‘ഞങ്ങളുടെ കഥ ഞങ്ങള്‍ പറയാം’ എന്ന ആത്മവിശ്വാസത്തിന്റെ മുഴക്കത്തോടെ ദൃശ്യങ്ങള്‍ നെയ്യുന്ന സംവിധായകയാണ് നടവയലിലെ ലീല സന്തോഷ്. കേരളത്തില്‍ ആദ്യമായി ഡോക്യുമെന്ററി സംവിധാനം ചെയ്ത ആദിവാസി സ്ത്രീ കൂടിയാണ് ലീല. ലീല സംവിധാനം ചെയ്യുന്ന കരിന്തണ്ടന്‍ വരുന്നു. കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ‘ബ്രിട്ടീഷുകാര് വയനാട്ടിലേക്കു വന്ത കാലത്തു അവരക്കു മലെമ്പെ കേറുവുള എളുപ്പ വയികാട്ടി കൊടുത്ത കരിന്തണ്ടനെ വഞ്ചികെത’ എന്ന് പോസ്റ്ററില്‍ പറഞ്ഞുകൊണ്ട് ചരിത്രത്തിലേക്ക് കൂട്ടികൊണ്ട് പോകുകയാണ് ലീല.
സുഹൃത്തായ ബിജുവിനൊപ്പം സിനിമാലോകത്തേക്ക് ആദ്യ ചുവടുവെച്ച ലീല, അദ്ദേഹത്തിന്റെ തന്നെ ‘നാളെ’ എന്ന ചിത്രത്തിലൂടെ സഹസംവിധായകയായാണ് തുടക്കം. ബേബി സംവിധാനം ചെയ്ത ‘ഗുഡ’ എന്ന ചിത്രത്തിന്റെ സഹസംവിധയകയായിരുന്നു ലീല. 2013-ല്‍ ‘നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. പണിയ സമൂഹത്തിലെ അവിവാഹിതരായ അമ്മമാരുടെ ജീവിതമായിരുന്നു ഇതിവൃത്തം.