അടിമുടി മാറ്റങ്ങളുമായി ‘നെറ്റ്’ പരീക്ഷ; ഫീസിലും ഇളവ്

0
643

ന്യൂ ഡല്‍ഹി: അടിമുടി മാറ്റങ്ങളോടെ നെറ്റ് പരീക്ഷ എത്തുന്നു. പരീക്ഷാ ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് എജന്‍സി (എന്‍.ടി.എ) യാണ് ഇത്തവണ നെറ്റ് പരീക്ഷ നടത്തുന്നത്. അസി. പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കുള്ള യോഗ്യതാ പരീക്ഷയാണ് നെറ്റ്. 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഓണ്‍ലൈന്‍ ആയിട്ടാവും പരീക്ഷ സംഘടിപ്പിക്കുക. ഇതാദ്യമായാണ്  ഓണ്‍ലൈന്‍ രീതിയില്‍ നെറ്റ് നടക്കുന്നത്. ഫീസില്‍ നേരിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തിന് 800, ഒ.ബി.സി – 400, എസ്.സി/എസ്.ടി – 200 എന്നിങ്ങനെ ആണ് അപേക്ഷാ ഫീസ്. (നേരത്തെ യഥാക്രമം 1000, 500, 250 എന്നിങ്ങനെ ആയിരുന്നു ഫീസ്). ഡിസംബര്‍ ഒന്‍പത് മുതല്‍ 23 വരെയുള്ള മൂന്ന്‌ ഞായറാഴ്ചകളില്‍ ഷിഫ്റ്റ് അനുസരിച്ചായിരിക്കും പരീക്ഷ. ജനുവരി പത്തിന് ഫലം പ്രഖ്യാപിക്കും.

ഇന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസടയ്ക്കാനുള്ള അവസാന തീയ്യതി ഒകടോബര്‍ ഒന്ന്. ഒക്ടോബര്‍ എട്ട് മുതല്‍ 14 വരെ തെറ്റുകള്‍ തിരുത്താനുള്ള അവസരം നല്‍കും. നവംബര്‍ 19 മുതല്‍ ഹാള്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാകും. പരീക്ഷാ കേന്ദ്രം, തിയ്യതി, സമയം, ഷിഫ്റ്റ് എന്നിവ ഹാള്‍ ടിക്കറ്റില്‍ ഉണ്ടായിരിക്കും.

രണ്ട് പേപ്പറുകളായിരിക്കും ഉണ്ടാവുക. പേപ്പര്‍ ഒന്നില്‍ 50 ചോദ്യങ്ങള്‍. 100 മാര്‍ക്ക്‌. നെഗറ്റീവ് മാര്‍ക്ക് ഇല്ല. ഒരു മണിക്കൂര്‍. പേപ്പര്‍ രണ്ടില്‍ 100 ചോദ്യങ്ങള്‍. 200 മാര്‍ക്ക്. രണ്ട് മണിക്കൂര്‍. കഴിഞ്ഞ തവണ മുതല്‍ മൂന്ന് പേപ്പറുകള്‍ക്ക് പകരം രണ്ടായി ചുരുക്കുകയും സമയം കുറയ്ക്കുകയും ചെയ്തിരുന്നു. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ. രാവിലെ (9.30- 1.30, ഉച്ചയ്ക്ക് 2 – 5.30)

http://ntanet.nic.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here