നായാട്ട് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റിൽ

0
381
Malayalam movie Nayattu in oscar entry short list

ഓസ്‌കാര്‍ നോമിനേഷന് സമര്‍പ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിംഗ് പുരോഗമിക്കുന്നു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘാടകരായാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കണ്ടെത്താനുള്ള വിധി നിര്‍ണയം കൊല്‍ക്കത്തയില്‍ നടക്കുന്നത്. പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രമാണ് മലയാളത്തില്‍നിന്ന് ഓസ്‌കാര്‍ എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്ളത്. യോഗി ബാബു കേന്ദ്രകഥാപാത്രമായ തമിഴ് ചിത്രം മണ്ടേല, വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകന്‍ ഉദ്ധം സിംഗിന്റെ ബയോപിക് എന്നിവയും മത്സരിക്കുന്നുണ്ട്.

15 അംഗ ജൂറിക്ക് മുന്നില്‍ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാര്‍ച്ച് 24ന് നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമര്‍പ്പിക്കപ്പെടും. ഓസ്‌കാര്‍ എന്‍ട്രിയായി സമര്‍പ്പിക്കപ്പെടുന്ന ചിത്രം നോമിനേഷന്‍ പട്ടികയില്‍ ഇടം കണ്ടെത്തിയാല്‍ മാത്രമേ പുരസ്‌കാരത്തിന് മല്‍സരിക്കാന്‍ യോഗ്യത നേടുകയുള്ളൂ.

ഷാഹി കബീറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത “നായാട്ട്” പാന്‍ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സര്‍വൈവല്‍ ഡ്രാമയാണ്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഷൈജു ഖാലിദ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടായിരുന്നു 2020ല്‍ ഇന്ത്യയുടെ ഓസ്‌കാറിലേക്കുള്ള ഔദ്യോഗിക എന്‍ട്രി. ജല്ലിക്കെട്ടിന് പക്ഷേ നോമിനേഷനില്‍ ഇടം നേടാനായില്ല. 2019ല്‍ ഗള്ളി ബോയ്, 2018ല്‍ വില്ലേജ് റോക്ക് സ്റ്റാര്‍സ്, 2017ല്‍ ന്യൂട്ടണ്‍, 2016ല്‍ വിസാരണൈ എന്നീ സിനിമകളാണ് ഔദ്യോഗിക എന്‍ട്രികളായി അയക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here