റിബലുകള്‍ ശരണം വിളിക്കുന്നു

0
378

ഉനൈസ് വട്ടപ്പറമ്പൻ

പതിനെട്ട് അംഗരാജ്യങ്ങള്‍ക്കി-
പ്പുറത്ത് നിന്ന്
റിബലുകള്‍ ശരണം മുഴക്കുകയാണ്..
സിന്ദൂരം
പടികയറുമ്പൊഴേക്കും
ധീരനായൊരു ദൈവം
ഇറങ്ങിയോടുന്നു..
അശുദ്ധിയുടെ നാലാംഘടകവും പേറി
പെണ്ണൊരുത്തി ഭൂമിയെ ചാരമാക്കികളയുന്നത്രെ..
പത്‌നിയുടെ മാറത്തേക്കും
പെങ്ങളുടെ അടിവയറ്റിലേക്കും
ഭക്തന്റെ ശൂലങ്ങള്‍ പാഞ്ഞടുക്കുന്നു
അമ്മയുടെ ചോരപ്പാടിലും കൊടികുത്തി ചിലര്‍ പുലഭ്യം പറയുന്നു..
അവരാണത്രെ ധീരനായൊരു ദൈവത്തിന്റെ കാവല്‍ക്കാര്‍..
അവര്‍ തന്നെയാണ്
സര്‍വ്വപ്രപഞ്ചനായിരുന്ന ദൈവത്തെ
കല്ലില്‍ പിടിച്ചിരുത്തി
നിശബ്ദനാക്കിയതും.!
ആരാണ്
വിശ്വാസത്തിലേക്കുള്ളയീ ഏണിപ്പടികളില്‍
രക്തം ഛര്‍ദ്ദിച്ചത്..?
കഴുകിക്കളയുക ഉടന്‍ തന്നെ,
പെണ്ണിന്റെയവകാശം ഭയക്കുന്ന
ദൈവം കുടികൊള്ളുന്നിടമാണത്രെ ഇത്..


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)

LEAVE A REPLY

Please enter your comment!
Please enter your name here