മന്ത്രിപരിചയം
ഡോ.എ.കെ.അബ്ദുൽ ഹക്കീം.
മോറാഴയുടെ വിപ്ലവമണ്ണിൽ നിന്നും സി. പി. ഐ . എം കേന്ദ്ര കമ്മറ്റി വരെ ഉയർന്ന കമ്യൂണിസ്റ്റു കാരനാണ് എം.വി ഗോവിന്ദൻ മാസ്റ്റർ . അര നൂറ്റാണ്ട് കാലത്തെ അനുഭവ പരിചയവുമായാണ് ഗോവിന്ദൻ മാഷ് സംസ്ഥാന മന്ത്രിസഭയിൽ അംഗമാവുന്നത്. പത്ത് വർഷക്കാലത്തെ കായികാധ്യാപകൻ എന്നതിലുപരി, പാർട്ടി ക്ലാസുകളിലെ സൈദ്ധാന്തികൻ എന്ന നിലയ്ക്കാണ് മാഷ് എന്ന വിശേഷണം അദ്ദേഹത്തിന് എല്ലാവരും നൽകിയത്.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിലെ കാർക്കശ്യം, അതുല്യമായ സംഘാടന പാടവം എന്നിവയാണ് മാഷിന്റെ എടുത്തു പറയേണ്ട സവിശേഷതകൾ. പാർട്ടിക്കുള്ളിലെ കാർക്കശ്യം പക്ഷെ നാട്ടുകാരോടില്ല. നാട്ടുകാർക്കിടയിൽ പ്രിയങ്കരനാണ് ഗോവിന്ദൻ മാഷ്. ആർക്കും എപ്പോഴും കടന്നുചെല്ലാവുന്ന പ്രകൃതം. സൗമ്യമായ സാന്നിദ്ധ്യവും സംസാരവും. കമ്മ്യൂണിസ്റ്റ് കർഷക പോരാട്ട ഭൂമിയായ മോറാഴയുടെ സമര പാരമ്പര്യമാണ് എം വി ഗോവിന്ദൻ മാസ്റ്റർ എന്ന നേതാവിനെ രൂപപ്പെടുത്തിയത്.
ബാലസംഘത്തിലൂടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനം. പ്രതികൂല ജീവിതസാഹചര്യങ്ങളോട് പൊരുതിയാണ് മാഷ് സ്വന്തം വഴികൾ വെട്ടിത്തെളിച്ചത്. യുവജന, കർഷക പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ നിന്നുകൊണ്ട് ഗോവിന്ദൻ മാഷ് നേതൃത്വം നൽകിയ പോരാട്ടങ്ങൾക്ക് കണക്കില്ല.
നല്ല വായനക്കാരൻ കൂടിയാണ് ഗോവിന്ദൻ മാഷ്. മോറാഴ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി പ്രവർത്തിക്കുക കൂടി ചെയ്ത മാഷിന്റെ വായനയുടെ വൈപുല്യം അമ്പരപ്പിക്കുന്നതാണ്. ചെറുപ്പം മുതലേ ഉള്ള ഈ വായന, പ്രാസംഗികൻ എന്ന നിലയിലും പാർട്ടി സൈദ്ധാന്തികൻ എന്നനിലയിലും അദ്ദേഹത്തിന് മുതൽക്കൂട്ടായി.
മോറാഴയിലെ പരേതനായ കെ.കുഞ്ഞമ്പുവിന്റെയും എം.വി. മാധവിയുടേയും മകനായ എം.വി. ഗോവിന്ദൻ മാസ്റ്റർ 1970ലാണു പാർട്ടി മെംബറായത്. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റായും പിന്നീടു സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ രൂപീകരണത്തിനു മുന്നോടിയായി നിയമിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിലും അംഗമായിരുന്നു. ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോൾ ആദ്യ സംസ്ഥാന പ്രസിഡന്റായി മാഷ് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സംസ്ഥാന സെക്രട്ടറിയുമായി. അവിഭക്ത കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദനവും അനുഭവിച്ചു. 1991ൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിലെത്തി.
2002 മുതൽ 2006 വരെ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 2006 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. ഇതിനിടെ രണ്ടു തവണ – 1996ലും 2001ലും – തളിപ്പറമ്പിൽനിന്നു നിയമസഭയിലെത്തി. കുറച്ചു കാലം ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.
സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ മുനിസിപ്പാലിറ്റി ചെയർ പേഴ്സണുമായ പി.കെ. ശ്യാമളയാണു ഭാര്യ. ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ശ്യാംജിത്ത്, അഭിഭാഷകനായ രംഗീത് എന്നിവരാണ് മക്കൾ. മരുമകൾ: സിനി. കൊച്ചുമകൻ: വിഥാർത്ഥ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക