മക്കൾ സെൽവൻ വിജയ് സേതുപതി സംവിധായകൻ എസ്.പി. ജനനാഥനുമായി കൈകോർക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ലാബം’. ചിത്രത്തിൽ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. ശ്രുതി ഹാസനാണ് ‘ലാബം’ സിനിമയിലെ നായിക.
‘ലാബം’ സിനിമയിലെ വിജയ് സേതുപതിയുടെ ഒരു ക്യാരക്ടറിന്റെ ലുക്ക് പുറത്തുവന്നിട്ടുണ്ട്. ഇതുവരെയുളള തന്റെ സിനിമകളിൽനിന്നും വളരെ വ്യത്യസ്ത ലുക്കിലാണ് വിജയ് സേതുപതിയെ കാണാൻ കഴിയുക.
അടുത്തിടെ ഒരു അഭിമുഖത്തിൽ ചിത്രത്തിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. പാക്കിരി എന്നാണ് വിജയ്‌യുടെ ഒരു കഥാപാത്രത്തിന്റെ പേര്. കർഷക യൂണിയന്റെ നേതാവും, നീതിക്കു വേണ്ടി പോരാടുകയും ചെയ്യുന്ന വ്യക്തിയാണ് പാക്കിരിയെന്ന് സംവിധായകൻ പറഞ്ഞു.
ജഗപതി ബാബുവാണ് ലാബം സിനിമയിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. ഡി.ഇമനാണ് സംഗീതം. ഓഗസ്റ്റോടെ ചിത്രത്തിന്റെ ഷൂട്ടിങ് തീർന്ന് 2020 ആദ്യത്തോടെ റിലീസ് ചെയ്യാനാണ് നീക്കം.