Homeലേഖനങ്ങൾഉന്മാദപുരിയിലെ പ്രജാപതിയുടെ ശാസനങ്ങള്‍ ( 'അവസാനം'-സച്ചിദാനന്ദനെഴുതിയ കഥയെക്കുറിച്ച് ഒരു വിചാരം )

ഉന്മാദപുരിയിലെ പ്രജാപതിയുടെ ശാസനങ്ങള്‍ ( ‘അവസാനം’-സച്ചിദാനന്ദനെഴുതിയ കഥയെക്കുറിച്ച് ഒരു വിചാരം )

Published on

spot_imgspot_img

പ്രസാദ് കാക്കശ്ശേരി

മലയാളിയുടെ രാഷ്ട്രീയ ജാഗ്രതയുടെ സര്‍ഗസാക്ഷ്യമാണ് കവി സച്ചിദാനന്ദന്റെ രചനകള്‍. നീതിക്കു വേണ്ടി പൊരുതുന്ന വാക്കിന്റെ സമരോത്സുക യാനങ്ങൾ.. അധികാരത്തിനെതിരെ ശബ്ദിക്കുന്ന നേരിന്റെ മുഴക്കങ്ങൾ.. ”എഴുത്തച്ഛനെഴുതുമ്പോൾ സംഭവിപ്പതെന്തെന്നറിയുന്ന” ഒരു കവിയുടെ വാഗർത്ഥ നിറവുകൾ നമ്മുടെ ഭാവുകത്വത്തെയും മാനവിക ബോധ്യങ്ങളെയും ആഴത്തിൽ നിർമ്മിക്കുന്നു. ”പാട്ടു പാടാൻ നാവില്ലേൽ നാട്ടാരെന്ന് നേരറിയാൻ ”എന്ന് ആവിഷ്ക്കാരത്തിന്റെ നൈസർഗികതയും ധാർമ്മികതയും സമൂഹ ജീവിതത്തിന്റെ ഉള്‍പ്രാണനായി തോറ്റിയുണർത്തി സച്ചിദാനന്ദൻ .”എഴുത്തോ നിന്റെ കഴുത്തോ ”എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്ന വിധം ‘നാവുമര’ത്തിന്റെ ഇലകളിൽ പച്ചയും തളിർപ്പുമായി എഴുന്ന് നിന്ന കാതലുറ്റ ഉയിരാണ്, അഭയത്തിന്റെ തണലെടുപ്പാണ് കവിതയായും വിവർത്തനമായും സാംസ്കാരിക ചിന്തയായും നാടകമായും സാഹിത്യ പഠനമായും മലയാണ്മയെ ശ്രദ്ധേയമാക്കിയത്. കട്ടെടുക്കപ്പെട്ട്, കൈകാലുകൾ കെട്ടി വരിഞ്ഞ് കപ്പലിൽ വിദേശത്തേക്ക് വഹിക്കപ്പെടുന്ന ഊമയായ ഒരു കറുത്ത കുലദേവതയിൽ കവി സ്വന്തം നാടിന്റെ ദൈന്യത ഉൾച്ചേർത്തു. വാക്കുകൾക്കും പ്രതീകങ്ങൾക്കും തന്നിൽ കവിഞ്ഞ് സമഷ്ടി ബോധത്തിന്റെ ജൈവ ഭാവങ്ങളിലേക്ക് സംക്രമിക്കുന്ന അർത്ഥാ ന്തരങ്ങൾ നാമറിയുന്നത് സ്വയം നവീകരണ സന്നദ്ധമായ കവിയുടെ സർഗപഥങ്ങളിലാണ്.

prasad kakkassery
പ്രസാദ് കാക്കശ്ശേരി

ഭ്രഷ്ടരാക്കപ്പെടുന്നവരുടെ വീറും നോവും സഹജമായ ബോധ്യങ്ങളോടെ സമകാലത്ത് ആവിഷ്ക്കരിച്ചു ‘ഭ്രഷ്ടന്റെ കൊടി ‘എന്ന കവിതയിൽ. ഭ്രഷ്ടന്റെ കൊടി, ഭാഷ, നാട്, വീട്, ജീവിതം എന്താണെന്ന് അധികാരബിംബങ്ങളെ മുൻനിർത്തി വിചാരണ ചെയ്യുന്നു( ഭ്രഷ്ടന്റെ കൊടി, സച്ചിദാനന്ദൻ,മാതൃഭൂമി ആഴ്ചപ്പതിപ്പ് , ഡിസംബർ 29, 2019) നിശ്ചിതമായ സാഹിത്യ ഘടനകളെ ഉല്ലംഘിച്ച് കൊണ്ട് പ്രതികരണ സന്നദ്ധവും പ്രതിബദ്ധവുമായ തന്റെ ആവിഷ്കാരങ്ങൾ കാലനീതിയായി രൂപപ്പെടുത്തുകയാണ് സച്ചിദാനന്ദൻ സമകാലിക മലയാളം വാരികയിൽ എഴുതിയ ‘അവസാനം’ എന്ന കഥയിൽ.(2020 മാര്‍ച്ച് 9 ).

സമകാലിക ഇന്ത്യനവസ്ഥയെ അന്യാപദേശ രൂപത്തിൽ മുന വെച്ച് നിവർത്തുകയാണ്. ഒരു നാടോടിക്കഥയുടെ മട്ടിലാണ് കഥ തുടങ്ങുന്നത്. ”പുരാണത്തിൽ ഉന്മാദപുരി എന്ന് പ്രഖ്യാതമായ കിറുക്കം പുറത്തെ ആദിത്യ പ്രജാപതിക്ക് തുലാമാസത്തെ ഒരു തണുത്ത പുലരിയിൽ ഒരുൾവിളിയുണ്ടായി. തന്റെ പ്രജകൾ എന്ന് അവകാശപ്പെടുന്നവർ തന്റെ തന്നെ പ്രജകൾ തന്നെയാണെന്ന് എന്താണുറപ്പ്? താൻ പറയുന്ന ഓരോ വാക്കും കല്പനയാണെന്ന് കരുതുന്ന പ്രജാപതി. തന്റെ പ്രഭാഷണം ദൈവത്തിന്റെ ഗിരിപ്രഭാഷണമാണെന്ന് തോന്നൽ. തന്നെ അനസരിക്കാത്തവരെ ഉന്മൂലനം ചെയ്യാനുള്ള സായുധസേനകൾ . തന്റെ സനാതന മതത്തിൽപ്പെട്ടവർ മാത്രം പ്രജകൾ എന്ന തീർപ്പ്. ആരാണ് ആ മതത്തിൽ പെട്ടവർ? ദളിതരും ആദിവാസിയും അതിൽ ഉൾപ്പെടുമോ? തീർപ്പിൽ പുറത്താക്കപ്പെടുന്നവരുടെ ആകുലതകളാണ് കഥയിൽ സമകാലിക പ്രത്യക്ഷമായി നിൽക്കുന്നത്. പൗരോഹിത്യ കല്പനകൾ തീർപ്പാക്കുന്ന സനാതനത്വം, പുണ്യ ഗ്രന്ഥ വിചാരങ്ങൾ എന്നിവയുടെ ജല്പനങ്ങൾ മേൽക്കൈ നേടുന്നു.

Satchitanandan

കാടുകളിൽ കഴിയുന്ന നാടില്ലാത്ത ഗോത്രങ്ങൾ, അഭയാർത്ഥികൾ, ചാർവാകർ, അനാഥർ, ഭിക്ഷക്കാർ, ഒരു തുണ്ട് ഭൂമിയില്ലാത്ത കൃഷിക്കാർ.. എല്ലാവരും പൗരത്വം തെളിയിക്കേണ്ട ഗതികേടിലായി. സ്ഥിരം ശത്രുക്കളായി പ്രജാപതി കരുതിയിരുന്നവർ ഈ കല്പനയിൽ ഉള്ളിലെ നീറ്റലൊതുക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു. ഉന്മാദപുരി രണ്ട് കുറി വിഭജിക്കപ്പെട്ടപ്പോഴും പുതിയ നാടുകളിൽ പോകാതെ ഇവിടെത്തന്നെ കഴിയാൻ തീരുമാനിച്ചവരായിരുന്നു അവർ. പ്രജാപതിയുടെ കല്പനയിലെ ഏകശിലാ ഘടന പ്രാദേശിക സംസ്കൃതിയെ, സാംസ്കാരിക വൈവിദ്ധ്യങ്ങളെ എങ്ങനെയാണ് തമസ്ക്കരിക്കുന്നതെന്ന് കറുത്ത ഫലിതമായി കഥയിൽ രേഖപ്പെടുന്നുണ്ട്. ”ഒരു രാത്രി കിറുക്കാം പുറത്തെ കാവുകളിലും കോവിലുകളിലുമുള്ള ദേവതമാർ തട്ടകത്തെ ഭഗവതിയുടെ നേതൃത്വത്തിൽ യോഗം കൂടി: നമ്മൾ ജനനരേഖയ്ക്ക് എവിടെ പോകും? അവർക്കൊന്നും റേഷൻ കാർഡുകൾ പോലും ഇല്ലായിരുന്നു. വല്ലപ്പോഴും വഴിപാടായി കിട്ടുന്ന ചോറും പായസവും ഭക്ഷിച്ചാണ് അവർ കഴിഞ്ഞ് കൂടിയിരുന്നത്. തങ്ങളുടെ മതം അവർക്കറിയില്ലായിരുന്നു . ‘ദര്‍ഗകളിൽ നിന്നുള്ള പുണ്യാത്മാക്കളും അവരുടെ കൂടെ കൂടി”. ശ്മശാനങ്ങളുടെ അടിക്കല്ലിളക്കിക്കൊണ്ടുള്ള കണക്കെടുപ്പും പ്രേതഭാഷണങ്ങളും ചരിത്രത്തിന്റെ
അടരുകളെയെല്ലാം അപഹസിക്കന്ന ഒന്നായി രാജശാസനം മാറുന്നത് അവതരിപ്പിക്കുന്നു. മതവും പൗരത്വവും ഉൾച്ചേർത്ത് രൂപപ്പെടുത്തുന്ന അധികാരത്തിന്റെ, ബ്യൂറോക്രസിയുടെ തടങ്കൽ പാളയനിർമ്മിതികൾ, ദേശദ്രോഹികളെന്ന ചാപ്പ കുത്തൽ.. സിവിൽ സമൂഹം നേരിടുന്ന പ്രശ്ന സങ്കീർണ്ണമായ അവസ്ഥയെ നിർദ്ധാരണം ചെയ്യുകയാണ് കഥ.

നാടോടിക്കഥാ മട്ടിൽ തുടങ്ങി അന്യാപദേശ രൂപേണ ചരിത്രവും സമകാലികതയും സംവാദാത്മകമാകുന്ന, സമകാലിക ഇന്ത്യനവസ്ഥ പ്രതിഫലിക്കുന്ന , രാഷ്ട്രീയ -മാനവിക ജാഗ്രതയുടെ ഉൾസാരമായി കലിപൂണ്ട കാലത്തെ അപനിർമ്മിക്കുകയാണ് കഥ. അന്യാപദേശ രൂപത്തിൽ മലയാള മനസ്സിനോട് സംവദിച്ച ഒ.വി.വിജയന്റെ ‘ധർമ്മപുരാണം’, വി.കെ എൻ ന്റെ ‘അധികാരം ‘എന്നീ നോവലുകളെ ഇത്തരുണത്തിൽ ഓർക്കുന്നു. ദിവസവും കൂടുതൽ ഉയരത്തിൽ പാറിപ്പറക്കുന്ന പ്രജാപതിയുടെ പതാക സൃഷ്ടിക്കുന്ന നിഴല്‍ ‘ഭൂമിയിലെ പകലുകളെ രാത്രികളാക്കിക്കൊണ്ടിരുന്നു’. അതിനെ ഭേദിക്കുന്നത് ഇപ്പോൾ പെറ്റു വീണ ഒരു കുഞ്ഞിന്റെ മുഷ്ടി ചുരുട്ടിയുള്ള അലറിക്കരച്ചിൽ മാത്രമാണ് എന്ന സമരോത്സുക പ്രത്യാശയിലാണ് കഥ അവസാനിക്കുന്നത്.

പ്രസാദ് കാക്കശ്ശേരി
mob 9495884210

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...