ഉനൈസ് വട്ടപ്പറമ്പൻ
നാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു
കല്യാണം നടക്കുകയാണെങ്കിൽ
ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും
അവൾക്ക് പിന്നിലായി
ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം
ആളുകൾ മുറ്റം നിറയുമ്പോൾ
ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ
പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ
എന്റെ ശ്രദ്ധ പാളും
എന്റെ നോട്ടം ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന
അവളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടേക്കാം
എന്റെ പുസ്തകത്തിലന്നേരം
ഇതുവരെ പറഞ്ഞിട്ടില്ലാത്തൊരു പ്രണയത്തിന്റെ ഓർമ്മ തെളിയും
വരികൾക്കിടയിൽ അകലം കൂടിക്കൂടി
കഥകളിലേക്കെത്താതെ ഞാൻ ചക്രശ്വാസം വലിക്കും
അടിമുടി പകച്ച് നിൽക്കുന്ന ഞാൻ
അവൾക്കെഴുതാൻ കരുതിയിരുന്ന
കത്തിന്റെ ഉള്ളടക്കം ഓർത്തെടുക്കുകയാണെങ്കിൽ
അതിപ്രകാരമായിരിക്കണം:
“ജെനീ..
എന്റെയുടലിൽ ചുറ്റിയ വള്ളികളിൽ നക്ഷത്രങ്ങൾ മൊട്ടിടുന്ന കറുത്ത രാത്രികളെക്കുറിച്ച്.
രാത്രികളോടെന്നപോൽ
നിന്നോടുമെനിക്ക് കൊതിയാണ്
നമ്മുടെ മാത്രം
നമ്മുടെ മാത്രം ശരത്കാലത്തിലേക്ക്
നീയെന്നാണ് സമ്മതം മൂളുക
ഇനിയെന്നാണ് രാത്രിയാവുക.. ”
പുസ്തകം വലിച്ചെറിഞ്ഞ് മുറ്റത്തേക്കിറങ്ങി ഞാൻ
മതിലേൽ ചാഞ്ഞെത്തിനോക്കുമ്പോഴേക്ക്
അവളെന്റെയയൽക്കാരിയായി വീടിനകത്തേക്ക് കയറിപ്പോയിട്ടുണ്ടാവും
എന്റെ സ്വപ്ന ഗോപുരങ്ങളെ അൽ ഖാഇദെ ഭീകരർ
ബോംബു വെച്ച് തകർക്കുമ്പോൾ
പത്താമത്തെ നിലയിൽ തളർവാത൦ വന്ന്
കിടപ്പിലായവനെപ്പോലെയാകു൦ ഞാൻ
തിരിച്ചോടി വന്ന് മൊബൈലെടുത്ത് നോക്കിയേക്കാം
അതിൽ കിടപ്പുണ്ടാവും
ഞാനയക്കാത്തത് കൊണ്ട് മാത്രം
അവളിലേക്കെത്താതെ പോയ എന്റെ മെസ്സേജുകൾ
അത് കൊണ്ട്
എന്റയയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ
നിന്നെ ഞാൻ പ്രണയിക്കുന്നു