ചലച്ചിത്രകാരൻ ജോൺ ശങ്കരമംഗലം(84) അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. പൂനെ ഫിലിം ഇൻസ്റ്റിട്ട്യൂട്ട് ഡയറക്ടറായിരുന്നു. ദേശീയ അവാർഡ് ജേതാവാണ് അദ്ദേഹം.
സെന്‍റ് ബർക്കുമാൻസ് കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായാണ് ജോണ്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 19 വയസ്സിൽ ക്രിസ്ത്യൻ കോളേജിൽ ലക്ചറർ ആയി. 1962 ൽ ജോലി രാജി വെച്ചു പൂനായിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. തിരക്കഥ രചനയിലും സംവിധാനത്തിലും ഡിപ്ലോമ നേടി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ നല്ലൊരു നടനും നാടക സംവിധായകനുമായിരുന്നു ജോണ്‍.
തമിഴ്നാട് ടാക്കീസിന്റെ ജയശ്രീ എന്ന തമിഴ് ചിത്രത്തിനു വേണ്ടി കഥയെഴുതിയാണ് ജോണ്‍ സിനിമാരംഗത്തു എത്തുന്നത്. ഫിലിം ഡിവിഷനും സംസ്ഥാന ഗവണ്മെന്റിനും വേണ്ടി ഒരു ഡസനോളം ഡോക്യുമെന്ററി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ‘ജന്മഭൂമി’ എന്ന ചിത്രത്തിൽ സഹ നിർമ്മാതാവും സംവിധായകനും കഥാകൃത്തുമായിരുന്നു. രൂപരേഖ എന്ന ചിത്ര നിർമ്മാണ കമ്പനിയുടെ പങ്കാളി ആയിരുന്നു അദ്ദേഹം. ജന്മഭൂമി (1969), അവളല്‍പ്പം വൈകിപ്പോയി (1971), സമാന്തരം (1985), സാരാംശം (1994) എന്നിവയാണ് ജോണ്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.
കടപ്പാട്: www.asianetnews.com