അഡ്വ. ശ്രീജിത് കുമാർസിനിമക്കിടയിൽ എപ്പോഴൊക്കെയോ കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു…
ഇടക്കാലത്ത് കണ്ട സിനിമകളുടെ എണ്ണം ഇത്തിരി കൂടുതലാണ്. ഓടുന്നോൻ എന്ന സിനിമയെ പല ഫെസ്റ്റിവല്ലുകളിലും മാറ്റുരച്ച ലോകോത്തര സിനിമകളോട് താരതമ്യം ചെയ്യാനാണ് എനിക്കിഷ്ടം.
ഓടുന്നോൻ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം പപ്പൻ ആളികത്തിച്ച തീയുടെ ഒരു തരി കനൽ ഉള്ളിലെവിടെയോ ചാരം മൂടി കിടക്കുന്നുണ്ടായിരുന്നു എന്നതുകൊണ്ടു കൂടിയാണ് ഓരോ പ്രേക്ഷകന്റെയും മനസ്സിൽ അത് പെട്ടന്ന് ആളിപടർന്നത്.
കുട്ടിക്കാലത്ത് ഉള്ളിൽ ആരൊക്കെയോ കുത്തിവച്ച പാമ്പുകളെ കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകൾ കേട്ട്, ഭയവിഹ്വലരായി, സ്കൂളിന് പുറകുവശത്തെ പടിഞ്ഞാറെ കാവിനകത്തു കൂടെ, അമ്മ വീടിനടുത്തെ കാഞ്ഞിലശ്ശേരിയിലെ പാമ്പിൻ കാവിനടുത്തെ വയലിലൂടെ, നാഗത്തറകൾക്കടുത്തെ വഴികളിലൂടെ എത്ര തവണ നിലം തൊടാതെ ഓടുന്നോനെ പോലെ ഓടിയിട്ടുണ്ട്. ഇന്നും എത്ര പേർ ഓടുന്നുണ്ടാവും.
അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും ഉള്ളിൽ നട്ടുപിടിപ്പിച്ച് വേരാഴ്ന്നിറങ്ങി എത്ര പേരിങ്ങനെ ഉള്ളിൽ ഭയം നിറച്ച്ജീവിതം ഓടി തീർക്കുന്നുണ്ടാവും.
ഭയം ഒരാളിൽ സൃഷ്ടിക്കുന്ന വിഭ്രാന്തി, അതിന്റെ അവസ്ഥാന്തരങ്ങൾ എത്ര മനോഹരമായിട്ടാണ് നൗഷാദ് ഇബ്രാഹിം ഓടുന്നോൻ എന്ന സിനിമയിലൂടെ വരച്ചു വച്ചിരിക്കുന്നത്.
ഓടുന്നോനിലെ കേന്ദ്ര കഥാപാത്രം പപ്പനായി ജീവിച്ചു തീർത്ത സന്തോഷ് കീഴാറ്റൂരിന്റെ അഭിനയ മികവിനെ എങ്ങിനെ വിശേഷിപ്പിക്കണമെന്നറിയില്ല. സംസ്ഥാനത്തെ ഏറ്റവും മികച്ച നാടക നടിക്കുള്ള സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ജയ നൗഷാദിന്റെ പ്രകടനം മാസ്മരികം. വിനു എന്ന ഓട്ടിസ്റ്റിക് ബാലനെ അവതരിപ്പിച്ച പൃത്ഥ്വിരാജിന്റെ അഭിനയതികവ് ആ ഒരു കഥാപാത്രത്തിൽ നിന്നും പൃത്ഥ്വിരാജിനെ അടർത്തിയെടുക്കാൻ പോലും കഴിയാത്തത്രയും ഗംഭീരം. ഒപ്പം ശിവജിയേട്ടന്റെയും രമാദേവി ചേച്ചിയുടെയും മനസ്സുനിറക്കുന്ന പ്രകടനങ്ങൾ. കൂടാതെ കഥ, തിരക്കഥ, സംവിധാനം, അഭിനയം എന്നതുപോലെ തന്നെ എടുത്ത് പറയേണ്ടതു തന്നെയാണ്, ആദ്യാവസാനം ഉദ്വോഗം നിറഞ്ഞ തിരകഥക്കൊപ്പം ദൃശ്യഭംഗി ഒട്ടും ചോർത്തിക്കളയാതെ, പ്രകൃതിയെയും ജീവിതത്തെയും അഭ്രപാളികളിൽ പകർത്തിവെക്കാൻ കഴിഞ്ഞ Noushad Sherif എന്ന ക്യാമറാമാന്റെ കഴിവും
ഒരു കാര്യം ഉറപ്പാണ്, കാണേണ്ടത് കണ്ടില്ലന്ന് നടിക്കുന്നവരുടെ മുമ്പിൽ പെട്ടു പോയെങ്കിൽ മാത്രമെ
നൗഷാദ് ഇബ്രാഹിം എന്ന സംവിധായകന്റെ ഓടുന്നോൻ എന്ന സിനിമ ലോകം അറിയാതിരിക്കൂ. സന്തോഷ് കീഴാറ്റൂർ എന്ന നടന്റെ പ്രകടനം വിലയിരുത്തപ്പെടാതിരിക്കൂ. ജയയുടെ അഭിനയം പരിഗണിക്കപ്പെടാതിരിക്കൂ.
അതല്ലങ്കിൽ ഓടുന്നോൻ തെരഞ്ഞെടുക്കപ്പെടുന്ന 2019 ലെ ഏറ്റവും മികച്ച മലയാള സിനിമകളുടെ മുൻപന്തിയിൽ നിൽക്കും എന്ന കാര്യത്തിൽ സംശയമില്ല.
എന്തു തന്നെ ആയാലും ഓടുന്നോൻ തിയേറ്ററുകളിലെത്തുമ്പോൾ, പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച് നെഞ്ചേറ്റും എന്നതുറപ്പാണ്. അതിലും വലുതായി മറ്റൊരംഗീകാരവുമില്ലന്ന്, ഇന്നലെ ആദ്യ പ്രദർശനത്തിനു ശേഷം തിയറ്ററിനു പുറത്ത് കൂടിയ സിനിമാ സംവിധായകരും, അഭിനേതാക്കളും, സാങ്കേതിക വിദഗ്ദരും, അല്ലാത്തവരുമായ സിനിമാ പ്രവർത്തകരുടെയും സിനിമാ ആസ്വാദകർ ഒന്നടങ്കമുള്ളവരുടെയും അഭിപ്രായങ്ങൾ സാക്ഷ്യപ്പെടുത്തുന്നു….