മലയാളത്തിന്‍റെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതര പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഇപ്പോള്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്.
ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്മെന്റ്‌സ് ആണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്. ജഗതിയുടെ മകൻ രാജ്കുമാർ ആരംഭിക്കുന്ന പരസ്യ കമ്പനിയാണിത്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്. അടുത്ത വര്‍ഷത്തോടെ സിനിമയിലും സജീവമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാഹനാപകടത്തിന്‍റെ രൂപത്തില്‍ വന്ന ദുരന്തം മലയാള സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാലോകവും.