കല്യാണം എന്ന സിനിമയിലൂടെ നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷും മലയാള സിനിമയിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് ശ്രാവണും സിനിമയിലേക്കെത്തിയത്. രാജേഷ് ബി ആര്‍ സംവിധാനം ചെയ്ത സിനിമയില്‍ പുതുമുഖ നടി വര്‍ഷയാണ് നായികയായി അഭിനയിച്ചത്. മകനൊപ്പം സിനിമയില്‍ മുകേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം
ക്ലീഷെ കല്യാണം
ക്ലീഷെ കല്യാണം
മുകേഷിന്റെ പുത്രൻ ശ്രാവൺ നായകനായി അരങ്ങേറുന്ന കല്യാണം എന്ന സിനിമയുടെ ടാഗ്-ലൈൻ ‘എ ക്ലീഷേ ലവ് സ്റ്റോറി’ എന്നാണ്. ടാഗ്-ലൈനോട് 100 ശതമാനം നീതി പുലർത്തുന്ന വിധത്തിൽ തന്നെ രാജേഷ് നായർ എന്ന സംവിധായകൻ കല്യാണം തയ്യാർ ചെയ്തിരിക്കുന്നു. പറഞ്ഞ വാക്കിന് വിലയുണ്ടാവുക എന്ന് പറഞ്ഞാൽ ഇതാണ്. ഇനിയിപ്പൊ ആരോട് പരാതി പറയാൻ. സാൾട്ട് മാംഗോ ട്രീ എന്ന സിനിമയിലൂടെ അത്യാവശ്യം വെറുപ്പിച്ച രാജേഷ് നായരുടെ ഈ രണ്ടാം സിനിമ ആദ്യത്തെതിനേക്കാളും വാച്ചബിൾ ആണെന്ന് കരുതി ആശ്വസിക്കാം..
തൊണ്ണൂറുകളിലെ അന്തരീക്ഷം
ശീർഷകവും ടാഗ് ലൈനും സൂചിപ്പിക്കുന്ന പോലെത്തന്നെ ഒരു പ്രണയവും അതിനെത്തുടർന്ന് നടക്കുന്ന കല്യാണവും ആണ് സിനിമയുടെ ഇതിവൃത്തം. സിനിമ തുടങ്ങുന്നത് ഹരീഷ് കണാരൻ അവതരിപ്പിക്കുന്ന അമ്മാവൻ കഥാപാത്രത്തിന്റെ വോയ്സ് ഓവറോട് കൂടി 1970’കളുടെ അന്ത്യപാദത്തിലേക്കാണ്. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പിൻവലിച്ച് രണ്ട് മാസം കഴിഞ്ഞാണ് നായകനായ ശരത് ജനിക്കുന്നത് എന്ന് കണാരൻ സാക്ഷ്യപ്പെടുത്തുന്നു. അതായത് 1977ൽ. പിന്നീട് ക്രമാനുഗതമായ വളർച്ചയോടെ 90കളിലെ നവയൗവനത്തിലേക്ക് ശരത്തും പ്രണയവും എത്തിച്ചേരുന്നു. സിനിമയുടെ കാലഘട്ടം തൊണ്ണൂറുകൾ ആക്കിയതെന്തിനാണെന്ന് സംവിധായകന് മാത്രം അറിയാവുന്ന രഹസ്യമാണ്. പടം കാണുമ്പൊഴോ തിയേറ്ററിൽ നിന്നിറങ്ങിയാലോ നമ്മക്കത് പിടികിട്ടൂല്ല..
സംഗതി അതുതന്നെ
അയൽക്കാരായ സഹദേവൻ നായരുടെയും പ്രഭാകരന്റെയും മക്കളായ ശരതും ശാരിയും കുട്ടിക്കാലം മുതലേ ഇഷ്ടപ്പെട്ടും ഇണങ്ങിയും പിണങ്ങിയും കൂട്ടുകൂടി വളർന്നിട്ടും ഉള്ളിലുള്ള പ്രണയം തുറന്നു പറയാനാവാതെ ഉള്ളിലിട്ട് വിങ്ങി ഒടുവിൽ നായികയുടെ വിവാഹത്തലേന്ന് രാത്രിയിലും പിറ്റേന്നുമായി കാണിച്ചുകൂട്ടുന്ന പതിവ് അഭ്യാസ പ്രകടനങ്ങൾ തന്നെയാണ് ഈ സിനിമയുടെയും ഇതിവൃത്തം. ആദാമിന്റെ കാലം മുതലേ സിനിമയിൽ കണ്ടുവരുന്നത്. ഈയടുത്ത് വന്ന “മാച്ച്ബോക്സിലും” കണ്ടത്.. എന്നാൽ ട്രീറ്റ്മെന്റിലുണ്ടോ വല്ല പുതുമയും എന്ന് ചോദിച്ചാൽ അതും “ങേഹേ..”
പഴക്കം
മാച്ച്ബോക്സ് എന്ന പടം കണ്ടപ്പോൾ ഇതിനെന്ത് റിവ്യൂ എഴുതാൻ എന്നുകരുതി ഞാൻ വെറുതെ വിട്ടിരുന്നു. ബട്ട് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു സെയിം വീഞ്ഞ് തന്നെയെങ്കിലും അത് ഇതിനെക്കാൾ മികച്ച ബോട്ടിൽ ആയിരുന്നുവെന്ന്. ഇത് സത്യം പറഞ്ഞാൽ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ഐറ്റമായിട്ടാ ഫീൽ ചെയ്യുന്നത്. അതുകൊണ്ടോ മറ്റോ ആവുമോ ഇനി രാജേഷ് നായർ തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലേക്ക് കല്യാണത്തെ തിരുകിക്കേറ്റിയത് എന്ന് അറിയില്ല താനും. മാച്ച്ബോക്സിനെ വെറുതെവിട്ട് പിന്നെ എന്തിന്ന് ഇതിന് റിവ്യൂ എഴുതാൻ മെനക്കെടുന്നു എന്ന് ചോദിച്ചാൽ മുകേഷിന്റെ മകന്റെ ആദ്യസിനിമ എങ്ങനെയെന്ന് അറിയാനുള്ള ഒരു കൗതുകം എല്ലാവർക്കും ഉണ്ടാവുമല്ലോ എന്നത് മാത്രം ഉത്തരം.
ശ്രാവൺ മുകേഷ്
വിക്കിപീഡിയയിൽ നോക്കുമ്പോൾ മുകേഷിന് 62വയസ് ആയെന്ന് കാണുമ്പോൾ അത് വിശ്വസിക്കാൻ ഒറ്റയടിക്ക് പാടായിരിക്കും. ജോമോന്റെ സുവിശേഷം കണ്ടപ്പോൾ തോന്നിയിരുന്നു, മറ്റേത് പഴയനടനെ വേണമെങ്കിലും അച്ഛനാക്കി മാറ്റാൻ എളുപ്പമാണ്, പക്ഷെ, മുകേഷിന്റെ ആ സ്മാർട്ട്നെസ്സും നോട്ടിനെസും സീരിയസ്ഫാദർ റോളുകൾക്ക് ഒരു പ്രതിബന്ധം തന്നെയാണ് എന്ന്. അങ്ങനെ ഉള്ള മുകേഷിന്റെ മകൻ നായകനായി വരുമ്പോൾ പ്രതീക്ഷകളും സ്വാഭാവികമാണ്. പക്ഷെ, ഹീറോ എന്ന നിലയിൽ ശ്രാവണിന്റെ പെർഫോമൻസ് ജസ്റ്റ് സോ-സോ എന്നേ പറയാനുള്ളൂ. ആദി കണ്ടതിനാൽ അധികം കുറ്റം പറയാനൊന്നും തോന്നുന്നില്ല, എടുത്ത് പറയാനുള്ള മികവ് ഒരു മേഖലയിലും ശ്രാവണിന് ഇപ്പോൾ ഇല്ല. മുകേഷിന്റെ ചുറുചുറുക്കും പ്രത്യുൽപ്പന്നമതിത്വവും തെല്ലും തന്നെ പുത്രന് കിട്ടിയിട്ടില്ല. ഡയലോഗ് പ്രസന്റേഷനിലെ അഴകൊഴമ്പൻ മട്ട് കാണുമ്പൊഴാകട്ടെ സുരേഷ് ഗോപിയോടാണ് കൂടുതൽ സാമ്യം. ശ്രാവണിന് ഫീൽഡിൽ പിടിച്ചു നിൽക്കണമെങ്കിൽ മരുന്ന് വേറെ തേടേണ്ടിവരുമെന്ന് ഉറപ്പ്.
കണാരൻ എന്ന നട്ടെല്ല്
നായകൻ അത്ര ഹീറോയിക് അല്ലെങ്കിലും അതിന്റെ കുറവ് നികത്തുന്നത് ഹരീഷ് കണാരൻ ആണ്. നായകന്റെ കൂട്ടുകാരനും രണ്ടു വയസ് മാത്രം അയാളെക്കാൾ മൂപ്പുള്ളവനുമായ അമ്മാവൻ റോളിൽ ഹരീഷ് നിറഞ്ഞു കവിഞ്ഞു. എത്ര ബോറൻ പടമായാലും ലൈവായി നിർത്താനുള്ള ഇച്ചെങ്ങായിയുടെ മിടുക്ക് അപാരമാണ്. ജേക്കബ് ഗ്രിഗറി, ശ്രീനിവാസൻ, സൈജു കുറുപ്പ്, സുധീർ കരമന, കോട്ടയം പ്രദീപ്, അനിൽ നെടുമങ്ങാട്, ചെമ്പിൽ അശോകൻ എന്നിവരൊക്കെ അതുമുണ്ട്. നായികയായ വർഷ കാണാൻ കളറാണ്. പ്രകടനമൊന്നും കാര്യമായി പുറത്തെടുക്കാൻ സിനിമ വർഷയോട് ആവശ്യപ്പെടുന്നില്ല. നായികയുടെ അച്ഛനായി വരുന്ന മുകേഷ് മകന്റെ പടമായതുകൊണ്ടോ എന്തോ ചിലപ്പോഴൊക്കെ വെപ്രാളപ്പെടുന്നതായി തോന്നുന്നു.
ദുൽഖർ, ഇന്ദ്രൻസ്
ഞങ്ങളെ ധൃതങ്കപുളകിതരാക്കിയ കുഞ്ഞിക്കയ്ക്ക് കടപ്പാടും നന്ദിയും എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ് കല്യാണം തുടങ്ങുന്നത്. പടത്തിലെ ഏറ്റവും ഹോട്ടായ ഒരു ഐറ്റം ദുൽക്കർ പാടിയ “ധൃതങ്കപ്പുളകിതനായി ശശാങ്കതരളിതനായി ഞാൻ” എന്ന പാട്ട് ആണ് എന്നതു തന്നെ കാരണം. പ്രകാശ് അലക്സ് ഒരുക്കിയ മറ്റ് പാട്ടുകളും മോശമല്ല. ഒറ്റസീനിൽ വന്ന് കിടുക്കാച്ചിയാക്കി ആളുകളെ തരിപ്പിച്ച് നിർത്തിപ്പോവുന്ന ഒരു പതിവ് ഇന്ദ്രൻസ് ചേട്ടൻ കല്യാണ” ത്തിലും കാഴ്ചവെക്കുന്നുണ്ട്. പടത്തിലെ ഏറ്റവും സ്റ്റണ്ണിംഗ് പെർഫോമൻസ് ആരുടെ എന്ന് ചോദിച്ചാലും അത് അദ്ദേഹത്തിന്റേത് തന്നെ.
Courtesy: https://malayalam.filmibeat.com