എന്തൊരു അലങ്കോലപ്പെട്ട അസഹനീയതയാണ് ഈ പ്രേമം

0
424
Arsha Kabani

ആര്‍ഷ കബനി

എന്റെ കവിതക്ക് പ്രണയത്തിനുപകരം
മറ്റൊരു വാക്ക് വേണമായിരുന്നു.
ഭ്രാന്ത്,
നോവ്,
കനൽ,
വിഭ്രാന്തി,
ഏകാന്തത,
മുറിവ് ,
ആനന്ദം,
ആത്മാവ്,
അസഹനീയം ,
മരണം
തുടങ്ങിയ വാക്കുകൾ കുഴച്ചെടുത്ത്
ചെറിയ ഉരുളകളാക്കി വെച്ചു.

എന്റെ കവിതയിൽ നിന്റെ പേരിനു പകരവും. ഞാനതുതന്നെ മാറ്റി നിരത്തി.

ഇത്തരം കവിതകളെഴുതുമ്പോൾ
എന്റെ തലമുടി കൂടുതൽ കെട്ടുപിണയുന്നു.
എന്ത് നാശമാണിത്.

33 മുടികൾ കെട്ടുപിണഞ്ഞു കിടന്നു.
വേർപെടുത്തിയെടുക്കാൻ മടി തോന്നിയപ്പോൾ –
ഞാൻ കത്രികയെടുത്ത് അതിനെ പാതിയിൽ മുറിച്ചു.
ഈ 33 മുടികളുടെ കാര്യത്തിൽ നിനക്ക് സംശയമുണ്ടോ?
ഉണ്ടെങ്കിൽ എണ്ണി നോക്ക്
സ്നേഹത്തോടെ ഓരോ മുടിയും –
പതുക്കെ വേർപെടുത്ത്….
പതുക്കെ എനിക്ക് വേദനിക്കുന്നു.

ഈ അക്ഷരങ്ങൾ എപ്പോഴാണ് നമ്മുടെ പ്രണയത്തെ എടുത്തണിയുക .
ഊരി വീഴാതിരിക്കാൻ ഈ മെലിഞ്ഞ വാക്കുകൾക്ക്
ഞാനൊരു Safety Pin വാങ്ങികൊടുക്കും,തീർച്ച.
പ്രണയം ശരീരവുമായി ആത്മാവിനെ തുന്നി വെച്ച Safety Pin ആണെന്ന് ഒരു തോന്നൽ.
എന്തൊരു നശിച്ച തോന്നലാണിത് ,
ഇതിന്റെ  മുന കൈയിൽ ഒരു കുത്ത് കുത്തിയിരിക്കുന്നു.
നശിച്ച വേദന.

Arsha Kabani
പാവം വാക്കുകൾ –
പ്രണയത്തെ വേട്ടയാടി
പിടിച്ചുകെട്ടി
മെരുക്കി
കൊണ്ടുവന്നപ്പോഴേക്കും തളർന്നിരിക്കുന്നു.
അൽപ്പംപോലും മെരുങ്ങാത്ത
ഒരു കാട്ടു പ്രണയത്തെ
വാരിക്കുഴിവെച്ച് വീഴ്ത്തി
പിടിച്ചു കൊണ്ടുവന്ന്
കവിതയിൽ അടച്ച് പാർപ്പിക്കുമ്പോൾ –
ഈ കവിതക്ക്
ഇങ്ങനെയൊക്കെയാവാനേ പറ്റൂ…
ഒരു കാട്ടുകഴുവേറി കേറി താമസിക്കുന്ന
ഈ ഉടലുപോലെ …
എന്തൊരു അലങ്കോലപ്പെട്ട അസഹനീയതയാണ്
ഈ പ്രേമം.
ഒന്നടുക്കിവെച്ചൂടെ നിനക്കെന്നെ
ഇങ്ങനെ ചിതറിച്ചിടാതെ.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here