വിദ്യപൂവഞ്ചേരി
ശബ്ദിക്കാനറിയാത്തവരുടെ
ദേശത്തു വന്ന്
ശബ്ദമില്ലാതായിപ്പോയതാണ്.
ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ
വന്ധ്യംകരണം ചെയ്ത്
കല്ലെറിയരുത്.
ചലിക്കാനറിയാത്തവരുടെ
തൂക്കുപാലത്തിൽ കയറി
നിശ്ചലമായിപ്പോയതാണ്.
ചോരവറ്റിയ കൈകാലുകളറുത്തു
വിൽപ്പനക്ക് വെക്കരുത്.
കാഴ്ചയില്ലാത്തവരുടെ
ആകാശത്തിലെത്തിയപ്പോൾ
ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്.
വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ
ശസ്ത്രക്രിയ ചെയ്ത്
ഊന്നുവടി കൊടുക്കരുത്.
പുഷ്പിക്കാനറിയാത്തവരുടെ
പൂന്തോട്ടത്തിൽ
അതിഥിയായി എത്തിയതാണ്.
ഇരുട്ടിലൂടെ നുഴഞ്ഞുവന്ന്
മൊട്ടിടുന്ന വസന്തത്തിന്
വേലികെട്ടരുത്.
ഹൃദയമില്ലാത്തവരുടെ
കളിക്കളത്തിൽ
കളിമറന്ന് ഒരുമാത്ര
പകച്ചു നിന്നതാണ്.
തോറ്റതാണെന്നു കരുതി
കിതപ്പു മാറാത്ത ലോകത്തെ
കീഴ്മേൽ മറിക്കരുത്.