Homeലേഖനങ്ങൾഐ. വി. ശശിയും ഫെല്ലിനിയും

ഐ. വി. ശശിയും ഫെല്ലിനിയും

Published on

spot_imgspot_img

 

ജയൻ ശിവപുരത്തിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഏതാണ് ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ… ?
പലതും പറയുന്നതിനിടെ ഇങ്ങനെയൊരു ചോദ്യം ചോദിച്ച് ലോഹിതദാസ് ഒരു നൂർ സേട്ട് ബീഡിക്കു തീകൊളുത്തി. അകലൂരിലെ അമരാവതി വീടിന്റെ ഉമ്മറത്ത് പ്രഭാതഭക്ഷണത്തിനു ശേഷമുള്ള ഇരിപ്പാണ്. പെട്ടെന്ന് മറുപടി പറയാൻ കഴിയാത്തതിനാലും ലോഹിയേട്ടന്റെു ബീഡിവലികണ്ട് കൊതി തോന്നിയതിനാലും ഒരു ബീഡി കടംവാങ്ങി കത്തിച്ചു. പ്രിയപ്പെട്ട ഒരു സിനിമയുടെ പേരു പറയാനുള്ള പ്രയാസം കാരണം പല സിനിമകളുടെ പേരു പറയുകയും അവ പല കാരണങ്ങളാല്‍ പ്രിയപ്പെട്ടതാണെന്നു സമര്ത്ഥി ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ലോഹിയേട്ടൻ സ്വതസിദ്ധമായ കുലുങ്ങിച്ചിരിയില്‍ മറുപടി ഒതുക്കി. അപ്പോഴും പറഞ്ഞ സിനിമകളുടെ കൂട്ടത്തിൽ നിന്ന് ഒരെണ്ണം കണ്ടെത്താന്‍ അകമേ ശ്രമം നടത്തുകയായിരുന്നു.
ഇഷ്ടസംവിധായകൻ കെ. ജി. ജോര്ജാുണ്. അതില്‍ വിരോധമില്ല. പക്ഷേ, ഏതാണ് ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ. വീണ്ടും ലോഹിയേട്ടന്‍ ആ കുഴഞ്ഞ ചോദ്യം തന്നെ കുസൃതിച്ചിരിയോടെ ആവര്ത്തിച്ചു. എന്റെ ഉത്തരം ഒരു ലോഹിതദാസ് സിനിമ ആയിരിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതു കേൾക്കാ നുള്ള ആഗ്രഹം കൊണ്ടല്ല ഈ ചോദ്യമെന്ന് ദീര്ഘകാലമായി അദ്ദേഹത്തെ അടുത്തറിയാവുന്നതിനാൽ്‍ എനിക്കും സംശയമില്ല. കെ. ജി. ജോര്ജ്ു, അടൂര്‍, അരവിന്ദന്‍, പത്മരാജന്‍, ഭരതന്‍ തുടങ്ങിയവരുടെ പല ചിത്രങ്ങളും ഓർത്തു . ജോൺ ഏബ്രഹാം ഇഷ്ടപ്രതിഭയാണെങ്കിലും അദ്ദേഹം മലയാളത്തിലെ മികച്ച ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിട്ടില്ല. എടുക്കാത്ത മഹാചിത്രത്തിന്റെ സംവിധായകനായാണ് ജോണിനെ കാണുന്നത്, ബഹുമാനിക്കുന്നതും.
ഒറ്റപ്പേരിലുള്ള ഉത്തരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അല്പവിവരം വച്ച് മലയാള സിനിമയിലെ പലരുടെയും സംഭാവനകളെപ്പറ്റിയൊക്കെ വെറുതെ വാചകമടിച്ചു. അതൊക്കെ ശരിവച്ചു തലകുലുക്കിക്കൊണ്ട് കസേരയിലിരുന്ന് ലോഹിയേട്ടൻ ബീഡിയുടെ അവസാന പുകയുമെടുത്ത് കുറ്റി ആഷ്ട്രേയില്‍ തിരുകി. പിന്നെ പറഞ്ഞു,

എനിക്കിഷ്ടം ശശിയേട്ടന്റെ അവളുടെ രാവുകളാണ്.
എന്റെ പട്ടികയില്‍ ആ സിനിമയേ ഉണ്ടായിരുന്നില്ല. ഐ. വി. ശശി തന്നെയും ഉണ്ടായിരുന്നില്ല. ബർഗ് മാനും കുറോസോവയും ഫെല്ലിനിയും ഡിസീക്കയും മുതല്‍ എമിര്‍ കുസ്തുറിക്ക വരെ മനസ്സില്‍ കളിക്കുന്ന പാതിവെന്ത ആസ്വാദകന്റെ അല്പസബുദ്ധിയില്‍ ഉടലെടുക്കാനിടയുള്ള അയ്യേ എന്ന ശബ്ദം പുറത്തുവരാതിരിക്കാന്‍ ഞാന്‍ പണിപ്പെട്ടു. ഐ. വി. ശശി എന്ന സംവിധായകന്റെ ക്രാഫ്റ്റിനെപ്പറ്റി ലോഹിയേട്ടന്‍ സംസാരിച്ചു തുടങ്ങി. തന്റെ് തിരക്കഥയില്‍ മൃഗയക്കു ജീവൻ വയ്ക്കുമ്പോള്‍ അദ്ദേഹമതു നേരില്‍ അനുഭവിച്ചതാണ്.
അവളുടെ രാവുകൾ്‍ റിലീസായ കാലത്ത് ഞാൻ സ്കൂള്‍ വിദ്യാര്ത്ഥി യാണ്. അന്നു പോസ്റ്റര്‍ കണ്ടു കൊതിച്ചതേയുള്ളൂ. അല്പ‍കാലം കഴിഞ്ഞപ്പോള്‍ ഉച്ചപ്പടമായി അതു വീണ്ടും ടാക്കീസില്‍ വന്നു. അപ്പോഴാണ് ആദ്യം കണ്ടത്. നന്നായി ആസ്വദിച്ച സിനിമയാണ്. ഇതുപോലുള്ള എത്രയോ സിനിമകള്‍ ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ വെറും വിനോദ ചിത്രങ്ങള്‍ മാത്രം എന്ന ചിന്ത പിന്നീടുണ്ടായി. സിനിമയുടെ രാഷ്ട്രീയമാനങ്ങളെപ്പറ്റിയൊക്കെ വായിച്ചു തുടങ്ങിയ കാലത്ത് പുതിയ ചലച്ചിത്രകാരന്മാരുടെ പേരുകള്‍ പരിചയപ്പെട്ടു. ഫിലിം സൊസൈറ്റികളില്‍ നിന്ന് അത്തരം ചിത്രങ്ങള്‍ കണ്ടു. ഇങ്ങനെ ലോകസിനിമയിലെ അത്ഭുതങ്ങള്‍ വന്ന് മൂടിയപ്പോള്‍ ആദ്യകാലത്ത് രസിപ്പിച്ച ചിത്രങ്ങള്‍ തഴയപ്പെട്ടു. അല്ലെങ്കില്‍ അവയെപ്പറ്റിയൊക്കെ സംസാരിക്കുന്നത് മോശമല്ലേ എന്നൊരു തോന്നലുണ്ടായി. ഈ തോന്നലിനു മേലുള്ള പ്രഹരമായിരുന്നു അവളുടെ രാവുകളെപ്പറ്റിയുള്ള ലോഹിയേട്ടന്റെ വിലയിരുത്തല്‍.
ആ സിനിമയുടെ കഥ ഓർമയുണ്ടോ…
ലോഹിയേട്ടന്റെ ചോദ്യത്തിനു മുന്നിൽ ഒന്നു പകച്ചു. കഥയറിയാം. പക്ഷേ മനസ്സില്‍ തങ്ങിനില്ക്കു ന്നത് മഴയുള്ള രാത്രിയില്‍ രവികുമാറിന്റെ വീട്ടിലേക്കു സീമ വന്നു കയറുന്ന രംഗമാണ്. കഥാപാത്രങ്ങളുടെ പേരറിയില്ല. അവളുടെ കുസൃതി സംസാരം. ഈറൻ മാറ്റാൻ കുളിമുറിയില്‍ കയറുന്നത്. ധരിക്കാന്‍ തന്റെ ഷര്ട്ട്് രവികുമാര്‍ ബാത്റൂമിലേക്കു നീട്ടിക്കൊടുക്കുന്നത്. അപ്പോള്‍ അകത്ത് സീമ പൂര്ണ നഗ്നയായിരിക്കുമല്ലോ എന്ന് രവികുമാറിനൊപ്പം ചിന്തിച്ച് ടാക്കീസ് ഒന്നിച്ചൊരു നെടുവീർപ്പിട്ടത്. ഷര്ട്ട്് മാത്രം ധരിച്ച് സീമ പുറത്തേക്കു വന്നപ്പോള്‍ ടാക്കീസ് അനേകം തുറിച്ച കണ്ണുകളാല്‍ വിടര്ന്ന ത്. ഇതൊക്കെയായിരുന്നു അവളുടെ രാവുകളെക്കുറിച്ചുള്ള സത്യസന്ധമായ ഓർമ. കൗമാര മനസ്സില്‍ പതിഞ്ഞ ഈ മായാത്ത രംഗത്തെപ്പറ്റിയുള്ള ചിന്ത പാതിവെന്ത ബുദ്ധിജീവി ഒരിക്കലും പുറത്തെടുക്കാന്‍ പാടില്ല. അതു നാണക്കേടാണ്. എങ്കിലും ലോഹിയേട്ടനോടായതുകൊണ്ടു തുറന്നുപറഞ്ഞു, സീമ കുളികഴിഞ്ഞിറങ്ങുന്ന രംഗം മാത്രമേ ശരിക്കും ഓര്മയിലുള്ളൂ.
അദ്ദേഹത്തിന്റെ ചിരി കൂടുതല്‍ ഉച്ചത്തിലായി. അടുക്കളയില്‍ ജോലിക്കാരി വിശാലം പാകം ചെയ്യുന്ന ഇറച്ചിയുടെ മണം ആ ചിരിക്കു മുകളിലൂടെ ഒഴുകിപ്പരന്നു.
അതു മാത്രമേ മിക്ക പുരുഷന്മാരും കണ്ടിട്ടുള്ളൂ. സ്ത്രീകളാകട്ടെ അപൂർവം ചിലരൊഴികെ ഈ സിനിമ കണ്ടിട്ടുമില്ല. വിവാഹത്തിനു മുമ്പ് ഏതെങ്കിലുമൊരു പുരുഷന്റെ സ്പര്ശനമേറ്റാല്‍ പെണ്ണു കളങ്കപ്പെട്ടു എന്ന പതിവ്രതാ സങ്കൽപമാണ് മിക്ക കഥാചിത്രങ്ങളുടെയും അടിത്തറ. പുരുഷന് ഈ കളങ്കം ഒരിടത്തും ബാധകമേയല്ല. കളങ്കിതയായ പെണ്ണിന്റെ കണ്ണീര്ക്ക്ഥകള്‍ ഏത്രയോ ഹിറ്റ് സിനിമകളുടെ പ്രമേയമായിട്ടുണ്ട്. അങ്ങനെയൊരു കാലത്താണ്, നിവൃത്തികേടുകൊണ്ട് തെരുവു വേശ്യയാകേണ്ടിവന്ന ഒരു പെണ്കുകട്ടിയെ ഒരമ്മ നിലവിളക്കു കൊളുത്തി സ്വന്തം മരുമകളായി വീട്ടിലേക്കു സ്വീകരിച്ചാനയിക്കുന്ന ക്ലൈമാക്സോടെ ഒരു ചലച്ചിത്രം ഐ. വി. ശശി സംവിധാനം ചെയ്തത്. ഏറ്റവും സങ്കടകരമായ കാര്യം മറ്റൊന്നാണ്. ഈ വിപ്ലവത്തിനു സിനിമയില്‍ പിന്നീട് തുടര്ച്ച യുണ്ടായില്ല. എന്നുമാത്രമല്ല സ്ത്രീവിരുദ്ധമായാല്‍ മാത്രമേ സിനിമ വിജയിക്കൂ എന്ന അവസ്ഥ വന്നു. ഐ. വി. ശശി തന്നെയും പിന്നീട് ജനപ്രിയ ചിത്രങ്ങളെടുത്തപ്പോള്‍ പഴയ വിഗ്രഹഭഞ്ജനം മറന്നു. അല്ലെങ്കില്‍ മറക്കേണ്ടി വന്നു. സമൂഹത്തില്‍ പ്രബലമായി നിലനില്ക്കു ന്ന ചില സദാചാര സംഹിതകളെ ലംഘിക്കാതെയുള്ള വിനോദ പരിപാടികളാണ് വിജയത്തിനു വേണ്ടതെന്ന വിശ്വാസത്തില്‍ തനിക്കും ഒട്ടേറെ സിനിമകള്‍ എഴുതേണ്ടിവന്നിട്ടുണ്ടെന്ന് സമ്മതിച്ചുകൊണ്ടാണ് ലോഹിയേട്ടന്‍ അവളുടെ രാവുകളെപ്പറ്റി പറഞ്ഞുനിര്ത്തിയത്.
അപ്പോള്‍ മാത്രം ഞാന്‍ തുറന്നു സമ്മതിച്ചു, ഐ. വി. ശശിയുടെ മിക്ക സിനിമകളും കണ്ടതാണ്. അവയൊക്കെ നന്നായി ആസ്വദിച്ചിട്ടുമുണ്ട്. ഇതാ ഇവിടെ വരെ, ഊഞ്ഞാല്‍, ഉയരങ്ങളില്‍, ആരൂഢം തുടങ്ങിയ സിനിമകളെപ്പറ്റി ഓര്ത്തു . സിഡിയെടുത്ത് അവളുടെ രാവുകള്‍ ഒന്നുകൂടി കണ്ടു നോക്കൂ എന്ന് ലോഹിയേട്ടന്‍ നിർദേശിച്ചു. തൃശൂരിലെ കടയില്‍ നിന്ന് അന്നു തന്നെ സിഡി വാങ്ങിയാണ് വീട്ടില്‍ പോയത്. ആ രാത്രിയില്‍ കണ്ടു തീര്ക്കു്കയും ചെയ്തു. കുതിവട്ടം പപ്പു, സുകുമാരന്‍, സോമന്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍. രാജി എന്ന പെണ്കു്ട്ടിയുടെ തെരുവുജീവിതം. ആ ജീവിതം അവള്ക്കു പകര്ന്നു നല്കുുന്ന കരുത്ത്. ഒപ്പം അവളുടെ നിസ്സഹായത. 

ഇതിലൂടെ മുന്നേറിയപ്പോൾ മറ്റൊരു സിനിമ സമാന്തരമായി മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു. 1957 ല്‍ പുറത്തിറങ്ങിയ ഫെഡറിക്കോ ഫെല്ലിനിയുടെ നൈറ്റ്സ് ഓഫ് കബീരിയ. തെരുവു വേശ്യയായ കബീരിയ എന്ന പെണ്കുട്ടിയുടെ ജീവിതമോഹത്തിന്റെക കഥ. പേരിനു പോലും എന്തൊരു സാമ്യം. അവളുടെ രാവുകള്‍, കബീരിയയുടെ രാവുകള്‍. സ്വന്തം കഥയ്ക്കു ഫെല്ലിനി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന് കാന്‍ ചലച്ചിത്രോല്സതവത്തില്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. പശ്ചാത്തലവും മുഖ്യ പ്രമേയവും സമാനമെങ്കിലും ഫെല്ലിനി ചിത്രവുമായി ഐ. വി. ശശിയുടെ ചിത്രത്തിന് സാമ്യമൊന്നുമില്ല. കബീരിയ എന്ന വേശ്യ പെണ്കുട്ടിയെ അവള്‍ സ്നേഹിക്കുന്ന പുരുഷന്‍ ചതിക്കുകയാണ്. എങ്കിലും സിനിമയുടെ അവസാനം പാട്ടുപാടി നൃത്തം വച്ചു വരുന്ന ഒരുകൂട്ടം ചെറുപ്പക്കാര്ക്കൊ പ്പം ചേര്ന്ന് കണ്ണീരിനിടയിലും പുഞ്ചിരിയുമായി അവള്‍ ജീവിതത്തിലേക്കു തിരികെ നടക്കുന്ന രംഗമാണ് ഫെല്ലിനി ചിത്രീകരിച്ചിരിക്കുന്നത്. രണ്ടു ദശാബ്ദത്തിനു ശേഷം 1978 ല്‍ മലയാളത്തില്‍ മറ്റൊരു സംവിധായകന്‍ ഇതേ തെരുവുവേശ്യയായ നായികയെ വിളക്കുകൊളുത്തി ജീവിത്തിന്റെ പൂമുഖത്തേക്കു സ്വീകരിച്ചു.
കബീരിയയായി അഭിനയിച്ച ഗ്വില്ലിറ്റ മാസിനയെ ആണ് ഫെഡറിക്കോ ഫെല്ലിനി വിവാഹം കഴിച്ചത്. ഐ. വി. ശശിയുടെ വിവാഹവും ചരിത്രം.
പിറ്റേന്നു തന്നെ ഈ സമാനതകള്‍ ലോഹിയേട്ടനോടു ഫോണില്‍ വിളിച്ചു പറഞ്ഞു. അവളുടെ രാവുകള്‍ ഒരുതവണ മാത്രം കണ്ടു മറന്ന ഞാന്‍ നൈറ്റ്സ് ഓഫ് കബീരിയ നേരത്തേ മൂന്നുവട്ടം കണ്ടിട്ടുണ്ടായിരുന്നു.
ലോഹിയേട്ടന്‍ പറഞ്ഞു, ശശിയേട്ടന്റെ ഫോണ്‍ നമ്പര്‍ തരാം. ഒന്നു വിളിക്കൂ. ഇങ്ങനെയൊക്കെ ആരെങ്കിലും വിളിച്ചു പറയുന്നത് അദ്ദേഹത്തിനു സന്തോഷമാകും. നമ്പര്‍ വാങ്ങിയെങ്കിലും ഒരിക്കലും വിളിച്ചില്ല. വലിയൊരു സംവിധായകനോടു സംസാരിക്കാനുള്ള മടികാരണം.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...