പാവകളി

0
262

ഞെട്ടറ്റു വീണിട്ടും തലപൊക്കിയ ഓർമ്മകളുടെ
കനച്ച ഗന്ധമായിരുന്നാ പാവക്ക്.
നിലംപൊത്തി തറയുടെ ചുണ്ടിൽ ചുംബിക്കവേ,
മോഹങ്ങൾ കെട്ടിപ്പൂട്ടി വെച്ച
ഉപ്പുമാങ്ങാ ഭരണിയിലേക്കായിരുന്നു അവളുടെ നോട്ടം.

ഒരിക്കൽ പച്ച മാങ്ങാക്കൊതി പറഞ്ഞന്നു
കൊണ്ടുത്തന്നതാണാ ഉപ്പുമാങ്ങ ഭരണി.
പാകമാകാൻ കാത്തിട്ടോ
വായിലേക്കെടുത്തില്ലെങ്കിലും,
മണ്ണിലേക്കെടുത്തല്ലോ!!!
നാളേറെയായി ഉപ്പു കുടിച്ച് ജീർണിച്ചിരുന്ന സ്വപ്നങ്ങൾ
കല്ലിച്ചു കിടക്കുന്നുണ്ടായിരുന്നു അവളുടെ കവിൾത്തടങ്ങളിൽ.
ഒരു നാൾ അള്ളിപ്പിടിച്ചു കാമിച്ച പൂപ്പലുപോലും,
അടർന്നകന്നു മാറിയിട്ടുണ്ട്

ഉപ്പു ഭരണിയിലേക്കോടിയെത്തും മുന്നേ പ്രണയം
തല്ലിക്കൊഴിച്ചൊരു “കണ്ണിമാങ്ങാ” ജീവിതമുണ്ടായിരുന്നാ കണ്ണീർച്ചാലിൽ.

ഇരുൾ മറമൂടിയ നിഴലിനെ കാക്കാൻ
ഓടിയടുത്ത പാവയായിരുന്നവൾ.
കാലടികൾ പിടഞ്ഞെണീക്കും മുന്നേ
മനസ്സുകൾ പാഞ്ഞടുത്തിരുന്നു
കുതിപ്പിനിടയിലെയാ.. കിതപ്പിലെപ്പോഴോ
കാലിലെ ചരടവൻ പിന്നോട്ട് ചായ്ച്ചെങ്കിലും
ഓട്ടമൊരു ഒറ്റക്കാലടിയിലേക്കായി
ഉടനേ ചരടുവലിക്കും മുന്നേ…
ഓടിത്തീർക്കണമായിരുന്നാ സ്വപ്നം.
കാലൊന്നിടറിയിട്ടും പിടിതെറ്റി വീണിട്ടും
തുള്ളി തുള്ളി പെണ്ണ് ഓടിക്കളിച്ചു.
അവൻ ഇടതൊന്നയച്ചപ്പോൾ, വലതൊന്നു ചാഞ്ഞവൾ
വിരലൊന്നനക്കിയപ്പോൾ ചാടി, ഓടിത്തുടങ്ങിയവൾ..

ചരടുവലിച്ച് തഴക്കം വന്ന പാവ-
കളിക്കാരനായിരുന്നവൻ, ആണ്.
ഇച്ഛക്കൊത്തവൻ അവളെ ആടിച്ചു.
വിറളി വാടും വരെ തളം കെട്ടിയ
കണ്ണീരിനുമീതെ തല തല്ലി പെണ്ണ് തുള്ളിയാടി.
കാലു കുഴഞ്ഞവൾ നിലം പറ്റും വരെ
ചരടുവലിച്ചവൻ , അവൾ പാവകളിച്ചൂ.
ആ ചരടിനെന്ത് പോയീ.. ഒന്ന് പോയാൽ വേറെ.
കാലം ഓടുകയല്ലേ.. ചരടിൽ ബന്ധിച്ച് ആട്ടുന്നത് തൊട്ട്
കീ കൊടുത്താൽ പണിയെടുക്കുന്ന കളിപ്പാവ വരെ
നിരന്നു നിൽക്കുകയാണ് ജീവനില്ലാത്ത നൂറുകൂട്ടത്തിലെ,
ജീവനുള്ള” പെൺ പാവ”.
ചരടുവലിക്കാൻ അവനും, പാവകളിക്കാൻ അവളും..
അതല്ലേ നടപ്പ്!!!
എങ്കിലും,
ജീർണിച്ചു പോയവളുടെ
കല്ലു മോഹങ്ങളായിരുന്നാ ചില്ലു കുപ്പിയിൽ..
കൊടുക്കായിരുന്നു ഒന്നെങ്കിലും, കല്ലിച്ചു പോയതല്ലേ…


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here