കെ.എം. മാണി അന്തരിച്ചു

0
164

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ.എം. മാണി(86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാണിയുടെ നില ഇന്ന് ഉച്ചയോടെ  വഷളാവുകയായിരുന്നു.

നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന അപൂര്‍വ ബഹുമതിക്ക് ഉടമയാണ് അദ്ദേഹം. ഭാര്യ കുട്ടിയമ്മ, മക്കള്‍ ജോസ് കെ മാണി, എല്‍സമ്മ, ആനി, ടെസ്സി, സാലി.

മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933-ല്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കുറവിലങ്ങാട്, പാലാ എന്നിവിടങ്ങളില്‍. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ്, തേവര സേക്രഡ് ഹാര്‍ട്ട് എന്നീ കോളേജുകളിലായി സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് ലോ കോളേജില്‍ നിന്ന് 1955-ല്‍ നിയമ ബിരുദം നേടി. മദ്രാസ് ഹൈക്കോടതിയില്‍ 1956-ല്‍ എന്റോള്‍ ചെയ്തു. പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്ജിയായ അഡ്വ. പി ഗോവിന്ദ മേനോന്റെ ജൂനിയറായി കോഴിക്കോട് ജില്ലാ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. പാലാ സബ്‌ കോര്‍ട്ടിലും കോട്ടയം ജില്ലാ കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

1958 -ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. കെപിസിസി അംഗവും കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമായി. 1964 -ല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ രൂപീകരിച്ച കേരളാ കോണ്‍ഗ്രസ് പാര്‍ടിയിലെത്തി. പിന്നീട് കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതൃനിരയിലേക്കും.1979ല്‍ പാര്‍ടിയില്‍ ആദ്യ ചേരിതിരിവ്. പി ജെ ജോസഫുമായി തെറ്റി. കെ എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം രൂപീകൃതമായി. അന്നുമുതല്‍ ഇന്നുവരെ പാര്‍ടിയുടെ ചെയര്‍മാന്‍. ഇക്കാലത്തിനിടെ പല പിളര്‍പ്പുകളും ലയനങ്ങളും പാര്‍ടി കണ്ടു. വ്യക്തി പാര്‍ടിയെന്ന വിമര്‍ശനം നേരിടാന്‍ ‘അധ്വാനവര്‍ഗ സിദ്ധാന്തം’ രചിച്ച് ആശയാവിഷ്‌ക്കാരം നല്‍കാനും അദ്ദേഹം ശ്രമിച്ചു.

പാലാ നിയമസഭാ നിയോജക മണ്ഡലം നിലവില്‍ വന്ന 1965 -നു  ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാലായുടെ എംഎല്‍എ ആയി. തുടര്‍ച്ചയായി 54 വര്‍ഷം പാലായെ പ്രതിനിധീകരിച്ചു. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണിത്. അടിയന്തരാവസ്ഥക്കാലത്ത് 1975 -ല്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980 -ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി. പിന്നീട് ആ സ്ഥാനത്തും റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധന മന്ത്രിയെന്ന റെക്കോര്‍ഡ് പേരുനേടി. 13 എണ്ണം. കൈവയ്ക്കാത്ത വകുപ്പുകള്‍ അപൂര്‍വ്വം. ആഭ്യന്തരം, നിയമം, റവന്യു, ജലസേചനം, വൈദ്യുതി, നഗര വികസനം, ഇന്‍ഫര്‍മേഷന്‍, ഹൗസിങ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കേരളത്തില്‍ ഏറ്റവുമധിക കാലം മന്ത്രിയായിരുന്നതും കെ എം മാണിയാണ്.

നാലുതവണ ലോകപര്യടനം നടത്തി. പൊതുപ്രവര്‍ത്തകനുള്ള വി പി മേനോന്‍ അവാര്‍ഡ് രാഷ്ട്രപതി കെ ആര്‍ നാരായണനില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ജര്‍മന്‍ മലയാളി അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടി. ‘ജനക്ഷേമം ജനങ്ങളുടെ അവകാശം’, ‘കാര്‍ഷിക സമ്പദ്ഘടനയും കേരളവും’, ‘വികസനവും വിഭവശേഷിയും’ എന്നീ പുസ്തകങ്ങള്‍ എഴുതി. 1967 മുതല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ ‘കെ എം മാണിയുടെ നിയമസഭാ പ്രസംഗങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: കുട്ടിയമ്മ, മക്കള്‍: ജോസ് കെ മാണി എംപി, എല്‍സമ്മ, സാലി, ആനി, ടെസ്സി, സ്മിത മരുമക്കള്‍: നിഷ ജോസ് കെ മാണി, ഡോ. തോമസ് കവലയ്ക്കല്‍ (ചങ്ങനാശ്ശേരി), എം പി ജോസഫ് (തൃപ്പൂണിത്തറ- മുന്‍ തൊഴില്‍വകുപ്പ് സെക്രട്ടറി), ഡോ. സേവ്യര്‍ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനില്‍ ഇലവനാല്‍ (കോഴിക്കോട്), രാജേഷ് കുരുവിത്തടം.

 

LEAVE A REPLY

Please enter your comment!
Please enter your name here