ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ

0
259

ജയേഷ് വെളേരി

ഹൃദയത്തിന്റെ സൂക്ഷിപ്പുകാരെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ആ കവിത അവസാനിച്ചത്
വരികൾക്കിടയിൽ ഉടനീളം രഹസ്യങ്ങൾ സൂക്ഷിച്ചവരുടെ കഥകളായിരുന്നു
വെന്തുനീറി മരിച്ചവരുടെ
ഒറ്റിക്കൊടുത്ത് മറഞ്ഞു നിന്നവരുടെ
വലിയ സ്വപ്നം കാണിച്ച് കൊന്നവരുടെ
നീറിയ പാഴ്മരങ്ങളുടെ
ചിതലരിച്ച പ്രേതാലയങ്ങളുടെ
പെയ്തൊഴിഞ്ഞ കെടുതികളുടെ
ചിമ്മിനി വിളക്കിൽ തെളിഞ്ഞ മുഖങ്ങളുടെ
കയ്പുനീർ നുണഞ്ഞൊഴുകിയ
കാട്ടരുവിയുടെ
അസഹ്യമായ രഹസ്യവും പേറി
എത്രനാൾ എന്നറിയില്ല
രാത്രി പറയാതെ പെയ്ത മഴയിൽ എല്ലാം ഒഴുക്കി വിട്ട്
ഹൃദയത്തിന്റെ സൂക്ഷിപ്പുകാരെ
ദൂരെ നിന്ന് നോക്കണം
എത്ര ഉരുകിയിട്ടും തീരാത്ത രഹസ്യങ്ങളും ചേർത്ത്
ഒരു കവിതയാക്കണം
കഴുത്തിൽ തൂക്കി ഹൃദയത്തിന്റെ സൂക്ഷിപ്പുകാരനായി
ദൂരെ യാത്ര പോകണം…

LEAVE A REPLY

Please enter your comment!
Please enter your name here