ഫസ്ന പൊക്കാരി
കൂട്ടില്ലാതെ കൂടുവിട്ട് ഓടിപ്പോവാൻ
ഒരിടം കണ്ടെത്തണം.
തല കീഴെ നടന്ന്
ഉടലിന്റെ ഭാരം കൂട്ടി
മനുഷ്യരെ കാണാൻ ഇറങ്ങണം.
കണ്ടിടങ്ങൾ തെണ്ടി നടന്ന്
സ്വപ്നം എഴുതി വെക്കണം.
ലോകം കറങ്ങുന്ന കാറ്റിൽ നിന്ന് പെറുക്കി എടുത്ത
ഉന്മേഷതന്തുക്കൾ ശ്വാസത്തിൽ അലിയിച്ച്
ഊർജ്ജമാവാഹിക്കണം.
ഉറവിടം കണ്ടെത്തിയ സന്തോഷത്തെ
സ്വതന്ത്രമാക്കണം .
ചവിട്ടിക്കൂട്ടിയ മണ്ണിലൊരംശം കോരിയെടുത്ത്
കുപ്പിയിലടച്ച് കൂട്ടിവെച്ച
ആറടി മണ്ണിൽ നീർമാതളം നട്ടു നനയ്ക്കണം.
സ്വത്വം തിരിച്ചറിവിന്റെ പട്ടുനൂലാവുമ്പൊ
മണ്ണായിത്തീരണം.
ഉണരാതുറങ്ങുന്നിടത്ത് ഉറവയായ്
പുനർജനിച്ച് ഒഴുകുന്ന കവിതയായ് മാറണം.
ഭൂമിയാവണം.. ചോരയാവണം…
പുല്ലിലും കല്ലിലും പൂമ്പാറ്റയിലും
ഓളങ്ങളാവണം.