പേര്: പത്തൊമ്പത് ലക്ഷത്തി ആറായിരത്തി അറുനൂറ്റി അമ്പത്തി ഏഴ് മനുഷ്യർ സ്ഥലം: ആസ്സാം

0
226

അബ്ദുൽ അഹദ്
നാളെയീ സ്ഥലത്തിന്റെ സ്ഥാനത്ത് എന്തു ചേർക്കും എന്നറിയില്ല.
പൗരത്വമില്ലാത്തവന്റെ, രാജ്യമില്ലാത്തവന്റെ സ്ഥാനം രാജ്യാതിർത്തികൾക്കപ്പുറമുള്ള കടലാണെന്നാണ് റോഹിൻഗ്യർ പഠിപ്പിച്ചത്.
……
നാളെ,
ഞങ്ങളുടെ മേൽവിലാസം ഇല്ലാതാക്കാൻ നിങ്ങളെത്തുമ്പോൾ പ്രാതൽ കഴിച്ചെത്തുക.
ഞങ്ങൾ കൃഷി ചെയ്ത ധാന്യങ്ങളില്ലാതെ നിങ്ങൾക്ക് പ്രാതൽ കഴിക്കാനൊക്കില്ലല്ലോ.
നന്നായി അലക്കിത്തേച്ച വസ്ത്രം തന്നെ ധരിക്കുക,
ഞങ്ങൾ നെയ്തതല്ലാതെ മറ്റൊന്ന് നിങ്ങൾക്കില്ലല്ലോ
…….
എന്നിട്ടും,
രജിസ്റ്ററിൽ പേരില്ലത്രേ!
ഈ മണ്ണിൽ പൊടിഞ്ഞ വിയർപ്പുതുള്ളികളുടെ ഗന്ധം നിങ്ങൾക്ക് ഇല്ലാതാക്കാനാകുമോ?
ഇവിടെ പൊടിഞ്ഞ ചോരക്കറകൾ മായ്ക്കാനാകുമോ.
……
ഞങ്ങളുടെ വീടുകൾ തകർക്കാതിരിക്കുക.
വർഷങ്ങളുടെ പ്രയത്നമാണ്.
നിങ്ങൾക്കുപയോഗിക്കാം, നല്ല വീടാണ്.
വീടിനകത്ത് കയറി നോക്കാതെ തീയിടരുത്, നിങ്ങളുടെ വീടിന്റെ ഷോക്കേസ് നിറക്കാൻ പറ്റിയത് കിട്ടിയേക്കാം.
…….
പിതാവിന്റെ കാര്യമാണ് കഷ്ടം!
ഞങ്ങളെല്ലാം പൗരന്മാർ.
പതിറ്റാണ്ടുകൾക്കു മുമ്പേ ഇവിടെയുള്ള പിതാവ്
ഇവിടുത്തുകാരനല്ലാതായിത്തീർന്നിരിക്കുന്നുവത്രെ.
പക്ഷെ,
കടലിൽ അലയേണ്ടി വരില്ല.
കോൺസെൻട്രേഷൻ ക്യാമ്പുകൾ ഉണ്ടല്ലോ,
അഭിനവ ഹിറ്റ്ലർമാർ ഒരുക്കിയത്.
ഉപ്പുവെള്ളം കുടിച്ച് മരിക്കേണ്ടല്ലോ,
വിഷപ്പുക ശ്വസിച്ച് മരിക്കാം.
അയ്‌ലൻ കുർദിയെപ്പോലെ കടൽത്തീരത്തടിയേണ്ടി വരില്ല,
കണ്ണു തുറിച്ച് ചത്തുമലച്ച് കിടക്കാം.
……
ഇല്ല,
നിങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാനാകില്ല.
കഴുത്തിന് പിടിച്ച് പുറത്തേക്കെറിയുന്ന കുട്ടികളുടെ രോദനം നിങ്ങളെ ഉറക്കം കെടുത്താതിരിക്കില്ല
തല്ലിച്ചതക്കപ്പെട്ട വൃദ്ധരുടെ ശാപവാക്കുകൾ നിങ്ങളെ വേട്ടയാടാതിരിക്കില്ല.
കാമം തീർത്ത പെൺകുട്ടികളുടെ കെഞ്ചൽ നിങ്ങളെ ആലോസരപ്പെടുത്താതിരിക്കില്ല, നിങ്ങളുടെ മകളെ കാണുമ്പോൾ അവരെ ഓർക്കാതിരിക്കാനാവില്ല.
…….
കാഴ്ച്ച കണ്ടുനിൽക്കുന്നവരേ,
നിങ്ങളും സുരക്ഷിതരല്ല.
ഇന്ന് അവർ നിങ്ങളെ ഒന്നും ചെയ്യില്ല, നിങ്ങൾക്ക് വേണമെങ്കിൽ അവരോടൊപ്പം കൂടാം.
പക്ഷെ,
നാളെ,
അവരുടെ ട്രക്കുകൾ നിങ്ങളുടെ ഗ്രാമത്തിലുമെത്തും.
പട്ടാളത്തിന്റെ ബൂട്‌സ് നിങ്ങളുടെ വീട്ടുപടിക്കലുമെത്തും.
തോക്കിൻമുന നിങ്ങളുടെ നേരെയും ചൂണ്ടപ്പെടും.
അപ്പോൾ നിങ്ങൾ ഒരു ഫ്ലാഷ്ബാക്ക് പോലെ എല്ലാം കാണും.
പക്ഷെ,
നിങ്ങൾക്കത് പൂർത്തിയാക്കാൻ സമയം കിട്ടിക്കൊള്ളണമെന്നില്ല.
സമയമപ്പോൾ വേഗത്തിൽ സഞ്ചരിക്കും.
അല്ല,
ആളുകളുടെ എണ്ണം കുറവായ കാരണം അവർ വേഗം പണി തീർത്ത് മടങ്ങിപ്പോകും.

Illustration : Subesh Padmanabhan


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
9048906827 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here