സുജിത് ചന്ദ്രൻ
അസ്വസ്ഥതതയുടേയും പിരിമുറുക്കങ്ങളുടേയും നീരാളിക്കൈയ്യുകളിലേക്ക് സ്വയം എറിഞ്ഞുകൊടുക്കുന്നതിന്റെ ആനന്ദം തരുന്ന കലാനുഭവങ്ങളെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ടോഡ് ഫിലിപ്സിന്റെ പുത്തൻ ജോക്കർ ആഖ്യാനം നിങ്ങളുടേതാണ്.
കാഴ്ചയുടെ മുറിവുകൾ പൊറുത്ത് പതിവുകളിലേക്ക് വേഗം തിരികെ നീന്താമെന്ന ഉള്ളുറപ്പുണ്ടെങ്കിൽ നാളെത്തന്നെ ജോക്കറെ കണ്ട് അയാളുടെ സംഘർഷങ്ങളിൽ അണിചേരുക.
(ഈയെഴുത്തിൽ സ്പോയിലറുകളുണ്ട്, അടുത്ത ദിവസങ്ങളിൽ ജോക്കർ എന്ന സിനിമ കാണാനിരിക്കുന്നവർ ഇവിടെ നിർത്തുക)
അമാനുഷികനും ആക്ഷൻ വില്ലനുമല്ല, ചിതറിയവനും ബലഹീനനും ദരിദ്രനും മാനസികാരോഗ്യമില്ലാത്തവനുമാണ് വാക്വിൻ ഫിനിക്സ് പകർന്നാടുന്ന ആർതർ ഫ്ലെക് എന്ന കോമാളി. ഒരേസമയം ഇതിഹാസവും കൾട്ടും നവകാലത്തിൻറെ അടയാളമുദ്രയും ഒക്കെയായ ഹീത്ത് ലെഡ്ജറിന്റെ ജോക്കറേയും അയാൾക്ക് മുമ്പേ ആ കഥാപാത്രമായ ജാക്ക് നിക്കോൾസൺ തുടങ്ങി എല്ലാ അഭിയപ്രതിഭകളേയും വാക്വിൻ ഫിനിക്സിന്റെ അസാമാന്യ അഭിനയശരീരം അപനിർമ്മിക്കുന്നു. ഭാവചലനങ്ങളിലും പെരുമാറ്റത്തിലും അയാൾ ഒറ്റക്കൊരു വനമായും വന്യജന്തുജാലമായും വികസിക്കുന്നു! പകർന്നാട്ടത്തിൻറെ, പരകായപ്രവേശത്തിന്റെ പെരുങ്കളിയാട്ടം!
ഗോഥം നഗരത്തിന്റെ മറുപുറം, അഴുക്കുചാലുകളുടെ ഓരത്തെ പ്രാചീന അപ്പാർട്ടുമെന്റുകളിലൊന്നിൽ രോഗിയായ അമ്മയ്‌ക്കൊപ്പം അപ്രസക്തനായ, അവഗണിക്കപ്പെട്ട ഒരുവൻ മൂന്നാംകിട ക്ലബ്ബുകളിൽ കോമാളിപ്പണി ചെയ്തുപുലരുകയാണ്. ആ തിരസ്കൃതജീവിതത്തെ ടോഡ് ഫിലിപ്സ് തിരശ്ശീലയിലെ നീലയും മഞ്ഞയും കളർടോണുകളിൽ വിരിച്ചിടുന്നു.
അപമാനിതമായ ഭൂതകാലവും നിന്ദയും നീക്കിനിർത്തലുകളും നീചത്വവും പങ്കിട്ടെടുക്കുന്ന വർത്തമാനവും ആർതറുടെ ഉപബോധത്തിൽ പകയുടെ നരകപടം വരയ്‌ക്കുന്നു. വില്ലത്വത്തെ രൂപപ്പെടുത്തുന്ന പതിവ് പരിസരം തന്നെയെങ്കിലും ആഖ്യാനത്തിലെ അസാമാന്യ കയ്യടക്കം ജോക്കറുടെ മുൻമാതൃകകളെ അടിമുടി ഉടച്ചുകളയും. ജോക്കറുടെ അതിജീവനശ്രമങ്ങളാകട്ടെ, വാൾസ്ട്രീറ്റിലെ സമ്പത്തിന്റെ ധാരാളിത്തത്തിൽ പുളയ്‌ക്കുന്ന നാഗരികർക്ക് തമാശ പോലുമല്ല, നിലവാരമില്ലാത്ത വളിപ്പാണ്. സമൃദ്ധിയുടെ ഇടവേളകളിൽ അവർക്ക് ‘നിലവാരമുള്ള നേരമ്പോക്കുകൾ’ വേണം. വിശന്നപ്പോൾ ചെരുപ്പുതിന്നാൻ നോക്കിയ ചാർളി ചാപ്ലിനെപ്പോലും ചിരിച്ചു തിന്നുതീർക്കുന്നവരാണ്.
മേൽക്കുമേൽ പതിക്കുന്ന അപഹാസങ്ങളിലൂടെ ആർതർ ഫ്ലെക് എന്ന കോമാളി, ജോക്കറെന്ന വില്ലനായി ദയനീയമായി രൂപാന്തരപ്പെടുകയാണ്. കടുത്ത മാനസികസമ്മർദ്ദം താങ്ങാനാകാതെ വരുമ്പോൾ ചിരി നിർത്താനാകാത്ത തരം മാനസികനിലയുള്ള ഉന്മാദിയായുള്ള ജോക്കറുടെ പരിണാമത്തെ എല്ലാ വിശേഷണങ്ങളേയും അപ്രസക്തമാക്കുംവിധം അതിഗംഭീര സിനിമാനുഭവമായി വാക്വിൻ ഫിനിക്സ് ആവിഷ്കരിച്ചിരിക്കുന്നു. ജോക്കർ സ്വയമറിയാതെ ഗോഥം നഗരത്തിലെ കോമാളികളുടെ കലാപത്തിൻറെ വഴിമരുന്നും കതിനയുമാകുന്നു. പിന്നെ ഹിംസയുടെ നിരവധി ഭീതിതദൃശ്യങ്ങൾ… അപ്രതീക്ഷിതവും അതിസാഹസികവുമായ വഴിത്തിരിവുകൾ.
“What is so funny in that?” എന്ന നിരന്തര പരിഹാസം “I used to think that my life was a tragedy, but now I realise, it’s a comedy” എന്ന എന്ന തത്വവിചാരത്തിലേക്ക് ആർതറെ എത്തിക്കുന്നു. ചിത്തരോഗിയായ കോമാളി നയിക്കുന്ന കലാപം എന്ന വിരുദ്ധോക്തിയിലൂടെ പ്രത്യയശാസ്ത്രശൂന്യമായ വർഗ്ഗസമരം മുതൽ അമേരിക്കയെ വിഴുങ്ങുന്ന തോക്ക് സംസ്കാരം വരെ ചലച്ചിത്രവിചാരണ ചെയ്യപ്പെടുകയാണ്. അസ്വസ്ഥരുടെ വിലാപങ്ങൾക്ക് ചെവി കൊടുത്തില്ലെങ്കിൽ വരാനിരിക്കുന്നത് ഭ്രാന്തൻമാരുടെ കലാപമാണെന്ന കരുത്തുള്ള രാഷ്ട്രീയമാണ് ജോക്കർ പറയുന്നത്.
നാളിതുവരെയുള്ള മനുഷ്യചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണെന്ന് ഒരിക്കൽക്കൂടി ജോക്കർ ഓർമ്മിക്കുന്നു. കോമാളികൾ അഴിഞ്ഞാടുന്ന തീപിടിച്ച തെരുവിൽ ഇടിച്ചുതകർന്ന പൊലീസ് കാറിനുമീതെ നായകപരിവേഷത്തോടെ (?) ഉയർന്നുനിൽക്കുന്ന ജോക്കറുടെ ദയനീയ ദൃശ്യത്തിലേക്കാണ് അവസാന ദൃശ്യത്തിൽ ക്യാമറ ചെല്ലുന്നത്. മുഖത്തെഴുത്തും ചോരയും കുതിർന്ന കോമാളിയുടെ മുഖത്തേക്ക് സ്വന്തം വിരലുകൾ കൊണ്ടുതന്നെ ബലംപിടിച്ചൊരു ചിരിയെ അയാൾ സ്റ്റഫ് ചെയ്തുവയ്‌ക്കുന്നുണ്ട്…
ജോക്കർ അനുകമ്പ അർഹിക്കുന്ന വില്ലനോ, അടിമുടി വില്ലൻ തന്നയോ എന്ന സന്ദേഹത്തിന്റെ വിളുമ്പിൽ പ്രേക്ഷകനെ കൊണ്ടുനിർത്തിയിട്ട് പിന്തിരിഞ്ഞുനടക്കുന്ന ചിരി!!
ഹൊ!!