കടാരം കൊണ്ടാൻ ട്രെയിലറത്തി; ചപ്പാണിയാകാൻ മോഹിച്ച് ചിയാൻ

0
149

തമിഴകത്തിന്റെ ചിയാൻ വിക്രം റീമേക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കമൽ ചിത്രം ഏതായിരിക്കും? വിക്രം തന്നെ അതിന് മറുപടി പറയുന്നു.

“എന്റെ അഭിനയജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ നടൻ കമൽഹാസൻ അല്ലാതെ മറ്റാരുമല്ല. സ്‌കൂൾകാലം മുതൽ കമൽ ഫാനാണ് ഞാൻ. നായകൻ, വാഴ് വേ മായം തുടങ്ങിയ സിനിമകൾ അക്കാലത്ത് എന്നെ പിടിച്ചുകുലുക്കിയവയാണ്. കമലിന്റെ ഏതെങ്കിലുമൊരു ചിത്രം റീമേക്ക് ചെയ്യൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ തെരഞ്ഞെടുക്കുന്നത് “പതിനാറുവയതിനിലെ’ ആയിരിക്കും. ചിത്രത്തിലെ ചപ്പാണി എന്ന കഥാപാത്രത്തെ അത്ര മനോഹരമായാണ് കമൽസാർ അവതരിപ്പിച്ചത്’’.

വിക്രമിനെ നായകനാക്കി കമൽഹാസൻ നിർമിക്കുന്ന ചിത്രം “കടാരം കൊണ്ടാൻ’ ഈ മാസം 19ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തും. സിനിമയുടെ ട്രെയിലർ അവതരിപ്പിക്കുന്ന ചടങ്ങിലാണ് കമൽഹാസനോടുള്ള ആരാധന വിക്രം വെളിപ്പെടുത്തിയത്. തമിഴകത്തിന്റെ അൾട്ടിമേറ്റ് ഹീറോ വിക്രം മാത്രമാണെന്നായിരുന്നു ചടങ്ങിൽ കമലിന്റെ പ്രതികരണം. അന്തർദേശീയ നിലവാരമുള്ള ആക‌്ഷനും അഭിനയപരിസരവുമാണ് സിനിമയിലേത്, അത്തരം സന്ദർഭങ്ങൾ അവതരിപ്പിക്കാൻ വിക്രം എന്ന താരത്തിന് മാത്രമേ കഴിയൂ എന്നും കമൽ പറഞ്ഞു.

തെന്നിന്ത്യയെ പിടിച്ചുലച്ച വിജയചിത്രങ്ങളൊരുക്കിയ വിക്രത്തിന് ഏറെനാളായി അത്തരം വിജയം ആവർത്തിക്കാനായിട്ടില്ല. ‘കടാരം കൊണ്ടാൻ’ അതിനുള്ള മറുപടിയാകുമെന്നാണ് വിക്രമിന്റെ പ്രതീക്ഷ. ഹോളിവുഡ് ചിത്രങ്ങളുടെ കെട്ടിലും മട്ടിലും ഒരുക്കിയ ചിത്രമാണിതെന്ന് വിക്രം സാക്ഷ്യപ്പെടുത്തുന്നു. സ്റ്റൈലിഷ് ആക‌്ഷൻ റോളിൽ വിക്രം എത്തുന്ന ചിത്രത്തിൽ കമൽഹാസന്റെ ഇളയമകൾ അക്ഷരയും പ്രമുഖനടൻ നാസറിന്റെ മകൻ അബി ഹസനും പ്രധാനവേഷത്തിലുണ്ട്. മലയാളനടി ലെന കേന്ദ്രകഥാപാത്രമായി എത്തുന്നു. കമൽഹാസന്റെ “തൂങ്കാവനം’ ഒരുക്കിയ രാജേഷ് എം സെൽവയാണ് സംവിധാനം.

ഗൗതം വാസുദേവ് മേനോൻ 2016ൽ ആരംഭിച്ച വിക്രം ചിത്രം “ധ്രുവനച്ചത്തിരം’ ഇനിയും ചിത്രീകരണം അവസാനിച്ചിട്ടില്ല. സെപ്തംബറിൽ സിനിമ റിലീസ് ചെയ്യാനാണ് സാധ്യത. വിക്രമിന്റെ മകൻ ധ്രുവ് നായകനാകുന്ന “ആദിത്യ വർമ’ ഉടൻ റിലീസ് ചെയ്യും. തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം “അർജുൻ റെഡ്ഡി’യുടെ റീമേക്കാണ് സിനിമ.

LEAVE A REPLY

Please enter your comment!
Please enter your name here