പ്രണയദിനം കഴിഞ്ഞ്‌ പിറ്റേന്ന് പകൽ

0
362
ks krishnakumar

കെ എസ്‌ കൃഷ്ണകുമാർ

ഉത്സവപ്പറമ്പുപ്പോലെ
ചവറുകൾ
ബാക്കിവാക്കുകൾ.
വിൽക്കാതെ
ആരും വരാതെ
കാത്തുകാത്തുറങ്ങിയവ
ഇനി കരയില്ലെന്ന്
മുഖം തുടയ്ക്കുന്നു.
ജീവിക്കാൻ
പ്രണയമൊന്നും വേണ്ടെന്ന്
കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച
കുരുവി പിറുപിറുക്കുന്നു.
വരുംവരുമെന്ന്
ഒടുക്കം
കണ്ണു വിളക്കായി മാറിയ
വേഴാമ്പലാണിപ്പോൾ
തലമുണ്ഡനം ചെയ്ത്‌
ഇതുവഴി
പുഴയുടെ
ഉള്ളിലേക്ക്‌ നടന്നത്‌‌.
മൂലകളും  മുറ്റങ്ങളും
ചെടിമറവുകളും
വഴികളും വരാന്തകളും നിറയെ
വർണ്ണച്ചരടുകൾ
സമ്മാനപ്പൊതിക്കടലാസുകൾ
യുദ്ധം തീർന്ന് തിരികെപോകുന്ന കപ്പൽപ്പടകൾ,
ഭൂമിയാകെ
ഇഷ്ടത്തിന്റെ കടൽ.
ചുംബിച്ചുതീരാത്ത ചുണ്ടുകൾ
വിറയ്ക്കുന്നത്‌ കേൾക്കുന്നുണ്ട്‌,
മുഖമാകെ മഞ്ഞമുളകൾ ഉരഞ്ഞുരഞ്ഞ്‌  ഒച്ചവയ്ക്കുന്നു,
ഉമിനീരോളം
വീര്യമേത്‌ വീഞ്ഞിനെന്നൊരു വാക്യമെഴുതി വച്ചിരിക്കുന്നു തലയിണയിൽ സ്വപ്നത്തിന്റെ കറനിറത്തിൽ.
പാടിയ പാട്ടുകൾ ചരടുപൊട്ടിയ പട്ടങ്ങളായി ഇപ്പോഴും മണ്ണിലിറങ്ങാതെ
എത്രയെത്ര മനസ്സുകൾ വലിയ ആകാശങ്ങളും പേറി, എത്രപേരാണു
ഇന്ന് പകൽ ‌
നിലാവിൽ
പണിക്ക് ഇറങ്ങുന്നത്‌.
പറയാതെപ്പോയ സ്നേഹങ്ങളൊക്കെയും ആത്മാക്കളാകും,
വല്ലാതെ അമർത്തിവച്ചവ തുമ്പികളായി പറക്കും.
ഞാനും
ഭൂമിയിലേക്ക്‌ ഇറങ്ങുകയാണു.
നന്ദിയുണ്ട്‌,
നിറയെ
നക്ഷത്രപദങ്ങൾ പതിച്ച്‌
ഒരു ആകാശദിവസം തന്നതിനു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here