർമകൾ എഴുതി അയക്കു…
ഇ–മെയിൽ – editor@athmaonline.in, WhtatsApp : 8078816827