കുഞ്ഞിരാമായണത്തിന്റെ വാത്മീകി

0
434
bhagyasree-deepu-pradeep-wp

സിനിമ

അഭിമുഖം
ദീപു പ്രദീപ് / ഭാഗ്യശ്രീ രവീന്ദ്രൻ

2010, ജൂലൈ 3. നട്ടപ്പാതിര
. മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് കാലടി എന്ന ഗ്രാമം.
പത്തൊമ്പതാമത്‌ ഫിഫാ  ലോകകപ് ക്വാർട്ടർ ഫൈനൽ മത്സരം നടക്കുന്ന സമയം. ജർമനിയുടെ കടുത്ത ആരാധകൻ ആയ ദീപു പ്രദീപ് എന്ന ഇരുപതുകാരൻ  നാട്ടിലെ ക്ലബ്ബിൽ നിന്ന് അർജന്റീന -ജർമ്മനി ക്വാർട്ടർ ഫൈനൽ മത്സരം കാണുകയാണ്.  നാട്ടിൽ അറിയപ്പെടുന്ന ജർമ്മനി ആരാധകർ ആകെ രണ്ടേരണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ. മത്സരത്തിൽ  0-4  നു അർജന്റീന ജർമ്മനിയോട് തോറ്റു. തലേന്ന് തോറ്റുപുറത്തായ തങ്ങളെ കളിയാക്കിയ അർജന്റീനക്കാരെ ലോകകപ്പിൽ നിന്ന് പുറത്താക്കിയത്തിന്റെ സ്നേഹംകൊണ്ട്  ബ്രസീൽ ഫാൻസ്‌, ജർമൻ ഫാൻസിനെ എടുത്തുയർത്തി ആഹ്ലാദപ്രകടനം നടത്തി.  ജർമ്മനിയുടെ ജയവും, ആ ആഘോഷവും കഴിഞ്ഞപ്പോ ഇന്ന് തന്റെ ദിവസമാണ് എന്ന് ദീപുവിന് തോന്നി. രാത്രി ഒരുമണിക്ക് അവിടുന്നുള്ള വീട്ടിലേക്കുള്ള നടത്തം പക്ഷെ ചെന്നവസാനിച്ചത് ഒരു കല്യാണ വീടിന്റെ മുന്നിലാണ്. ഇത്രയും നാൾ മനസ്സിലൊളിപ്പിച്ച പ്രണയം പിറ്റേന്ന് വിവാഹിതയാവാൻ പോകുന്ന പെൺകുട്ടിയോട് തുറന്നു പറയുക എന്നതാണ് ലക്ഷ്യം. ഒന്നിനും വേണ്ടിയല്ല . വെറുതെ, വെറുതെ ഒന്നിഷ്ടം ആണെന്ന് പറയുക, ആ മുഖത്തെ അമ്പരപ്പ് നോക്കി നിൽക്കുക…. പിറ്റേന്ന് കല്യാണപ്പന്തലിൽ തന്നെ ഒളികണ്ണാൽ നോക്കുന്ന മണവാട്ടിയെ നോക്കി വിഷാദത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി നൽകുക. അങ്ങനെ വളെരെ ചെറിയ ആഗ്രഹങ്ങളുമായി  രണ്ടും കല്പിച്ചു സങ്കൽപ്പകാമുകിയുടെ വീട്ടുപടിക്കൽ എത്തിയപ്പോൾ ഭാഗ്യത്തിന്  കഥാനായകന്റെ തലയിൽ ബൾബ് കത്തി. അതുകൊണ്ട് മാത്രം  നാട്ടുകാരുടെ  തല്ലുകിട്ടാതെ രക്ഷപ്പെട്ടു. അങ്ങനെ, ബോധോദയം വന്ന  കഥാനായകൻ  നിലാവത്തു തിരികെ വീട്ടിലേക്കു നടക്കുമ്പോൾ  ‘ലാലു’ എന്ന കഥാപാത്രം എവിടെനിന്നോ മുന്നിൽ വന്നു നിന്നു, ‘പാതിരാത്രിയിലെ പ്രേമം’ എന്ന കഥ അവിടെ ജനിച്ചു. ദീപു ഉൾപ്പെടെ ഒരുപാടു പേരുടെ ജീവിതം മാറ്റിമറിച്ച “കുഞ്ഞിരാമായണം” ഇവിടെ തുടങ്ങുന്നു.

28.ഓഗസ്റ്റ് 2015. ദീപു പ്രദീപ് എന്ന 24 കാരൻ  ബ്ലോഗിൽ പബ്ലിഷ് ചെയ്ത  അഞ്ചു കഥകളെ കോർത്തിണക്കി തിരക്കഥ എഴുതിയ “കുഞ്ഞിരാമായണം” റിലീസ് ചെയ്യപ്പെട്ടു. ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തിനു മികച്ച  സ്വീകാര്യതയാണ് കേരളത്തിലുടനീളം ലഭിച്ചത്. വിനീത് ശ്രീനിവാസന്‍,  അജു വര്‍ഗീസ്,  ധ്യാന്‍ ശ്രീനിവാസൻ , ഹരീഷ് കണാരൻ, ബിജു മേനോന്‍ തുടങ്ങി വൻതാരനിര അണിനിരന്ന കുഞ്ഞിരാമായണം 2015 ലെ ഓണക്കാല റിലീസുകളിൽ  ജനപ്രിയ  ചിത്രമായി മാറി. ദേശം എന്ന സാങ്കല്പിക ഗ്രാമവും അവിടുത്തെ  ആളുകളും അന്ധവിശ്വാസങ്ങളും  പ്രശ്നങ്ങളുമൊക്കെ ചേർന്ന് മലയാളത്തിന്  ചിരിയുടെ പുതിയൊരു  രാമായണം  കൂടെ ലഭിച്ചു.   5 വർഷങ്ങൾക്കു ശേഷവും സൽസക്കുഞ്ഞിരാമനും, ലാലുവും, വെൽഡൺ വാസുവും, കട്ട്പീസ് കുട്ടനും അവരുടെ തമാശകളും പ്രശ്നങ്ങളുമൊക്കെ നമ്മുടെ വിശ്രമമുറികളെ സജീവമാക്കുന്നു. ദേശത്തെയും അവിടുത്തെ കുഞ്ഞിരാമനെയും നമുക്കു മുന്നിൽ അവതരിപ്പിച്ച ദീപു പ്രദീപ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തിരക്കഥാ  രംഗത്തു സജീവമാവുകയാണ്. തിരക്കുകൾക്കിടയിൽ നിന്ന് ഓടി വന്നു കോഴിക്കോട് ഫോക്കസ് മാളിലെ ഫുഡ് കോർട്ടിൽ ഇരുന്നു ചായകുടിച്ചു കൊണ്ട് ദീപു സംസാരിച്ചു തുടങ്ങി.

കുഞ്ഞിരാമായണം ഇറങ്ങി 5 വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും സിനിമയ്ക്ക് പ്രേക്ഷകർ ഉണ്ട്. പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കുഞ്ഞിരാമായണം  2015 ലെ ഓണക്കാല റിലീസുകളിൽ  അത്യാവശ്യം നല്ല കളക്ഷൻ നേടിയ സിനിമയായിരുന്നു. അതിനേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചത് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ആണ്. എവിടെയെങ്കിലും പോകുമ്പോ ആരെയെങ്കിലും പരിചയപ്പെടുമ്പോൾ ഒക്കെ കുഞ്ഞിരാമായണത്തെ കുറിച്ച് പറഞ്ഞാൽ ഭാഗ്യത്തിന് ആരും അതേതു സിനിമ എന്ന് ചോദിച്ചിട്ടില്ല. അത്രയും ആൾക്കാർ കുഞ്ഞിരാമായണം കണ്ടിട്ടുണ്ട്. എനിക്ക് തോന്നുന്നു കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമെല്ലാം ആൾക്കാർക്ക് റിലേറ്റു ചെയ്യാൻ  പറ്റുന്നതുകൊണ്ടായിരിക്കാം. പിന്നെ, കണ്ടിരിക്കാൻ പറ്റുന്ന കഥയാണ്. അതൊക്കെ കൊണ്ടാവും എന്ന് തോന്നുന്നു. രസകരമായ കാര്യം എന്താണെന്നു  വച്ചാൽ സിനിമ ഇറങ്ങിയ സമയത്തു ഒരുപാട് വിമർശനങ്ങൾ ഒക്കെ വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ ആരും കുഞ്ഞിരാമായണത്തെ കുറിച്ച് മോശം പറയുന്നില്ല. പ്രേക്ഷകർ അത് അക്‌സെപ്റ്റ് ചെയ്തു എന്ന് തോന്നുന്നു.  സന്തോഷം ഉള്ള കാര്യമാണത്.

കുഞ്ഞിരാമായണത്തിന്റെ വാത്മീകി ആയത് എങ്ങനെ ആണ്?

രണ്ടായിരത്തി പത്തിലാണ്, അതുവരെ ബ്ലോഗിൽ വട്ടുകൾ മാത്രം എഴുതികൂട്ടിയിരുന്ന ഞാൻ, ഒന്ന് മാറിച്ചിന്തിച്ച് കോമഡിയിൽ കൈവെക്കുന്നത് ‘പാതിരാത്രിയിലെ പ്രേമം’.  ആ കഥ ബ്ലോഗിൽ ഹിറ്റ് ആയി. അടുത്ത വർഷം നാട്ടിലെ ഒരു വളവിൽ ഞാൻ കണ്ട കുപ്പിച്ചില്ലുകളിൽ നിന്ന് ‘സൽസമുക്ക്’ പിറന്നു , കൂടെ കുഞ്ഞിരാമനും. പിന്നീട് മനോഹരനും, മല്ലികയും, കട്ട് പീസ്‌ കുട്ടനും, രാമേന്ദ്രനും, വെൽഡണ്‍ ഹംസയും, പല കഥകളുടെ രൂപത്തിൽ ബ്ലോഗിലെത്തി. അന്നൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇതെല്ലാം കൂടി ഒരിക്കൽ ഒരു സിനിമയാവും എന്ന് . ജിഷ്ണു എന്നൊരു സുഹൃത്താണ് ബ്ലോഗിലെ കഥകൾ വായിച്ച് ഇതിനകത്തൊരു കഥ  ഉണ്ടെന്നു പറയുന്നത്. അവൻ എനിക്ക് സിറ്റി ഓഫ് ഗോഡ് ഉൾപ്പെടെ കുറച്ചു സിനിമകൾ ഒക്കെ തന്നു. അപ്പോഴാണ്ഞാൻ ഈ കഥകളിൽ നിന്ന് ഒരു സിനിമ ഉണ്ടാക്കുക എന്നത് ചിന്തയിൽ  വരുന്നത്. അതിനു ശേഷം ഒരു വട്ടം കുഞ്ഞിരാമായണത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് എന്റെ ബ്ലോഗ് പോസ്റ്റുകൾ വായിച്ചിഷ്ടപെട്ട് , കയ്യിൽ സിനിമയ്ക്ക് പറ്റിയ കഥകൾ ഉണ്ടോ എന്നു തിരക്കുന്നത്. അപ്പോൾ ഞാനീ കഥകൾ അയച്ചു കൊടുത്തു. പാതിരാത്രിയിലെ പ്രേമം, സല്‍സമുക്ക്, ജസ്റ്റ് മാരീഡ് , കട്ട്പീസ്‌ കുട്ടന്‍, ഗുണ്ടകൾ കരയാറില്ല  ഈ അഞ്ചു കഥകൾ കണക്ട് ചെയ്തു ഒരു സംഭവം ഉണ്ട് എന്ന് പറഞ്ഞു. അങ്ങനെയാണ് കുഞ്ഞിരാമായണം സംഭവിക്കുന്നത്.
കഥകൾ ബ്ലോഗ്ഗിൽ ഹിറ്റ് ആയി. പക്ഷേ, സിനിമയിൽ വർക്ക് ആകുമോ എന്ന പേടി ഉണ്ടായിരുന്നു. ഒരു പക്ഷെ സിനിമ ആകുമ്പോൾ എനിക്ക് ഏറ്റവും പേടിയുള്ള കഥ സൽസമുക്ക് ആയിരുന്നു. സിനിമയിൽ അത് “ വേതാളം പോലെ” എന്നു തുടങ്ങുന്ന സൽസസോങ്ങിൽ ആണ് കാണിച്ചിരിക്കുന്നത്. പിന്നീടെനിക്ക് തോന്നിയത് സിനിമയിൽ ഏറ്റവും വർക്ക് ആയതു ഈ ഭാഗവും ആ പാട്ടുമാണ്.   ഭാഗ്യത്തിന് എല്ലാം നന്നായി വന്നു. ശരിക്കും, ഇപ്പോൾ ആലോചിക്കുമ്പോൾ പേടി തോന്നുന്നു. ആദ്യത്തെ സിനിമ ആണത്. അപ്പോൾ എന്തും ചെയ്യാമെന്ന ധൈര്യം. 24 വയസ്സേ എനിക്കപ്പോൾ ഉള്ളു. എനിക്ക് മാത്രം അല്ല സിനിമയിൽ പ്രവർത്തിച്ച സംവിധായകൻ , ക്യാമറാമാൻ , എഡിറ്റർ തുടങ്ങി പ്രൊഡ്യൂസർ വരെ 28 വയസ്സിൽ താഴെ ഉള്ളവർ ആണ്. ആ ഒരു പ്രായത്തിൽ എടുക്കാൻ പറ്റിയ റിസ്ക് ആണ് കുഞ്ഞിരാമായണം. ഇപ്പോൾ ആണെങ്കിൽ അത് ചെയ്യാൻ പറ്റില്ല . അത് അങ്ങനെ അങ്ങ്  സംഭവിച്ചു പോയി എന്നെ പറയാനുള്ളു…

kunhiramayanam-deepu-pradeep-athmaonline-hareesh-kanaran-dhyan-sreenivas-aju-varghese

ബ്ലോഗ് വായനക്കാർ കുഞ്ഞിരാമായണം ഇറങ്ങിയപ്പോൾ എന്ത് പറഞ്ഞു?

ഇപ്പോളും സിനിമയേക്കാൾ ബ്ലോഗിലെ കഥകൾ ഇഷ്ടപ്പെടുന്നവരുണ്ട്.  ചിലപ്പോൾ സിനിമയ്ക്കും മുൻപ് ആ കഥകൾ  വായിച്ചപ്പോൾ അവർ മനസ്സിൽ ഉണ്ടാക്കിയ അവരുടേതായ വിഷ്വലുകൾ ഉള്ളതുകൊണ്ടായിരിക്കും.. ചിലർ നേരെ തിരിച്ചാണ്. സിനിമ കൂടുതൽ ഇഷ്ടപ്പെട്ടു എന്ന് പറയാറുണ്ട്.

എപ്പോഴാണ് അവനവനിൽ ഒരു എഴുത്തുകാരൻ ഉണ്ടെന്നു തിരിച്ചറിഞ്ഞത്?

ചെറുതായിരിക്കുമ്പോളേ എഴുത്തിൽ താല്പര്യം ഉണ്ടായിരുന്നു.  കഥാപാത്രങ്ങളെ നിർമ്മിക്കാൻ ഭയങ്കര ഇഷ്ടമാണ്… ആ കഥാപാത്രങ്ങളെ ഉൾക്കൊണ്ടു കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുക, ഓരോ സാഹചര്യങ്ങൾ സൃഷ്ടിച്ച് അതിലേക്കു കഥാപാത്രങ്ങളെ കൊണ്ട് വരിക അങ്ങനൊക്കെ ഇഷ്ടമായിരുന്നു. പിന്നെ പലപ്പോഴും ചുറ്റുമുള്ളവർ പറയുന്ന കാര്യങ്ങൾ അല്ലെങ്കിൽ നമ്മൾ കാണുന്ന  ചെറിയ ചെറിയ സംഭവങ്ങൾ ഒക്കെ പ്രോസസ് ചെയ്യും. നമ്മുടെ മനസ്സിൽ വരുന്ന ഒരു ചിന്ത, അത് എത്രത്തോളം ഇന്ററസ്റ്റിംഗ് ആയി പറയാം എന്നാണ് ഞാൻ ശ്രമിക്കുന്നത്. മനസ്സിൽ വരുന്ന ഇത്തരം സ്പാര്ക് കൂട്ടിവയ്ക്കാതെ അപ്പൊ അപ്പൊ തന്നെ എഴുതി  പുറത്തേക്കു ഇറക്കുന്നതിൽ ഒരു ത്രില്ലുണ്ട്.  ഒരു തിരക്കഥാകൃത്തു ആകുമെന്നോ സിനിമയ്ക്ക് വേണ്ടി എഴുതും എന്നോ ഒരിക്കലും വിചാരിച്ചിട്ടില്ല .

ബ്ലോഗിൽ എഴുതിയ കഥകളും  സിനിമയുടെ തിരക്കഥയും രണ്ടു മാധ്യമങ്ങൾ അല്ലെ? എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് ?

രണ്ടുമൂന്നു മലയാളം സിനിമകളുടെ തിരക്കഥ ഞാൻ വായിച്ചിട്ടുണ്ട്. തിരക്കഥയുടെ ഒരു ഘടന ഒക്കെ എങ്ങനെ ആണെന്നറിയാൻ. പിന്നെ അമേരിക്കൻ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബ്ലെയ്ക് സ്‌നൈഡറിന്റെ   സേവ് ദി കാറ്റ് എന്ന പുസ്തകവും സിഡ്നി ഫീൽഡിന്റെ ദി ഫൌണ്ടേഷൻ ഓഫ് സ്ക്രീൻ റൈറ്റിംഗ് എന്ന പുസ്തകവും വായിച്ചിട്ടുണ്ട്. തിരക്കഥ എഴുതിയതിനു ശേഷം അവരൊക്കെ പറയുന്ന ത്രീ ആക്ട് സ്ട്രക്ചർ സിനിമയിൽ കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു. പിന്നെ സിമ്പിൾ ആയി പറഞ്ഞാൽ  സിനിമ ഞാൻ തീയേറ്ററിൽ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നോ അങ്ങനെ തന്നെ എഴുതാൻ ആണ് ശ്രമിച്ചത്‌. എഴുതുന്നത് എല്ലാം വിഷ്വൽ ചെയ്യുന്നതിൽ നല്ല ബുദ്ധിമുട്ടുണ്ട്. അത്രയും ഹോംവർക് ചെയ്താലേ അത് പറ്റുകയുള്ളു. അത് ബേസിൽ ജോസഫ് നന്നായി ചെയ്തു. സൽസ പ്ലാസ്റ്റിക് ബോട്ടിലിൽ കൊണ്ട് വന്നാൽ പോരേ എന്നൊരു ചോദ്യം വന്നാൽ സിനിമ അവിടെ തീർന്നു. അത് ചിന്തിക്കാൻ ആൾക്കാർക്ക് സമയം കൊടുക്കാതെ അവരെ എൻഗേജ് ചെയ്യിച്ചു എന്നതിലാണ് കാര്യം.

ആദ്യത്തെ തിരക്കഥ. എങ്ങനെ ഉണ്ടായിരുന്നു അനുഭവം ?

ആറുമാസത്തിനു മേൽ സമയം എടുത്തു പല ഡ്രാഫ്റ്റുകൾ എഴുതിയത് ഉണ്ടായിരുന്നു. ഓരോ തവണയും നന്നാവുക എന്നതായിരുന്നു ലക്ഷ്യം. ആദ്യം എഴുതിയ ഡ്രാഫ്റ്റിന്റെ ആദ്യപകുതി മാത്രമാണ് കുഞ്ഞിരാമായണം. രണ്ടാം പകുതി സെക്കൻഡ് ഡ്രാഫ്റ്റിൽ എത്തിയപ്പോൾ ഉപേക്ഷിച്ചു.  അതിനകത്തു വേറെ കൊറേ  കാരക്ടേഴ്സ് ഉണ്ട്. ഇങ്ങനെ കൊറേ എഴുതി കട്ട് ഷോർട് ചെയ്യുകയാണ് നല്ലത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വായിക്കാൻ ഒക്കെ കിട്ടുന്ന ചില തിരക്കഥകളിൽ ചിലതൊക്കെ വളരെ കുറച്ചേ ഉണ്ടാകാറുള്ളൂ. നെഗറ്റീവ് ആയിട്ട് പറയുകയല്ല. പക്ഷേ, നേരെ തിരിച്ചാണ് എന്റെ അനുഭവം. കുറെ എഴുതിയിട്ട് പിന്നെ കുറയ്ക്കുമ്പോൾ അതിന്റേതായ  അഡ്വാന്റേജ്‌  ഉണ്ട് . കഥാപാത്രങ്ങൾ ഒക്കെ നന്നായി ഡെവലപ്ഡ് ആയിരിക്കും.

കുഞ്ഞിരാമായണത്തിനു ശേഷം എഴുത്തിൽ എന്തെങ്കിലും മാറ്റം വന്നോ?

കുഞ്ഞിരാമായണത്തോടെ എഴുത്തിൽ കൂടുതൽ റെസ്പോണ്സിബിലിറ്റി വന്നു.  ബ്ലോഗ് എഴുതുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എഴുതി ഇടും. അവിടെ എഡിറ്റിംഗ് ഒന്നും ഇല്ല . പക്ഷെ സിനിമ എഴുതിയതിനു ശേഷമാണു എഡിറ്റ് ചെയ്യുമ്പോൾ നമ്മുടെ ആശയം എത്രത്തോളം മനോഹരം ആകും എന്ന് മനസ്സിലാകുന്നത് . പിന്നെ വിനീത് ഏട്ടന്റെ ഒക്കെ അടുത്ത് നിന്ന് പഠിച്ച കാര്യം (വിനീത് ശ്രീനിവാസൻ ) എഡിറ്റിംഗ് എത്രത്തോളം ഇമ്പോര്ടന്റ്റ് ആണ് എന്നതാണ്.  എങ്ങനെ എപ്പോൾ കാര്യങ്ങൾ കട്ട് ചെയ്യണം എന്നൊക്കെ അദ്ദേഹമാണ് പറഞ്ഞു തന്നത്. നമ്മൾ എഴുതിയത് എഡിറ്റ് ചെയ്യാൻ പഠിക്കുക എന്ന പാഠം വളരെ വലുതായിരുന്നു. എപ്പോൾ ഞാൻ എന്ത് എഴുതിയാലും സുഹൃത്തുക്കളെ കൊണ്ടൊക്കെ  റിവ്യൂ ചെയ്യിച്ചു റെസ്പോൺസ് നോക്കി എഡിറ്റ് ചെയ്തിട്ടേ പോസ്റ്റ് ചെയ്യാറുള്ളു. അതുകൊണ്ട് ഇപ്പോൾ പോസ്റ്റുകളുടെ എണ്ണം വളരെ കുറഞ്ഞു. മുമ്പ് ചുമ്മാ അങ്ങ് എഴുതി പോകാറായിരുന്നു പതിവ്. ഇപ്പോൾ വർക്ക് ആകുന്നുണ്ടോ എന്ന് നോക്കി മാത്രമേ കഥകൾ ഇടാറുള്ളൂ.

 

 

എഴുത്തുകാരൻ ആകുക എന്ന ആഗ്രഹം ഉള്ളിൽ ഉള്ളപ്പോഴും, ഏങ്ങനെ ആണ് കോമഡിയിലേക്കു ട്രാക്ക് മാറുന്നത്? പ്രത്യേകിച്ചും നമ്മൾ മുന്നേ വായിച്ച എഴുത്തുകാർ, നമുക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ അത് പോലെ ഒക്കെ ആകാൻ അല്ലേ ശ്രമിക്കുക.

ഞാൻ സീരിയസ് ആയിട്ടാണ് ബ്ലോഗിൽ എഴുതിത്തുടങ്ങുന്നത്. ബ്ലോഗിലെ ആദ്യകാലത്തെ പോസ്റ്റുകൾ ഒക്കെ അങ്ങനെ ആയിരുന്നു. ഭ്രാന്തൻ ചിന്തകൾ എന്നായിരുന്നു ഞാനതിനെ വിളിച്ചിരുന്നത്. കുറച്ചു സീരിയസ് ആയിട്ടുള്ള കുഞ്ഞുകുഞ്ഞു വരികൾ ആയിരുന്നു ആദ്യമാദ്യം എഴുതിയിരുന്നത്. പിന്നെപ്പിന്നെ ആണ് ഞാൻ ബ്ലോഗിങ്ങിനെ കുറിച്ച് വായിക്കുന്നതും കൂടുതൽ അറിയുന്നതും. അത് അങ്ങനെ ഒരു   ട്രാക്കിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ആണ് ഒന്ന് മാറ്റിപ്പിടിക്കാം എന്ന് തോന്നി കോമഡി ട്രൈ ചെയ്യുന്നത്. അതാണ് ” പാതിരാത്രിയിലെ പ്രേമം”. അത് കുഞ്ഞിരാമായണത്തിൽ ഉള്ള കഥയാണ്. അത് ബ്ലോഗ്ഗിൽ ഭയങ്കര ഹിറ്റായി. ബ്ലോഗിൽ നമുക്ക് എത്രപേർ വായിച്ചു എന്നതിന്റെ കണക്കു കാണാമല്ലോ ? അതെനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അതിനു ഞാൻ ഇടയ്ക്കിടയ്ക്കു ബ്ലോഗ് പേജ് റിഫ്രഷ്ചെയ്തു  നോക്കുമായിരുന്നു .  അങ്ങനെയാണ് ഞാൻ ആളുകൾക്ക് ഇഷ്ടമുള്ള പോലെ എഴുതാൻ തുടങ്ങുന്നത്. അതുകൊണ്ട് സീരിയസ് ആയ കാര്യങ്ങൾ ഞാൻ സൈഡിലേക്ക് മാറ്റി വച്ചു.

ദീപുവിന്റെ എഴുത്തിന്റെ  ശൈലി  കൊടകര പുരാണം എഴുതിയ സജീവ് എടത്താടനെ ഓർമ്മിപ്പിക്കുന്നുണ്ട്.


അതെ. എന്നെ എന്റെ എഴുത്തില് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ശൈലി വിശാലമനസ്കൻ എന്ന സജീവ് എടത്താടൻറെ ആണ്. പിന്നെ പഴയ ചില ബ്ലോഗേഴ്സ്, വിനു സേവിയർ, ധനേഷ് നായർ, മൊത്തം ചില്ലറ, അടക്കാമരം. ഇവരിൽ നിന്നൊക്കെ ഞാൻ പഠിച്ച കാര്യം നമ്മൾ കഥകളും കഥാപാത്രങ്ങളും തേടി എവിടെയും പോകണ്ട എന്നതാണ്. അതെല്ലാം… ജീവിക്കുന്ന നമ്മുടെ ചുറ്റുപാടിൽ തന്നെ ഉണ്ടാവും. ഉദാഹരണത്തിന് കുഞ്ഞിരാമായണത്തിലെ വെൽഡൺ വാസു, നാട്ടിലെ ഒരു വെൽഡൺ ഹംസ എന്ന ആളാണ്. രാമചന്ദ്രൻ നാട്ടിൽ ജീവിച്ചിരുന്നു. സുരേട്ടനും, കുട്ടേട്ടനും, സുഭാഷും, അംബരീഷുമെല്ലാം കണ്ടുമുട്ടുന്നവരുടെ സ്വാധീനം നിമിത്തമഉണ്ടാവുന്നവരാണ്… നമ്മൾ ഇങ്ങനെ കണ്ണുംകാതും കൂർപ്പിച്ചിരുന്നാൽ മതി. അത് വരും. വിശാലമനസ്കന്റെ കഥകൾ, അദ്ദേഹം നാട്ടിലെ കഥകൾ അയാൾ പറഞ്ഞില്ലെങ്കിൽ മറ്റാരും അറിയാതെ പോകും. കൊടകരയിലെ സാധാരണക്കാരുടെ ജീവിതം, ഗൾഫിലേക്കുള്ള കുടിയേറ്റം, പ്രവാസജീവിതം അങ്ങനെ വേറെവിടെയും അടയാളപ്പെടുത്താത്ത കൊറേ കാര്യങ്ങൾ ഉണ്ട്.

ഒരുപാട് ഉപമകൾ ഒക്കെ ഉപയോഗിക്കാറുണ്ടല്ലോ  എഴുത്തിൽ. ബോധപൂർവമാണോ?

ഒരുപാട് ഉപമകൾ അല്ലെങ്കിൽ എല്ലാ കഥകളിലും ഒരു ഉപമയെങ്കിലും ഉണ്ട്.  അറിഞ്ഞു കൊണ്ട്  ആണ്. ബ്ലോഗിൽ മുന്നേ ഒരു പോസ്റ്റ് ഇട്ടാൽ ഒരുപാട് കമ്മന്റ്സ് വരുമായിരുന്നു. വായനക്കർ അവർക്കു ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ക്വോട്ട്  ചെയ്യും.  അത് നോക്കിയപ്പോൾ മിക്കവാറും ഈ ഉപമകൾക്ക് ആയിരുന്നു  എപ്പോഴും കൂടുതൽ  റെസ്പോൺസ് കിട്ടിയിരുന്നത്. അതുകൊണ്ടാവാം  ഉപമകൾ എഴുത്തിൽ ഇത്രയും വന്നത്. ചിലർ അതിനെ വിമർശിക്കാറുണ്ട് . പക്ഷെ നല്ല ഒരെണ്ണം കിട്ടുമ്പോൾ ഇപ്പോഴും എടുത്ത് ഉപയോഗിക്കും.

ഓൺലൈൻ എഴുത്തിൽ സ്ഥിരമായി സംഭവിക്കുന്ന ഒരു കാര്യമാണ് ക്രെഡിറ്റ് അത് എഴുതിയവർക്ക് കിട്ടാതെ ഷെയർ ചെയ്യപ്പെടുന്ന കാര്യങ്ങൾ,  അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

ഇഷ്ടം പോലെ ഉണ്ട്. ചില ബ്ലോഗേഴ്സ് ബ്ലോഗിങ് നിർത്താനും ഇത് കാരണമായിട്ടുണ്ട്.  പക്ഷെ ഒരിക്കൽ അങ്ങനെ ക്രെഡിറ്റ് ഇല്ലാതെയും, മറ്റു പലരുടെയും പേരിൽ ഒക്കെയായി സോഷ്യൽ മീഡിയ മുഴുവൻ കറങ്ങിയ എന്റെ ‘ഗ്ലാസ് സ്റ്റോറി’ എന്ന ഒരു കഥ കാരണമാണ് എനിക്ക് ആ സമയത്ത് കുറെ കൂടെ റീച്ച് കിട്ടുന്നത്. കഥയുടെ യഥാർത്ഥ ഉടമസ്ഥനെ തേടിപ്പിടിച്ച് കുറെ വായനക്കാർ വന്നു. ആദ്യ  ഷോർട് ഫിലിം സംഭവിക്കുന്നതൊക്കെ അങ്ങനെ കിട്ടിയ ഒരു റീച്ചിന്റെ ഭാഗമായിട്ടാണ്… ഇപ്പൊ എല്ലാത്തിനെയും പോസിറ്റിവ് ആയിട്ടേ എടുക്കുന്നുള്ളൂ… മോഷ്ടിക്കപ്പെട്ടുപോവുമോ എന്ന്  പേടിച്ചിട്ടു ഒന്നും എഴുതാതെ ഇരുന്നിട്ട് കാര്യമല്ലല്ലോ..

bhagyasree-raveendran
ഭാഗ്യശ്രീ രവീന്ദ്രൻ

ബ്ലോഗ് കഥകൾ ചേർത്ത്   പുസ്തകം ആലോചനയിൽ ഉണ്ടോ?

എഴുതിയത് ഒക്കെ വച്ച്  പുസ്തകം പ്രസിദ്ധീകരിക്കാൻ ആഗ്രഹമുണ്ട്. തിരഞ്ഞെടുത്ത കുറച്ചു കഥകൾ കൂട്ടി വച്ചിട്ടുണ്ട്. അതേപോലെ, കഥയും തിരക്കഥയും എന്ന ആശയത്തിൽ ഒരു പുസ്തകം മനസ്സിൽ ഉണ്ട്.  കഥയിൽ നിന്നും തിരക്കഥ രൂപപ്പെടുത്തുന്നതിനെ കുറിച്ച് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ  എന്നെങ്കിലും പറയണം എന്നുണ്ട്

.

പുതിയ സിനിമകൾ ?


കോ റൈറ്റ് ചെയ്യുന്ന ‘ദി  പ്രീസ്റ്റ്’ എന്ന മമ്മുക്ക – മഞ്ജു വാര്യർ ചിത്രമാണ് അടുത്തത്. പിന്നെ ബ്ലോഗിലെ തന്നെ മൂന്നു കഥകൾ ചേർത്ത് തിരക്കഥയാക്കിയ ഒരു സിനിമ, അന്നൗൻസ്മെന്റ് ആയിട്ടില്ല.
 ദീപുവിന്റെ ബ്ലോഗ് വായിക്കാൻ

deepupradeep.com

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

 

LEAVE A REPLY

Please enter your comment!
Please enter your name here