തിരുവനന്തപുരം: പ്രതിഭാധനരോ സര്‍ഗശേഷിയുള്ളവരോ നൂതനമായ ആശയങ്ങളുളളവരോ, വ്യത്യസ്തമായി ചിന്തിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തുന്നവരോ ആയ ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
കേരള സാമൂഹ്യ സുരക്ഷാമിഷന്‍, സാമൂഹിക നീതി വകുപ്പ്, കെഡി.ഐ.എസ്.സി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ് (നിഷ്) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തുന്നത്. 15 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള 100 ഭിന്നശേഷിക്കാരെ കണ്ടെത്തി അവര്‍ക്ക് കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങളും ആവശ്യമായ സഹായ സംവിധാനങ്ങളും ലഭ്യമാക്കി, സ്വയംപര്യാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കേരളീയരായ 15നും 40നും മധ്യേ പ്രായമുള്ളവരും 40 ശതമാനത്തിലോ അതിലധികമോ ഭിന്നശേഷിയുള്ളവരുമായവര്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാവുന്നതാണ്.
സയന്‍സ്, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം, വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടവ, കരകൗശലം, കലയും ചിത്രരചനയും, ഭക്ഷണം, ആരോഗ്യം, ജീവിതശൈലീ മേഖലകളിലെ നൂതനമായ ആശയങ്ങളോ പ്രവര്‍ത്തനങ്ങളോ, സംഗീതം, നൃത്തം, ക്രിയാത്മക സാഹിത്യരചനകള്‍, വീഡിയോ ക്ലിപ്പുകള്‍ (മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് നിര്‍മ്മിച്ചത്), പുതിയതോ വ്യത്യസ്ഥമായതോ ആയ ആശയങ്ങള്‍, ബിസിനസ് മോഡല്‍ തുടങ്ങിയവ (കാര്‍ഷികമേഖല, പ്രകൃതി വിഭവ പരിപാലനം, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍) തുടങ്ങിയ മേഖലകളില്‍ പ്രത്യേക പ്രാഗത്ഭ്യം ഉള്ളവര്‍ക്കാണ് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുക.
അപേക്ഷകന്‍ നേരിട്ടോ, അപേക്ഷകന് വേണ്ടി രക്ഷിതാക്കള്‍, ലീഗല്‍ ഗാര്‍ഡിയന്‍സ്, അദ്ധ്യാപകര്‍, കെയര്‍ടേക്കര്‍മാര്‍ തുടങ്ങിയവര്‍ക്കോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. കേരള സാമൂഹ്യ സുരക്ഷാമിഷന്‍, സാമൂഹ്യനീതി വകുപ്പ്, കെഡി.ഐ.എസ്.സി, നിഷ്, എന്നീ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റുകള്‍ വഴി അപേക്ഷിക്കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് നിഷില്‍ 6 ദിവസം നീണ്ട് നില്‍ക്കുന്ന ഒരു നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നതായിരിക്കും. ഇതില്‍ നിന്ന് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന 20 ഓളം വരുന്ന ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ തെരഞ്ഞെടുത്ത് ഇന്നവേഷന്‍ ബൈ യൂത്ത് വിത്ത് ഡിസബിലിറ്റി (Innovation By Youth with Disability) എന്ന പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതായിരിക്കും. ബാക്കിവരുന്ന 80 ഓളം പേര്‍ക്ക് അവരുടെ പ്രതിഭയുടെയും മികവിന്റെയും അടിസ്ഥാനത്തില്‍ തുടര്‍ വൈദഗ്ധ്യ പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം, കെ.എസ്.എസ്.എം. അനുയാത്ര കോള്‍സെന്റര്‍ നമ്പര്‍ : 1800 120 1001
വെബ്‌സൈറ്റ്: www.socialsecuritymission.gov.in
(പ്രസ് റിലീസ് 17-01-2019
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്)