വാദം ജയിച്ച് , മനസ്സും കീഴടക്കി കക്ഷി അമ്മിണിപ്പിള്ള.

0
205
kakshi amminppilla
nidhin dev
നിധിൻദേവ്.പി
തലശ്ശേരിയുടെ പശ്ചാത്തലത്തിൽ സനിലേഷ് ശിവൻ എഴുതി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് O.P. 160/18 കക്ഷി അമ്മിണിപ്പിള്ള. അഹമ്മദ് സിദ്ധിഖ് ആണ് ടൈറ്റിൽ കഥാപാത്രമായ അമ്മിണിപ്പിള്ളയെ അവതരിപ്പിക്കുന്നത്. പ്രദീപൻ മഞ്ഞോടി എന്ന വക്കീലായാണ് ആസിഫ് അലി ചിത്രത്തിൽ വേഷമിടുന്നത്. 

ചെറുപ്പം തൊട്ടേ വീട്ടുകാർക്ക് കീഴ്പ്പെട്ടു ജീവിക്കുന്ന , സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത ഷജിത്ത് എന്ന അമ്മിണിപ്പിള്ളയുടെ വിവാഹവും വീട്ടുകാരുടെ ഇഷ്ടത്തിന് നടത്തപ്പെടുന്നു. കല്യാണത്തിന് മുൻപ് ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയെ കാണാൻ പറ്റാത്തതിലും , പരസ്പ്പരം ഒന്നും സംസാരിക്കാൻ പറ്റാത്തതിലും ഷജിത്ത് അസ്വസ്ഥനാണ്. തന്റെ സങ്കല്പത്തിലെ പോലെയുള്ള ഒരു ഭാര്യയല്ല ‘കാന്തി’ എന്ന് മനസിലാക്കുന്നതോടെ ഒരാഴ്ച കഴിയുമ്പോഴേക്കും ഷജിത്ത് വിവാഹമോചനം ആവശ്യപ്പെടുന്നു. അതിനായി ചെന്നു കയറുന്നത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പേരുണ്ടാക്കാൻ നിൽക്കുന്ന അഡ്വ : പ്രദീപൻ മഞ്ഞോടിക്ക് മുന്നിലും. തുടർന്ന് വിവാഹമോചനം നേടിയെടുക്കാൻ വക്കീലും കക്ഷിയായ അമ്മിണിപ്പിള്ളയും , അതിനു തടയിടാൻ നോക്കുന്ന എതിർഭാഗം വക്കീലും തമ്മിലുള്ള പോരാട്ടമാണ് ബാക്കി. ആർ.പി എന്ന വക്കീൽ കഥാപാത്രമായി വിജയരാഘവനും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

എന്തിനാണ് തന്നെ ഡൈവോഴ്സ് ചെയ്യുന്നത് എന്നു പോലും പിടിയില്ലാത്ത നിഷ്ക്കളങ്കയായ ‘കാന്തി ശിവദാസൻ’ എന്ന കഥാപാത്രമായി ഫറാ ശിബിലയും നല്ല പ്രകടനമാണ് കാഴ്ച വെച്ചത് . ചിത്രത്തിന് വേണ്ടി ശിബില ശരീരഭാരം 20 കിലോ കൂട്ടിയതും ഷൂട്ടിങ്ങിന് ശേഷം അതുപോലെ ഭാരം കുറച്ചതും ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.

മര്യാദക്ക് ഒരു കള്ളം പോലും പറയാനാകാത്ത , ശുദ്ധ മനസ്ക്കനായ അമ്മിണിപ്പിള്ളയായി അഹമ്മദ് സിദ്ധിഖും ചിത്രത്തിൽ തിളങ്ങി. സാൾട്ട് & പെപ്പറിലെ കെ.ടി മിറാഷിനെ പോലെ അഹമ്മദ് സിദ്ധിഖിന്റെ ഈ കഥാപാത്രവും ശ്രദ്ധ നേടും എന്നുറപ്പാണ്.

kakshi amminippilla review

എല്ലാ കള്ളക്കളിയും അറിയാവുന്ന രാഷ്ട്രീയക്കാരനായും , അതേ സമയം തനി വക്കീലായും ആസിഫ് അലിയും കരുത്തുറ്റ പ്രകടനം കാഴ്ച വെക്കുന്നു. നായകന്റെ കൂട്ടുകാരനായി എത്തുന്ന നിർമ്മൽ പാലാഴിയും , പാട്ടുകാരനും വക്കീലും ആയ പിലാക്കൂൽ ഷംസു ആയി ബേസിൽ ജോസഫും തീയേറ്ററിൽ ചിരി നിറക്കുന്നുണ്ട്.

പ്രദീപൻ മഞ്ഞോടിയുടെ ഭാര്യ നിമിഷയായി എത്തിയ അശ്വതി മനോഹരനും ചിത്രത്തിൽ ഇടക്കിടെ കയ്യടി നേടുന്നുണ്ട്.

ചിത്രത്തിന്റെ ആദ്യപകുതിയിൽ തലശ്ശേരിയുടെ രുചിപ്പെരുമയും , സാംസ്കാരിക പെരുമയും എടുത്തു കാണിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ തമാശ ഉണ്ടെങ്കിലും വളരെ സീരിയസായ ഒരു സാമൂഹ്യപ്രശ്നവും അമ്മിണിപ്പിള്ളയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സമൂഹത്തിൽ കൂടി വരുന്ന വിവാഹമോചന കേസുകളുടെ എണ്ണവും , അതിനു പിന്നിലെ നിസ്സാരമായ കാരണങ്ങളും അമ്മിണിപ്പിള്ളയിൽ പ്രതിപാദിക്കപ്പെടുന്നു. കോടതി വ്യവസ്ഥകളെ വളരെ മികച്ച രീതിയിൽ എടുത്തു കാണിച്ചിരിക്കുന്നു എന്നു പറയുന്നതിനോടൊപ്പം കുടുംബ കോടതി ജഡ്ജായി എത്തിയ ‘ശ്രീകാന്ത് മുരളി’യുടെ കഥാപാത്രം വളരെ മികച്ചതായിരുന്നു. ഇന്നത്തെ കാലത്തും മക്കളുടെ ഇഷ്ടങ്ങളെ മുഖവിലക്ക് എടുക്കാതെ വിവാഹം നടത്തുന്ന കുടുംബക്കാരെയും ചിത്രം വിമർശിക്കുന്നുണ്ട്. മലയാളത്തിലെ പതിവ് നായികാ സങ്കല്പങ്ങളെയും ചിത്രം ഒഴിവാക്കുന്നുണ്ട്. അതിനും ഒരു കയ്യടി.

സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് സാമുവൽ എബിയും , അരുൺ മുരളീധരനുമാണ്. സൂരജ് ഇ.എസ് ആണ് ചിത്രസംയോജനം. ഛായാഗ്രഹണം ബാഹുൽ രമേശും , പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ് യും നിർവഹിച്ചിരിക്കുന്നു.

ലുക്മാൻ ലുക്കു , സരസ ബാലുശ്ശേരി , സുധീഷ് , രാജേഷ് ശർമ്മ , മാമുക്കോയ , ബാബു സ്വാമി ,സുധീർ പറവൂർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

വലിയ വലിയ ട്വിസ്റ്റുകളോ , സങ്കീർണമായ കഥാഗതിയോ ചിത്രത്തിനില്ല എങ്കിലും നല്ലൊരു സന്ദേശത്തോടെ ചിത്രം അവസാനിപ്പിച്ച് കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി വിടർത്താൻ ചിത്രത്തിന് കഴിയുന്നു എന്നത് തന്നെയാണ് കക്ഷി അമ്മിണിപ്പിള്ളയുടെ വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here