ഉറക്കത്തിന്റെ പര്യായപദങ്ങൾ

0
525

കെ എസ്‌ കൃഷ്ണകുമാർ

പ്രാർത്ഥിക്കാൻ
ഒന്നുമില്ലാത്തവൻ
വേഗം ഉറങ്ങിപ്പോകും.
നേരത്തെ ചെന്ന്
അനുഗ്രഹങ്ങളൊന്നും
വാങ്ങാനില്ലാത്തതിനാലാകാം
പതിയെ ഉണരുകയുമുള്ളൂ.

ജീവിതപ്പുസ്തകത്തിലെ
അന്നത്തെ
എല്ലാ കണക്കുകളും കൂട്ടിത്തീർന്ന്
ചിലർ ഉറങ്ങുമ്പോഴേക്കും
പാതിരാ കടന്നിരിക്കും,
നടുനിവർത്തുമ്പോഴേക്കും
പൂങ്കോഴി ഉണർത്തും,
ഉണരാനായി.

പകുതിയിൽ
ഞെട്ടിയുണരുന്നവരുടെ
കാര്യമാണു ഏറ്റവും കഷ്ടം,
പിന്നെ ഒട്ടുമുറങ്ങാനാകാതെ
അവർ
പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും
ചാഞ്ഞും ചെരിഞ്ഞും
പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും
നന്നായി
ഉറക്കം അഭിനയിച്ചങ്ങനെ
കിടക്കും.

മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്‌,
ഒരോളത്തിലങ്ങനെ
രാത്രിയുടെ മുകളിൽ
നേരം വെളുക്കും വരെ
അവർ പൊന്തികിടക്കും,
ബോട്ടിന്റെ പുക പോലെ
കൂർക്കം വലിച്ചുവിടും.

ചിങ്ങമഴപോലെ
ചിണുങ്ങിചിണുങ്ങി
ഉറങ്ങുന്നവർക്ക്‌
അത്‌
ഒരു ചടങ്ങായിരിക്കും,
രണ്ട്‌ പകലിന്റെയിടയിൽ
അവിടെയിവിടെ
ഇത്തിരി ഉറക്കങ്ങൾ
തളിച്ച്‌
നിറങ്ങളില്ലാതെ
ബ്ലാക്ക്‌ ആന്റ്‌ വൈറ്റിൽ
അവരുടെ രാത്രിയാമങ്ങൾ.

പകലുറക്കത്തിന്റെ
വിപരീതവാക്ക്‌ പോലെ,
ഉറക്കത്തിൽ ഉണർന്നിരിക്കുന്നവരുമുണ്ട്‌.
അവർ സ്വപ്നങ്ങളോട്‌ സംസാരിക്കും,
അതിലെ ആളുകളെ ചീത്തവിളിക്കും,
സ്വപ്നം നടക്കുന്നയിടത്ത്‌ അനുവാദമില്ലാതെ കടന്നുചെന്ന് ബഹളമുണ്ടാക്കും,
പിന്നെ
സ്വപ്നത്തെയോർത്ത്‌
സ്വപ്നത്തിൽ തന്നെ
ചിരിച്ച്‌ ചിരിച്ച്‌
കിടക്ക കപ്പും.

ശരീരം ഒരു ബസ്‌ സ്റ്റോപ്‌ ആകുകയും,
വരാത്ത
ഉറക്കത്തെ
കാത്തുകാത്തുറങ്ങിപ്പോകുന്നവരുമുണ്ട്‌.
പുലരുമ്പോഴാകും ബോധമുണ്ടാകുക,
താൻ ചെയ്തത്‌
ഉറക്കമായിരുന്നുവെന്ന്.

ഉറങ്ങുന്നതിനിടയിൽ
മരിച്ചുപോകുന്നവരാണു
ഏറ്റവും ഭാഗ്യവാന്മാർ.
ഏതെങ്കിലും മലയിൽ
കഷ്ടപ്പെട്ട്‌ ‌
വിവശരായി
വിയർത്ത്
കയറ്റം കയറുന്നത്‌
സ്വപ്നം കണ്ടുകൊണ്ടിരിക്കെ
പെട്ടെന്നായിരിക്കും
അവർ അത്യുന്നതങ്ങളിലേയ്ക്കെത്തുന്നത്‌.

ഞാൻ എപ്പോഴും ഓർക്കാറുണ്ട്‌
സ്കൂളിൽ
മലയാളം ക്ലാസിൽ
ഉറക്കത്തിന്റെ പര്യായപദങ്ങൾ പഠിച്ചപ്പോൾ,
എന്തേ
ഇതൊന്നും ആരും
പറഞ്ഞുതരാതിരുന്നത്‌.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here