അൻപോട്‌ മമ്മൂക്ക! ഉജ്ജ്വലം റാം, ഈ സിനിമ!

0
357

സച്ചിൻ എസ്. എൽ

പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം ഈ പ്രപഞ്ചം തന്നെയാണ്. അല്ലെങ്കിൽ പ്രകൃതിയാണ്. ആ പ്രകൃതി തന്നെ ഒരോ ജീവന്റെയും ആധാരം നിർണയിക്കുന്നു.
സ്വയം പര്യാപ്തമായവരെ അല്ലെങ്കിൽ സ്വയ പ്രാപ്തി ഉള്ളവരെ മാത്രമേ പ്രകൃതി തനിക്കനുയോജ്യരായി കണക്കാക്കുന്നുള്ളൂ. ഈ പ്രകൃതി നിയമം ശരിയെങ്കിൽ അമുദവനും, പാപ്പായും ഈ പ്രകൃതിയിലെ നിലനിൽപ്പിന് അർഹതയുള്ളവരാണ്. ഉയിർത്തെഴുന്നേൽപ്പ്‌ സാധ്യമാകുന്ന ഒരോ ജീവനെയും പിന്നീടങ്ങോട്ട്‌ പ്രകൃതി കാത്ത്‌ പോരും. മറിച്ചിട്ടാൽ തീരാത്ത അദ്ധ്യായങ്ങളുള്ള ജീവിതം ഉയർച്ച താഴ്ചകളുടേതാണ്. തിരിച്ചറിവുകളുടേതാണ്.

ഇപ്രകാരം പറഞ്ഞവയോരോന്നും പേരൻപ്‌ എന്ന പ്രതിഭാസ സിനിമയിൽ പ്രതിഫലിച്ച്‌ നിൽക്കുന്നു.

നിശബ്ദത കെട്ടിക്കിടന്ന താഴ്‌വരയും ശ്രവണമാധുര്യമില്ലാത്ത പാപ്പായുടെ ശബ്ദവും അമർഷവും ദേഷ്യവും ഒപ്പം സ്നേഹവും പ്രകടിപ്പിച്ച അമുദവന്റെ സ്വരവും അവർക്കിടയിൽ വന്ന് പോയ ഒട്ടനവധി മുഖങ്ങളുടെ പല ജാതി ധ്വനികളും പലപ്പോഴും നിശ്ചലമായി നിന്ന ഫ്രെയിമുകളും ഒരു കഥ പറഞ്ഞു. ഇത്‌ വരെ ആരും കേൾക്കാത്തൊരു കഥ. ആർക്കും രസിക്കാത്ത ഒരു കഥ. അറപ്പും വെറുപ്പും ദേഷ്യവും ഒടുക്കം കരയാനും പ്രേരിപ്പിച്ചൊരു കഥ. തികച്ചും അപ്രിയമായ ഒരു ജീവിത കഥ.

അമുദവൻ എന്ന അച്ഛനും, പാപ്പാ എന്ന പെൺകുട്ടിയും എത്ര പ്രേക്ഷകരുടെ സഹതാപമിരന്നു വാങ്ങി എന്നതറിയില്ല! എത്രപേരിൽ ദേഷ്യത്തിന്റെ വേരുകളിറക്കി എന്നതും അറിവില്ല!
ഒന്നുറപ്പാണ് ജീവിതത്തിന്റെ ഏറ്റവും മലിനാവസ്ഥകൾ കാട്ടിത്തന്ന പേരൻപ്‌ ഒരു പ്രേക്ഷകരിലും പൂർണ മാനസിക തൃപ്തി നൽകാൻ സാധ്യതയില്ല.

കേവലം വ്യക്തി എന്ന സമൂഹജീവിക്ക്‌ അപ്രീതിയുണ്ടാക്കുന്ന പലതും സിനിമാ കാഴ്ചയിൽ ഉൾപ്പെട്ടിട്ടുണ്ട്‌. ഈ കാഴ്ചകളുടെ കുറ്റമറ്റ രീതിയിലുള്ള ദഹനം അതെല്ലാവരിലും ഒരേപോലെ നടപ്പിലാകാൻ സാധ്യതയില്ല.

കാരണം സിനിമ പറഞ്ഞത്‌ ആരും കാണാൻ കൂട്ടാക്കാത്ത ജീവിതത്തിന്റെ ചില വശങ്ങളാണ്. അതിന് പാത്രമായത്‌ അമുദവനും പാപ്പായും! ഈ സമൂഹം കണ്ട്‌ ശീലിച്ച അച്ഛൻ കൺസെപ്റ്റിനെ വകഞ്ഞ്‌ മാറ്റിയ അമുദവൻ ഒരു പക്ഷേ ചിലർക്ക്‌ ഏറ്റവും നല്ല അച്ഛനായേക്കാം എന്നാൽ മെൻസ്ട്രേഷൻ എന്ന സ്ത്രീ ജീവിതചര്യയുടെ തുറന്ന വശം കാണിച്ചപ്പോൾ, തന്റെ മകൾക്ക്‌ പാഡ്‌ സ്ഥിരമായി മാറ്റിക്കൊടുത്തു കൊണ്ടിരുന്ന അമുദവൻ എത്ര അച്ഛന്മാരുടെ പ്രശംസ പിടിച്ചു പറ്റി?

തന്റെ സ്വാർത്ഥ താൽപര്യം വിജയിക്കാൻ സ്പാസ്റ്റിക്സ്‌ പരാലിസിസ്‌ ബാധിച്ച തന്റെ മകളെയും കൂട്ടി ഒറ്റപ്പെട്ട ഒരിടത്തേക്ക്‌ താമസം മാറ്റിയ അച്ഛന്റെ തീരുമാനത്തെ എത്ര പേർ അനുകൂലിക്കും?

പത്ത്‌ വർഷത്തോളം തന്റെ ഭാര്യയേയും അസുഖ ബാധിതയായ മകളെയും നാട്ടിൽ വിട്ട്‌ അന്യദേശത്ത്‌ പിരിമുറുക്കമില്ലാത്ത സ്വൈര്യജീവിതത്തിനു പോയ അമുദവനെ ഭാര്യമാരായ ഏതെങ്കിലും പ്രേക്ഷകർ അംഗീകരിക്കുമോ?

ഒടുക്കം സ്വന്തം ജീവിതം നോക്കി മറ്റൊരാളുടെ കൂടെ ഒളിച്ചോടിയ ആ അമ്മയെ ലിംഗഭേദമന്യേ നമ്മുടെ സമൂഹത്തിലെ ആരെങ്കിലും അംഗീകരിക്കാൻ സാധ്യതയുണ്ടോ? അത്‌ കൊണ്ടാവണം സിനിമയിൽ ഒരിക്കൽപോലും അവരുടെ മുഖം കാണിക്കാൻ സംവിധായകൻ തുനിഞ്ഞിട്ടില്ല.

തന്റെ മകൾക്ക്‌ ലൈംഗീക ഇച്ഛാപൂർത്തി ലഭ്യമാകാൻ ആൺ ലൈംഗീകത്തൊഴിലാളിയെ
തേടിപ്പോകുന്ന ആ അച്ഛന്റെ മുഖത്തേക്ക്‌ എത്ര പേർ കാർക്കിച്ച്‌ തുപ്പി?

ഒടുക്കം ദുരിതം നിറഞ്ഞ ജീവിതാമർഷങ്ങൾ കടലിൽ ഹോമിക്കാൻ തുനിഞ്ഞ ഇവർ ഒരു പക്ഷേ ആ ഒരു നിമിഷത്തേക്ക്‌ പ്രേക്ഷകസഹതാപത്തിന്റെ പരകോടിക്കണ്ണീർ ഏറ്റുവാങ്ങിയിരിക്കണം!

എന്നാൽ പുനരുജ്ജീവനം സാധ്യമാക്കിയ ലൈംഗീകത്തൊഴിലാളിയും ട്രാൻസ്ജെൻഡറുമായ മീരയെ ഭാര്യയാക്കിയ അമുദവനെ അറപ്പോടു കൂടി മാത്രമേ പ്രേക്ഷകർ നോക്കിക്കാണുകയുള്ളൂ…!

പേരൻപ്‌ യാഥാർത്ഥ്യമാണ്. ഈ സമൂഹത്തിന് അനിർവ്വചനീയമായ നവോത്ഥാന ചിന്തയാണ്. പ്രേക്ഷകപ്രതികരണത്തിൽ ഉയർന്ന് നിന്നത്‌ ഈ സിനിമ കാണിച്ച്‌ തന്ന രണ്ട്‌ കഥാപാത്രങ്ങളുടെ ജീവിതകഥ കണ്ടറിഞ്ഞപ്പോഴുള്ള സഹതാപതരംഗം മാത്രമാണ്.

പക്ഷേ സിനിമ പുറപ്പെടുവിച്ച നവോത്ഥാന ചിന്തകൾ ഒരാളുടെ മനസിലേക്കും കയറിച്ചെല്ലില്ല എന്നത്‌ വാസ്തവം! അമുദവൻ പ്രതീകമാണ്, തന്റെ ജീവിതത്തിനാൽ അയാൾ കൈക്കൊണ്ട പ്രകൃതി വിരുദ്ധതയെന്ന് പലരാൽ വ്യാഖ്യാനിക്കപ്പെടുന്ന നവോത്ഥാന ചിന്തകൾ ഉൾക്കൊണ്ടതിൽ.

മലയാളത്തിന്റെ മഹാനടന്റെ നടനപ്രഭാവം അമുദവനിൽ തെളിഞ്ഞുകാണാം. തന്റെ നടനസപര്യയിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ കഥാപാത്രങ്ങളിൽ ഒന്നാമതുണ്ടാവും അമുദവൻ.

സംവിധായകൻ റാമിന്റെ തന്നെ തങ്കമീന്‍കളിലൂടെ സിനിമയില്‍ എത്തിയ സാധനയാണ് പേരൻപിൽ അമുദവന്റെ മകളായി എത്തിയിരിക്കുന്നത്. അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള കഥാപാത്രത്തെ പൂര്‍ണമായും തന്നിലേക്ക് സ്വാംശീകരിച്ചിരിക്കുകയാണ് സാധന.
സ്പാസ്റ്റിക് പരാലിസിസിലൂടെ സഞ്ചരിക്കുന്ന കൗമാരക്കാരിയെ അവതരിപ്പിക്കാന്‍ ശാരീരികമായും മാനസികമായും കഠിനപ്രയത്‌നം തന്നെയാണ് ഈ പെണ്‍കുട്ടി ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും സാധനയും തമ്മിലുള്ള രസതന്ത്രമാണ് പ്രേക്ഷകരില്‍ വൈകാരികമായ ഭാരമേല്‍പ്പിക്കുന്നത്.

പ്രകൃതിയുടെ വിവിധഭാവങ്ങളിലൂടെ സിനിമയെ കൊണ്ടുപോകുന്നതില്‍ സംവിധായകനൊപ്പം വലിയ പങ്കുവഹിച്ചിരിക്കുന്നത് തേനി ഈശ്വര്‍ എന്ന ഛായാഗ്രാഹകനാണ്. ചലനമില്ലാത്ത ചില ഷോട്ടുകളിലൂടെ പ്രകൃതിയുടെ ചലനങ്ങളൊക്കെ കൃത്യമായി ഒപ്പിയെടുത്ത  ഛായാഗ്രാഹകൻ തേനി ഈശ്വര്‍ സിനിമയുടെ ആത്മാവിനോട്‌ ഏറെ ചേർന്ന് നിൽക്കുന്നു.

മീര എന്ന ട്രാൻസ്ജെൻഡർ ലൈംഗീകത്തൊഴിലാളിയുടെ വേഷം അവതരിപ്പിച്ച അഞ്ജലി അമീർ ആ കഥാപാത്രത്തിലൂടെ സിനിമയിലെ മർമ്മപ്രധാനമായ വഴിത്തിരിവിന്റെ ഭാഗമായി. സ്വജീവിതത്തിലും വ്യക്തിത്വത്തിലും അവർ ഒരു ട്രാൻസ്‌ യുവതിയാണെന്നുള്ളത്‌ ഗൗരവമേറിയ വാസ്തവമാണ്.

ഇങ്ങനെ പ്രതിഭ സമന്വയിച്ച പേരൻപ്‌ ഇനി ഇന്ത്യൻ സിനിമയിലെ പ്രതിഭാസമാണെന്ന കാര്യത്തിൽ സംശയമേതുമില്ല. ഇതിനുമപ്പുറത്തേക്ക്‌ സംവിധായകൻ റാമിന്റെ മികവ്‌ വാക്കാലേ എഴുതിപ്പിടിപ്പിക്കാൻ എനിക്ക്‌ അറിവുമില്ല!

LEAVE A REPLY

Please enter your comment!
Please enter your name here