മന്ത്രിപരിചയം
അനു പാപ്പച്ചൻ
ജനകീയനായ നേതാവ് എന്ന പൊതു സമ്മതിയോടെയാണ് CPI യുടെ പ്രതിനിധിയായി മന്ത്രി പദത്തിലേക്ക് രാജനെത്തുന്നത്. ജന്മം കൊണ്ട്അന്തിക്കാട്ടുകാരൻ. എന്നാൽ അന്തിക്കാട്ടെ പേരുകേട്ട രാഷ്ട്രീയപാരമ്പര്യത്തിൽ പൈതൃകത്തിന്റെ പിന്താങ്ങുകളല്ല രാജന് വഴിതെളിച്ചത്.അച്ഛൻ പി.കൃഷ്ണൻകുട്ടിയും അമ്മ കെ.രമണിയും പാർട്ടിക്കാരല്ലായിരുന്നു.നാടും നാട്ടിലെ അന്തരീക്ഷവുമാണ് രാജനെ വളർത്തിയത്.
അന്തിക്കാട് ഗവ ഹൈസ്കൂൾ, തൃശൂർ ശ്രീ കേരളവർമ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി പഠനം പൂർത്തിയായി. അന്തിക്കാട്ട് ഗവ.സ്കൂൾ പഠനകാലത്ത് , ശാസ്ത്രസാഹിത്യ പരിഷത്തും തൊട്ടടുത്ത ഗ്രന്ഥശാലയും വിദ്യാർഥി ജീവിതത്തിൽ ക്രിയാത്മകമായ ആലോചനകൾ വളർത്തി. സ്കൂൾ കലോത്സവങ്ങളിൽ കഥാപ്രസംഗവും പ്രസംഗവും അവതരിപ്പിച്ച് സമ്മാനങ്ങളോടെയാണ് രാജൻ തിരിച്ചെത്തിയിരുന്നത്. കോളജ് വിദ്യാഭ്യാസത്തിനായി കേരള വർമയിലെത്തുന്നതോടെ ഉള്ളിലുണ്ടായ രാഷ്ട്രീയ ചിന്തകൾക്ക് വഴിതെളിഞ്ഞു. എൻ. ഇ.ബലറാമിന്റെ വഴികളിൽ ഒപ്പം നടന്നു തുടങ്ങിയ രാജൻ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ തന്റെ ചവിട്ടുറപ്പിച്ചു.കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായി,
എഐഎസ്എഫ് ജില്ലാ സെക്രട്ടറിയായി, സംസ്ഥാന സെക്രട്ടറിയായി, ദേശീയ വൈസ് പ്രസിഡന്റ് ആയി മികച്ച സംഘടനാ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു നടന്നപ്പോഴും അതേ മനുഷ്യപ്പറ്റുള്ള സഖാവായിരുന്നു കെ.രാജൻ. സമരമുഖങ്ങളിൽ ഉറച്ച അഭിപ്രായങ്ങളോടെ മുന്നിൽ നിന്നു. നിരവധി തവണ പൊലീസിന്റെ മർദനമേറ്റു , ജയിൽ വാസവും അനുഭവിച്ചു.
തൃശ്ശൂർ കോടതിയിൽ അഭിഭാഷക ജോലി ആരംഭിച്ചെങ്കിലും മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായി മാറുകയായിരുന്നു. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് 2016ൽ രാജൻ ഒല്ലൂരിൽ കന്നിയങ്കത്തിനിറങ്ങുന്നത്. ഒല്ലൂരിൽ ജയിക്കുന്ന മുന്നണി കേരളം ഭരിക്കുമെന്നാണ് ചൊല്ല്! .എം.പി.വിൻസെന്റിനെ പരാജയപ്പെടുത്തി ഒല്ലൂരിന്റെ എം.എൽ.എയായി. ജയിച്ച എം.എൽ.എ എല്ലാവരുടെയുമാണ് എന്ന വാക്യത്തിൽ പ്രയോഗം 100 % ചേരുന്ന രാഷ്ട്രീയ പ്രവർത്തകനാണ് രാജൻ. പാർട്ടിയോ പദവിയോ മണ്ഡലമോ പോലും നോക്കിയല്ല രാജന്റെ ഇടപെടലുകൾ. ആ വിശാസ്യതയിലും പ്രവർത്തന മികവിലും തന്നെയാണ് രണ്ടാമങ്കത്തിനും പാർട്ടി രാജനെ ഒല്ലൂരിൽ നിയോഗിച്ചത്.ഇതേ വരെ രണ്ടു തവണ ആരെയും കടത്തിവിടാത്ത ഒല്ലൂർ രാജനൊപ്പം നിന്ന് മണ്ഡലത്തിൻ്റെ ചരിത്രം തിരുത്തി. മുന്നണി അധികാരത്തിലുമെത്തി.
2019 മുതൽ ഗവ.ചീഫ് വിപ്പാണ് രാജൻ. ചീഫ് വിപ്പ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച്, ജില്ലയിലെ വികസന പ്രവർത്തനങ്ങളിലും കോവിഡ് പ്രതിരോധത്തിലും സജീവമായിരുന്ന രാജനു രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസ്ഥാനം അർഹമായ ആദരമായി.സി.പി.ഐയില്‍ നിന്ന് മന്ത്രിപദവിയിലേക്ക് എത്തുന്ന നാലാമത്തെ അന്തിക്കാട്ടുകാരൻ കൂടിയാണ് രാജൻ.
എ.െഎ.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയായിരിക്കേ, സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന മൂവാറ്റുപുഴ സ്വദേശി അനുപമയെ പിന്നീട് ജീവിത സഖിയാക്കി.
ചരിത്ര ഭൂരിപക്ഷം നേടിയപ്പോൾ, വർദ്ധിച്ച ഭൂരിപക്ഷം വർദ്ധിച്ച ഉത്തരവാദിത്തമെന്നായിരുന്നു ഫേസ് ബുക്കിൽ പങ്കുവച്ചത്. സഖാവും സഹപ്രവർത്തകനും സുഹൃത്തും കൂടപ്പിറപ്പും മകനുമായി ഉണ്ടാകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് വിജയത്തിലെ നന്ദി വാക്കുകൾ. അനുഭവസ്ഥർക്ക് അങ്ങനെ തന്നെയാണ് കെ.രാജൻ.
ഇനി, ഒല്ലൂരിന് മാത്രമല്ല, നാടിനൊട്ടാകെ വികസനം നടപ്പാക്കാനുള്ള ഉത്തരവാദിത്വത്തിലാണ് റവന്യൂ മന്ത്രി.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക