കേരള ചരിത്രത്തിലേക്ക് ആഴ്ന്നു പോകുന്തോറും അത്ര രസകരമായ ചിത്രങ്ങളല്ല ലഭിക്കുക. മാറ്റി നിര്‍ത്തപ്പെട്ടവന്റെ വേദനയും കണ്ണീരും വീണ് രൂപപ്പെട്ട ചരിത്രം, സവർണ്ണ ചരിത്രമായി മാറ്റി എഴുതിയതിന്റെ ചിത്രമാണ്. ആ ചിത്രങ്ങളില്‍ നിന്നും യഥാര്‍ത്ഥ ചരിത്രം ചികയുക എന്നത് വളരെ പാടുള്ള കാര്യമാണ്. കണ്ടെടുത്ത ചരിത്രത്തെ ദൃശ്യവത്കരിക്കുക എന്നത് അതിനെക്കാള്‍ പ്രയാസവും. പെണ്‍ക്കരുത്തിന്റെ ആള്‍രൂപമായ നങ്ങേലിയുടെ ചരിത്രം സിനിമയാകുയാണ്. സംവിധായകന്‍ വിനയന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. കലാഭവൻ മണിയുടെ കഥപറയുന്ന “ചാലക്കുടിക്കാരന്‍ ചങ്ങാതി” എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞാല്‍ പുതിയ ചിത്രത്തിലേക്ക് കടക്കുമെന്ന് വിനയന്‍ പറയുന്നു.
“വളരെ വർഷങ്ങളായി ചലച്ചിത്രമാക്കണമെന്നു മനസ്സിൽ ആഗ്രഹിക്കുകയും, പക്ഷേ സത്യസന്ധമായ ചരിത്രം പറഞ്ഞാൽ ചില ചരിത്ര ബിംബങ്ങൾ ഉടഞ്ഞു വീഴുമെന്നും അതുകൊണ്ടു തന്നെ വിവാദമാകുമെന്നും പലരും പറഞ്ഞതിനാൽ മാറ്റി വയ്ക്കപ്പെട്ട ലോകം കണ്ടതിലേറ്റവും വലിയ സ്ത്രീ വിമോചന നായികയുടെ കഥ ഒടുവിൽ ഞാൻ സിനിമ ആക്കാൻ തീരുമാനിച്ചു. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരം വരെ എത്തിയ കേരളത്തിലെ ധീര വനിതയുടെ പേരാണ് “നങ്ങേലി”, ഇന്ത്യയിലെ ആദ്യത്തെ വിപ്ലവ നായിക. സ്ത്രീയുടെ ആത്മാഭിമാനത്തിനു വേണ്ടിയും മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയും തൻറെ യൗവ്വന കാലം മുഴുവൻ പൊരുതി മുപ്പതാം വയസ്സിൽ ജീവത്യാഗം ചെയ്ത ചേർത്തലയിലെ ആ അവർണ്ണ സുന്ദരി നങ്ങേലിയുടെ കഥ നമ്മുടെ ചരിത്രകാരന്മാർ തമസ്കരിച്ചത് യാദൃശ്ചികമല്ല. മുലച്ചിപ്പറമ്പിലെ നങ്ങേലിയുടെയും സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിളിച്ച ആ കാലഘട്ടത്തിൻെറയും ചരിത്രം പറഞ്ഞാൽ നമ്മുടെ ചരിത്രകാരന്മാർ രാജ്യസ്നേഹികളെന്നും, നീതിമാന്മാരെന്നും വിശേഷിപ്പിച്ചിരുന്ന പൊന്നു തമ്പുരാക്കന്മാരെയും ദളവമാരെയും അവരുടെ അലങ്കാര വേഷങ്ങൾ അഴിച്ചു വച്ച് ചരിത്രത്തിൻെറ മുന്നിൽ നഗ്നരായി നിർത്തേണ്ടി വരും. അതിനവർ തയ്യാറല്ലായിരുന്നു. അതാണു സത്യം!
മധുരയിലെ പാണ്ഡ്യ രാജാവിന്‍റെ മുന്നിൽ മുല പറിച്ച് നിലത്തടിച്ച് പ്രതികാര ദുർഗ്ഗയായി മാറി മധുരാ നഗരം ചുട്ടെരിച്ച കണ്ണകിയെപ്പോലെ തൻെറ സഹോദരിമാരുടെ മാനം കാക്കാൻ സ്വയം കണ്ണകിയായി മാറുകയായിരുന്നു നങ്ങേലി. നങ്ങേലിയുടെ പോരാട്ടത്തിൻെറയും പ്രണയത്തിൻെറയും പ്രതികാരത്തിൻെറയും കഥയാണ് “ഇരുളിൻെറ നാളുകൾ”. ചിത്രത്തിൻെറ ഷൂട്ടിംഗ് താമസിയാതെ തുടങ്ങും.”
“ഇരുളിൻെറ നാളുകള്‍” ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരിക്കും എന്ന് വിനയന്‍ കൂട്ടി ചേര്‍ക്കുന്നു.