കണ്ണൂർ സർവ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാന്‍സിംഗ് കോളേജുകളിലേക്കുള്ള 2018-19 അധ്യയന വർഷത്തെ ഒന്നാം വർഷ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ നടത്തുന്നതാണ്.
ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ഫീസ് 400/- രൂപയാണ്. എസ്.സി, എസ്.ടി വിഭാഗത്തിന് 250 രൂപയാണ്. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും SBI COLLECT മുഖാന്തിരം അടക്കേണ്ടതാണ്. ഓണ്‍ലൈ൯ ആയും ഇ ചലാ൯ വഴിയും ഫീസ് അടക്കാനുള്ള സംവിധാനം SBI COLLECT മുഖാന്തരം ലഭ്യമാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ www.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഡി.ഡി, ചെക്ക്, മറ്റു ചലാനുകള്‍ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.
2018 മെയ് 19 മുതൽ ഓണ്‍ലൈനായി രജിസ്റ്റ൪ ചെയ്യാവുന്നതാണ്. ഓണ്‍ലൈ൯ രജിസ്ട്രേഷ൯ സംബന്ധമായ വിവരങ്ങൾ http://cap.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ Prospectus ലിങ്കിൽ ലഭ്യമാണ്. കൂടാതെ എല്ലാ കോളേജിലും ഇതിനായി ഹെല്‍പ്പ്ഡെസ്ക് പ്രവർത്തിക്കുന്നതുമായിരിക്കും.
ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ചെയ്തതിനു ശേഷം അപേക്ഷയുടെ പ്രിന്‍റൗട്ട് കോളേജുകളിലേക്കോ സര്‍വ്വകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്‍റൗട്ടും ഫീസടച്ചതിന്‍റെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിലാണ് ഹാജരാക്കേണ്ടത്.
കോളേജുകളിലെ മെറിറ്റ് സീറ്റുകളിലേക്കും എല്ലാ സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴി തന്നെയായിരിക്കും അലോട്ട്മെന്‍റ്. നോണ്‍ ക്രീമിലെയർ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് എസ്.ഇ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്നത്.
അലോട്ട്മെന്റിനു ശേഷം
അലോട്ട്മെന്‍റ് ലഭിച്ചാൽ നിശ്ചിത തീയ്യതിക്കുള്ളില്‍ സര്‍വ്വകലാശാല ഫീസ് നിര്‍ബന്ധമായും അടക്കേണ്ടതാണ്. അല്ലാത്ത പക്ഷം വിദ്യാർത്ഥികൾ അലോട്ട്മെന്‍റിൽ നിന്നും പുറത്താവുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികള്‍ക്ക് മൂന്നാം അലോട്ട്മെന്‍റിനു ശേഷം അലോട്ട്മെന്‍റ് മെമ്മോ വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. മൂന്നാമത്തെ അലോട്ട്മെന്‍റിനുശേഷം മാത്രമേ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ. മൂന്നാമത്തെ അലോട്ട്മെന്‍റിനു ശേഷവും ഹയർ ഓപ്ഷ൯ നിലനിര്‍ത്താ൯ ആഗ്രഹിക്കുന്നവർ സർവ്വകലാശാല ഫീസ് മാത്രം അടച്ച് സർട്ടിഫിക്കറ്റുകള്‍ അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ സമർപ്പിച്ച് താത്ക്കാലിക അഡ്മിഷന്‍ നേടേണ്ടതാണ്.
അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച അലോട്ട്മെന്‍റിൽ സംതൃപ്തരാണെങ്കില്‍ ഓരോ അലോട്ട്മെന്‍റിനു ശേഷവും ഹയർ ഓപ്ക്ഷനുകൾ റദ്ദാക്കാവുന്നതാണ്. ഹയര്‍ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം അടുത്ത അലോട്ട്മെന്‍റിൽ അവ പരിഗണിക്കുന്നതും അലോട്ട്മെന്‍റ് ലഭിക്കുന്ന പക്ഷം അപേക്ഷകന്‍ നിര്‍ബന്ധമായും അത് സ്വീകരിക്കേണ്ടതുമാണ്. അലോട്ട്മെന്‍റ് ലഭിച്ചാൽ ലോവർ ഓപ്ഷ൯ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് തീയ്യതി, കോളേജുകളില്‍ അഡ്മിഷ൯ എടുക്കേണ്ട തീയ്യതി തുടങ്ങിയവ അതാതു സമയങ്ങളില്‍ വെബ്സൈറ്റിലും സര്‍വ്വകലാശാല പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ്.
കമ്മ്യൂണിറ്റി, മാനേജ്മെന്‍റ്, സ്പോര്‍ട്സ് എന്നീ ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈ൯ അപേക്ഷയുടെ പ്രിന്‍റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.