നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി പറഞ്ഞ രാഷ്ട്രീയം

0
786

നന്ദകുമാര്‍. എന്‍

എല്ലാം കലകളിലും വെച്ച് ഏറ്റവും മഹത്തായ കല സിനിമയാണ് എന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. മറ്റേതൊരു കലയെക്കാളും സിനിമയ്ക്ക് അതിന്റെ പ്രേക്ഷകരോട് വളരെയെളുപ്പം ആശയവിനിമയം നടത്താനാവും. അതുകൊണ്ട് തന്നെയാണല്ലോ ഇന്ത്യയിൽ മറ്റേത് കലകൾക്കും ഇല്ലാത്ത തരത്തിലുള്ള സെൻസറിംഗ് സിനിമയ്ക്ക് മാത്രമായി നിലനിൽക്കുന്നത്. കത്രികയ്ക്ക് പകരം ‘ത്രിശൂലം’ കൊണ്ട് ‘വെട്ടുന്നു’ സെൻസർഷിപ്പിന്റെ കാലത്ത് സിനിമ ഉൾക്കൊള്ളുന്ന കലയെ മാത്രമല്ല അത് മുന്നോട്ടുവയ്ക്കുന്നു രാഷ്ട്രീയത്തെ കൂടി കുറച്ചു കൂടി ഗൗരവത്തിൽ നാം ചർച്ച ചെയ്യേണ്ടതുണ്ട്. അവ സ്ത്രീപക്ഷമൊ, ദളിതപക്ഷമൊ കർഷകപക്ഷമോ, ഇടതുപക്ഷമോ ആണെങ്കിൽ തീർച്ചയായും.

നീലാകാശം പച്ചക്കടൽ ചുവന്നഭൂമിയെന്ന സിനിമ ഇറങ്ങി അഞ്ചു വർഷങ്ങൾക്കിപ്പുറം ഇത് എഴുതുന്നതിനു കാരണം ഈ ചിത്രം മുന്നോട്ടുവയ്ക്കുന്ന കാഴ്ചകളും രാഷ്ട്രീയവും ഇന്നും അത്രത്തോളം പ്രസക്തമായിത്തന്നെ നിലനിൽക്കുന്നു എന്നതുകൊണ്ടാണ്.

നായകനും സുഹൃത്തും ,കാസിയും സുനിയും, കേരളം മുതൽ നാഗാലാന്‍ഡ്‌ വരെ നടത്തുന്ന മോട്ടർസൈക്കിൾ യാത്രയാണ് കഥാപശ്ചാത്തലം. തന്‍റെ പ്രണയത്തിന്റെ ഓർമകളിൽ നിന്നും ഒളിച്ചോടാനായി തുടങ്ങിയ യാത്ര പിന്നീട് തന്റെ പ്രണയം തേടി ഉള്ളതാകുന്നു. ഇതിനിടയിൽ കടന്നുവരുന്നു ഒട്ടേറെ കഥാപാത്രങ്ങളും ഭൂതകാലവും. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കേരളത്തിൽ നിന്നും തുടങ്ങുന്ന യാത്ര തമിഴ്നാടും ആന്ധ്രയും ഒഡീഷയും കടന്നു ബംഗാളിൽ എത്തുമ്പോൾ അവരെ വരവേൽക്കുന്നത് തോക്കേന്തിയ ഗ്രാമീണരാണ്. നായകനേയും സുഹൃത്തിനെയും തോക്കിൻമുനയിൽ നിർത്തുന്ന ഗ്രാമീണർ ഗ്രാമമുഖ്യനെ വിളിച്ചു കൊണ്ടുവരുകയും ശേഷം ഭിമൽ ദാ എന്ന ഗ്രാമമുഖ്യൻ അവരെ അതിഥികളെപ്പോലെ സ്വീകരിക്കുകയും ചെയ്യുന്നു. ബൊമ്മൻഗാട്ടി എന്ന ആ ഗ്രാമം പട്ടിണിയും ദാരിദ്രവും നിറഞ്ഞ ഒരുപാട് ബംഗാൾ ഗ്രാമങ്ങളുടെ ഉദാഹരണമാണ്.

“ഇവിടെ രണ്ടുകൂട്ടരെ ബുള്ളറ്റിൽ വരാറുള്ളൂ ഒന്ന് പോലീസ് മറ്റൊന്ന് മിലിറ്റൻസ്” എന്ന ബിമൽ ദായുടെ വാക്കുകൾ ബംഗാൾ ഗ്രാമങ്ങളിൽ ഇന്നും തളംകെട്ടി നിൽക്കുന്ന ഭീതിയെ വെളിപ്പെടുത്തുന്നതാണ്. ഈ പറയുന്ന മാവോയിസ്റ്റുകൾ എങ്ങനെ പിറവികൊണ്ടു എന്നത് അദ്ദേഹത്തിന്‍റെ വാക്കുകളിൽനിന്ന് നമുക്ക് വായിച്ചെടുക്കാവുന്നതാണ്. അവർ ജീവിച്ചിരുന്ന ഇടങ്ങളിൽനിന്ന് ബോക്സൈറ്റ് ഖനനത്തിനായ് പെട്ടെന്നൊരുനാൾ അവരെ കുടിയിറക്കിയ ബോക്സൈറ്റ് ഖനന കമ്പനിയും ഭരണകൂടവുമാണ് മാവോയിസ്റ്റുകളെ സൃഷ്ടിച്ചത്.

തങ്ങളുടെ അതിജീവനത്തിനായ്, തങ്ങൾ ജീവിച്ച ഇടത്ത് തുടർന്ന് ജീവിക്കാനായി, പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും മോചനം നേടാനായി അവർ തോക്കേന്തി സായുധ വിപ്ലവം നടത്തുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും വകവച്ചുകൊടുക്കാൻ കഴിയാത്തതാണ് ഈ ചെയ്തിയെങ്കിലും, അവരെ കേൾക്കാനോ അവരുന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ ഇന്നുവരെ ഒരു ഭരണകൂടങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഇനിയൊട്ടും കഴിയുകയുമില്ല. കാരണം ബിമൽദായുടെ വാക്കുകൾ തന്നെ കടമെടുത്തു പറഞ്ഞാൽ, “കമ്പനികൾ..കമ്പനികളാണ് ഈ നാട് ഭരിക്കുന്നത്”.

ഇ.എം. എസിനെയും ഇ.എം.എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരത്തിലേറിയ ആദ്യ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെയും അതുപോലെ ഇ.എം.എസ്. കൽക്കട്ടയിൽ വന്നപ്പോൾ കാണാനായി ആവേശത്തോടെ ചെന്ന യൗവനത്തെയും, ‘ബലികുടീരങ്ങളെ..’ എന്ന് വിപ്ലവഗാനത്തേയും ഓർത്തെടുക്കുന്ന ബിമൽ ദാ, കമ്മ്യൂണിസ്റ്റ് സർക്കാർ പരാജയപ്പെട്ട ബംഗാളിലെ പരാജയപ്പെട്ട കമ്മ്യൂണിസ്റ്റിന്‍റെ നെടുവീർപ്പായി മാറുന്നു.

ബംഗാളിൽ നിന്നും ആസാമിൽ എത്തുമ്പോൾ ആസാം കലാപത്തിന്റെ ദൃശ്യങ്ങളാണ് ചിത്രം നമുക്കു നൽകുന്നത്. ഓരോ കലാപത്തിന്റെയും ഏറ്റവും ഭയാനകമായ മുഖം പ്രതിഫലിക്കുന്നത് സ്ത്രീകളിലും കുട്ടികളിലും ആണെന്ന് ഒരുതവണകൂടി ചിത്രത്തിലെ രംഗങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇങ്ങ് ദൈവത്തിൻറെ സ്വന്തം നാട്ടിൽ ജീവിക്കുന്ന കേരളീയർക്ക് തീർത്തും അപരിചിതമാണ് ഇത്തരത്തിലുള്ള കലാപങ്ങൾ.

എന്നാൽ വർഗീയ കലാപങ്ങളുടെ എണ്ണത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് ഇന്ന് നാലാം സ്ഥാനമാണുള്ളത്. സിറിയയ്ക്കും നൈജീരിയക്കും ഇറാക്കിനും പുറകിൽ നാലാം സ്ഥാനം. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏഴായിരത്തിലധികം വർഗ്ഗീയ കലാപങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണമെടുത്താൽ ഈ കലാപങ്ങളുടെ തീവ്രത നമുക്ക് മനസ്സിലാകും. ഇക്കഴിഞ്ഞ നാലുവർഷത്തിനിടയിൽ (2014-17) വർഗ്ഗീയകലാപങ്ങളുടെ തോത് 28% കണ്ട് വർധിച്ചു. അതിനു നേതൃത്വം നൽകുന്നത് വിശുദ്ധ ‘പശുക്കൾ’ എന്ന് അവകാശപ്പെടുന്നവർ തന്നെയാണ്. ഇങ്ങനെ തീർത്തും അശാന്തമായ ഒരു ഇന്ത്യയുടെ ചിത്രം കൂടി സിനിമ നമുക്ക് കാണിച്ച് തരുന്നു.

ആസ്സാമിൽ നിന്നും നായകന്റെ യാത്ര നാഗാലാൻഡിലേക്കാണ്. തന്‍റെ പ്രണയിനിയുടെ അടുത്തേക്ക്. നാഗാലാൻഡിൽ നമ്മൾ കാണുന്നത് ഇന്നും വേട്ടയാടപ്പെടുന്നു നായികയുടെ കുടുംബത്തെയാണ്. തന്റെ അച്ഛൻറെയും അമ്മയുടെയും കൊലപാതകങ്ങൾക്ക് ശേഷവും കലിയൊടുങ്ങാതെ തീവ്രവാദി ഗ്രൂപ്പുകളുടെ വേട്ടയാടൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതൊരു സാധാരണ സംഭവമാണ്. ബോഡോ തീവ്രവാദികളും പലതരത്തിലുള്ള വിഘടനവാദി ഗ്രൂപ്പുകളും വളരെ സജീവമാണ് വടക്ക് കിഴക്കിൽ. അവരെ നേരിടാനായി പലതരത്തിലുള്ള സൈനിക നടപടികളും സർക്കാരുകൾ അവിടെ നടത്തിവരുന്നുണ്ട്. 1958 പാസാക്കിയ AFSPA നിയമം ആദ്യം നാഗാ ഹില്ലിലും പിന്നീട് ഘട്ടംഘട്ടമായി മറ്റ് 7 വടക്കുകിഴക്കൻ സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു.

സൈന്യത്തിനും ഇത്തരം ഗ്രൂപ്പുകൾക്കും ഇടയിൽപ്പെട്ട് ഞെരുങ്ങുന്ന നോർത്തീസ്റ്റ് ജനതയുടെ കഥകൾ പലയിടത്തായി നാം വായിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ഗ്രൂപ്പുകളെയും തീവ്രവാദികളെയും നിലയ്ക്ക് നിർത്താനോ ഉന്മൂലനം ചെയ്യാനോ യഥാർത്ഥത്തിൽ അവിടുത്തെ ഭരണകൂടങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കാരണം രാഷ്ട്രീയപാർട്ടികളുടെ ചട്ടുകങ്ങളായി പല അവസരങ്ങളിൽ അവരെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇന്ന് ദേശീയ പാർട്ടി തന്നെ അത്തരത്തിലുള്ള വിഘടനവാദികളുമായി പരസ്യ സഖ്യത്തിലേർപ്പെട്ട് തിരഞ്ഞെടുപ്പ് വിജയം നേടിയത് നാം ത്രിപുരയിൽ കണ്ടുകഴിഞ്ഞു.

സിനിമയിൽ പലഭാഗങ്ങളിലായി കടന്നുവരുന്നു കഥാപാത്രങ്ങളായ രാഘവേട്ടനിലൂടെയും രാജിയിലൂടെയും കേരളത്തിലേക്കും വിരൽചൂണ്ടുന്നുണ്ട് സിനിമ. രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളായി ജീവിതം തുലച്ച രാഘവേട്ടൻമാർ ഇന്നും കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഇന്നലത്തെ വിദ്യാർഥി ആത്മഹത്യ രാജിയുടെതാണെങ്കിൽ ഇന്നത് ജിഷ്ണു പ്രണോയി മാറിയിരിക്കുന്നു.

അങ്ങനെ ഒരു റോഡ് മൂവി അല്ലെങ്കിൽ ഒരു പ്രണയ ചിത്രം എന്നതിലുപരി നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ഒരുപാട് കാര്യങ്ങൾ നമ്മളുമായി സംവദിക്കുന്നു. സിനിമ പറയുന്ന രാഷ്ട്രീയവും കാഴ്ചകളും കുറച്ചുകൂടി വ്യക്തമായി നാമിന്ന് നേരിൽ കണ്ടു കൊണ്ടിരിക്കുന്നു. ഇന്നത്തെ ഇന്ത്യയിൽ ഒരിക്കൽക്കൂടി ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് വർഷങ്ങൾക്കുമുമ്പ് സമീർ താഹിർ തന്റെ സിനിമയിലൂടെ പറഞ്ഞത്.

നമ്മൾ ഈ സിനിമ ഒരിക്കൽ കൂടി കാണേണ്ടതുണ്ട്, ചർച്ചചെയ്യേണ്ടതുണ്ട്. കാരണം കാസിയും അസ്സിയും രാഘവേട്ടനും ബിമൽ ദായുമൊക്കെ ഇന്നും അതുപോലെതന്നെ ഇന്ത്യയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here