ഇന്ത്യൻ സിനിമയ്ക്ക് ത്രീഡി ലോകം പരിചയപ്പെടുത്തിയ മലയാളി സംവിധായകൻ ജിജോ നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചുവരുന്നു. മോഹൻലാലിനെ നായകനാക്കി ത്രീഡി നാടകം ഒരുക്കിക്കൊണ്ടാണ് ജിജോയുടെ തിരിച്ചു വരവ്. പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി ബ്രഹ്മാണ്ഡ ചിത്രം നിർമിക്കാനും പദ്ധതിയുണ്ട്.
‘മൈഡിയർ കുട്ടിച്ചാത്തൻ’ എന്ന ത്രീഡി ചിത്രമൊരുക്കി ഇന്ത്യൻ സിനിമയെത്തന്നെ വിസ്മയിപ്പിച്ച ജിജോ, നിർമാതാവ് നവോദയ അപ്പച്ചന്റെ മകനാണ്. ഇന്ത്യയിൽ ആദ്യമായി പൂർണമായും 70 എം.എം. ഫോർമാറ്റിൽ ചിത്രീകരിച്ച ‘പടയോട്ടം’ എന്ന ചിത്രം സംവിധാനം ചെയ്തതും ജിജോ പുന്നൂസാണ്. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന നാടകത്തിന്റെ പ്രമേയം മെന്റലിസമാണെന്നാണ് സൂചന. ഹോളിവുഡ് ടെക്‌നീഷ്യന്മാരും നാടകത്തിന്റെ അണിയറയിലുണ്ട്.
ഈ വർഷം തന്നെ നാടകം അരങ്ങിലെത്തുമെന്ന് മോഹൻലാൽ കഴിഞ്ഞദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് കഴിഞ്ഞായിരിക്കും ഫഹദ് ഫാസിലിനെ നായകനാക്കി ചുണ്ടൻവള്ളങ്ങളുടെ ചരിത്രം പ്രമേയമാക്കി ചിത്രം ഒരുക്കുക.