മുന്‍ കാമുകിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞു; മാര്‍വലില്‍ ഇനി ജോനാഥന്‍ മേജേഴ്‌സിയില്ല

0
67

ന്യൂയോര്‍ക്ക്: മാര്‍വല്‍ സിനിമകളുടെ മള്‍ട്ടിവേഴ്സ് പതിപ്പില്‍ നിന്ന് നടന്‍ ജോനാഥന്‍ മേജേഴ്‌സിനെ പുറത്താക്കി. മുന്‍ കാമുകിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മേജേഴ്സിന്റെ മുന്‍കാമുകി ബ്രിട്ടീഷ് കൊറിയോഗ്രാഫര്‍ ഗ്രേസ് ജബ്ബാരിയായിരുന്നു പരാതിക്കാരി. തന്നെ ഇയാള്‍ ആക്രമിച്ചുവെന്നാരോപിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. മാന്‍ഹാട്ടണില്‍ വച്ച് അതേ മാസം തന്നെ മേജേഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മേജേഴ്സിന്റെ ആക്രമണത്തില്‍ കൈവിരലുകള്‍ ഒടിയുകയും ശരീരത്തില്‍ ചതവേല്‍ക്കുകയും ചെവിക്ക് പിന്നില്‍ മുറിവ് സംഭവിക്കുകയും ചെയ്തു. അസഹനീയമായ വേദനയാണ് അനുഭവിച്ചത് എന്ന് ജബ്ബാരി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ചയാണ് ജോനാഥന്‍ മേജേഴ്‌സ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയത്. മുപ്പത്തിനാലുകാരനായ മേജേഴ്‌സിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. ഇതെ തുടര്‍ന്ന് ഇയാളെ മാര്‍വല്‍ ചിത്രങ്ങളുടെ പ്രധാന വേഷത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി ജൂറി പറഞ്ഞപ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്ന മേജേഴ്‌സ് ഒരക്ഷരം മിണ്ടാതെ താഴേക്ക് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2017 ഹോസ്റ്റൈല്‍സ് എന്ന ചിത്രത്തിലൂടെയാണ് മേജേഴ്സ് അഭിനയരംഗത്ത് എത്തിയത്. ദ ലാസ്റ്റ് ബ്ലാക്ക് മാന്‍ ഇന്‍ സാന്‍ഫ്രാന്‍സിസ്‌കോ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടി.

ലോക്കി സീരിസിലാണ് കാങ് എന്ന വില്ലനെ മാര്‍വല്‍ അവതരിപ്പിച്ചത്. അതിന് പിന്നാലെ ആന്റ് മാന്‍ ക്വാണ്ടംമാനിയ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ താനോസിനെപ്പോലെ ഒരു വലിയ വില്ലനാക്കി വളര്‍ത്താന്‍ കൊണ്ടുവന്ന കഥാപാത്രമായിരുന്നു കാങ്.

നാഷ്ണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ അവാര്‍ഡ്സ്, എന്‍.എ.എ.സി.പി അവാര്‍ഡ്, ഹോളിവുഡ് ക്രിട്ടിക് അസോസിയേഷന്‍ അവാര്‍ഡ്, ഗോതം അവാര്‍ഡ്, സെലബ്രേഷന്‍ ഓഫ് ബ്ലാക്ക് സിനിമാ ആന്റ് ടെലിവിഷന്‍ അവാര്‍ഡ്, ബ്ലാക്ക് റീല്‍ അവാര്‍ഡ്സ്, ആഫ്രിക്കന്‍ അമേരിക്കന്‍ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ മേജേഴ്സ് നേടിയിട്ടുണ്ട്.


 

LEAVE A REPLY

Please enter your comment!
Please enter your name here