പ്രശസ്ത നടന്‍ കെ.എല്‍ ആന്റണി(79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലെയ്ക്ക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആന്റണിയെ ആലപ്പുഴ പ്രൊവിഡൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ വൈകിട്ടോടെ നില വഷളായി. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിലേയ്ക്ക് കൊണ്ടുവരുന്ന വഴി പൾസ് റേറ്റ് ക്രമാതീതമായി തുടരുകയും അടുത്തുണ്ടായിരുന്ന ലേയ്ക്ക്‌ഷോർ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് നിമിഷങ്ങൾക്കുള്ളിൽ കെഎൽ ആന്റണി അന്തരിച്ചു.
‘മഹേഷിന്റെ പ്രതികാരം’, ‘ഗപ്പി’, ‘ഞെണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം കേരളത്തിലെ അറിയപ്പെടുന്ന നാടകനടന്മാരില്‍ ഒരാളാണ്. മാനുഷ പുത്രന്‍, ചങ്ങല, അഗ്നി, കുരുതി, ഇരുട്ടറ തുടങ്ങിയ പ്രശസ്തങ്ങളായ നാടകങ്ങളിലെ അന്റണിയുടെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു,.
ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്. 1952 മുതല്‍ അഭിനയരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ആന്റണി. നാടക രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 2016 ല്‍ ‘മഹേഷിന്റെ പ്രതികാരം’ എന്ന ജനപ്രിയ ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ അച്ഛന്‍ വേഷത്തിലെത്തിയ കെ.എല്‍ ആന്റണിയുടെ ‘ചാച്ചന്‍’ എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നാടക പ്രവര്‍ത്തകയും നടിയുമായ ലീനയാണ് ആന്റണിയുടെ ഭാര്യ. മഹേഷിന്റെ പ്രതികാരത്തില്‍ നായിക അപര്‍ണ ബാലമുരളിയുടെ അമ്മ വേഷം ചെയ്തത് ലീനയായിരുന്നു.