വടകര: ഇൻഡോർ സ്റ്റേഡിയത്തിന് വേണ്ടി 38 മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ടു മടപ്പള്ളി ഗവ: കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം സംഗമം നടത്തി. ശ്രീജേഷ് നെല്ലിക്കോട് (ജില്ലാ കോർഡിനേറ്റർ, ഫ്രൻസ് ഓഫ് നേച്ചർ) ഉദ്ഘാടനം ചെയ്തു.
ഇൻഡോർ സ്റ്റേഡിയത്തിന് വേണ്ടി RUSA യാണ് 2 കോടി രൂപ പാസ്സാക്കിയത്. അതിന്റെ പ്രാഥമിക ഘട്ടമെന്ന നിലക്ക് 75 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് ഇപ്പോൾ നടക്കേണ്ടത്. കോളേജ് കോമ്പൗണ്ടിൽ സ്റ്റേഡിയത്തിന് അനുയോജ്യമായ നിരപ്പായ മറ്റു സ്ഥലങ്ങൾ ഇല്ല എന്നതാണ് കോളേജ് അധികൃതരുടെ ഭാഷ്യം.
അക്വേഷ്യയാണ് വെട്ടാൻ പോവുന്ന 38 മരങ്ങളും എന്ന രീതിയിലുള്ള തെറ്റിധാരണയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഞ്ഞ വാക, ചുവപ്പ് വാക, പ്ലാവ്, ഞാവല്‍, മഹാഗണി, മരുത്, ആല്‍ മരം, ചമത, വേഗന, മുള്ളുവേങ്ങ, ചെമ്പകം, കുന്നിമരം, ഊങ്ങ്, മന്ദാരം, കുടംപുളി, ഇടല തുടങ്ങി 16 ഇനം മരങ്ങളാണ് ടെണ്ടർ ഏറ്റെടുത്ത സ്വകാര്യ ഏജൻസി നമ്പർ ഇട്ട് പോയത്.
പാസ്സായ ഫണ്ട് ലാപ്സ് ആവാതെയിരിക്കാൻ മരങ്ങൾ മുറിച്ചിട്ടാണെങ്കിക്കും സ്റ്റേഡിയം വരട്ടെ എന്ന് ചിന്തിക്കുന്നവർ നഷ്ടപ്പെടുന്ന വലിയ ആവാസ വ്യവസ്ഥയെപ്പറ്റി ബോധവാന്മാർ ആവുന്നില്ല. കോളേജ് കൗൺസിലോ അധ്യാപകരോ അറിയാതെയാണ് സ്വകാര്യ ഏജൻസി മരങ്ങൾ അടയാളപ്പെടുത്തി പോയത് എന്നാണ് അധ്യാപകർ പറയുന്നത്.
ജില്ലാ ഫോറസ്ററ് ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ടു യാതൊരു അനുമതിയും നൽകിയിട്ടില്ല എന്നും ജില്ലാ ഓഫീസിൽ നിന്ന് അധികൃതർ വന്ന് സന്ദർശിച്ച ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാവുകയുള്ളൂ എന്ന അറിയിപ്പാണ് ലഭിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഇൻഡോർ സ്റ്റേഡിയത്തിന് തങ്ങളാരും എതിരല്ല, അത് പക്ഷെ വർഷങ്ങളുടെ പരിശ്രമം കൊണ്ട് ഉണ്ടാക്കിയെടുത്ത ബൊട്ടാണിക്കൽ ഗാർഡൻ നശിപ്പിച്ചു കൊണ്ടാവരുതെന്ന ആശങ്കയാണ് വിദ്യാർത്ഥികൾ പ്രകടിപ്പിക്കുന്നത്. എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരുമടക്കം നൂറോളം പേർ പങ്കെടുത്തു.