നിവിന്റെ കരിയർ ബെസ്റ്റ്; ഹേയ് ജൂഡ് റിവ്യൂ വായിക്കാം

0
555

ശൈലന്‍ എഴുതുന്നു 

ശൈലന്‍

കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളിൽ ഊന്നി മാത്രം സിനിമകളെടുക്കാറുള്ള ശ്യാമപ്രസാദ് എന്ന ആർട്ട് ഹൗസ് ലേബലിംഗ് ഉള്ള സംവിധായകൻ തന്റെ ക്ലാസ് കൈവിടാതെ തന്നെ ശൈലിയിൽ നടത്തിയിരിക്കുന്ന കൃത്യമായ ഒരു വ്യതിചലനമാണ് “ഹേയ് ജൂഡ്” . സങ്കീർണ്ണമായ മാനസിക നിലകളുള്ളവനും വിചിത്രമായി പെരുമാറുന്നവനുമായ ഒരു ജൂഡിന്റെ ജീവിതത്തിലേക്കാണ് ആണ് പേര് സൂചിപ്പിക്കുമ്പോലെ ഇത്തവണയും ശ്യാമപ്രസാദ് ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് എങ്കിലും തീർത്തും ലളിതമായി ആരെയും രസിപ്പിക്കുന്ന വിധത്തിൽ അദ്ദേഹം അത് 145 മിനുട്ടിൽ പകർത്തിവെച്ചിരിക്കുന്നു.

ഫോർട്ട് കൊച്ചിയിലെ തുടക്കം..

ശ്യാമപ്രസാദിന്റെ കരിയർ ബെസ്റ്റുകളിലൊന്നായ ഒരേകടലി”ൽ എന്നപോലെ ചില്ലുഭരണിയിലിട്ട അക്വേറിയത്തിലെ ഗോൾഡൻ ഫിഷുകളിലേക്ക് സൂം ചെയ്തുകൊണ്ടാണ് ഹേയ് ജൂഡിന്റെ ടൈറ്റിൽസും തുടങ്ങുന്നത്. പക്ഷെ അടുത്ത നിമിഷത്തിൽ തന്നെ മനസിലാവുന്നു സിനിമയുടെ പാത വേറെ ആണെന്ന്. ഫോർട്ട് കൊച്ചിയിൽ ആന്റിക് കച്ചവടം നടത്തുന്ന ഡൊമിനിക്ക് റോഡ്രിഗ്സ്, ഭാര്യ മറിയ, മകൻ ജൂഡ്, മകൾ ആൻഡ്രിയ എന്നിവരുടെ രസകരമായ കുടുംബാന്തരീക്ഷത്തിലേക്ക് ക്യാമറ വഴിതിരിഞ്ഞു പോകുന്നു.

കുട്ടിത്തം വിടാത്ത ജൂഡ്

പ്രായത്തിനനുയോജ്യമല്ലാത്ത മനോഘടനകളുള്ള, വൈകാരിതകളെ കുറിച്ച് കൺഫ്യൂഷനുകളുള്ള ഏറക്കുറെ കുട്ടി എന്നു തന്നെ പറയാവുന്ന ക്യാരക്റ്റർ ആണ് ജൂഡ്. എന്നാൽ അയാൾ അതേസമയം തന്നെ കണക്കിന്റെ കാര്യത്തിലും വിജ്ഞാനത്തിന്റെ കാര്യത്തിലും ഒരു എൻസൈക്ലോപീഡിയ തന്നെയാണ്. ഇമോഷൻസിനെക്കാൾ ഡിജിറ്റ്സ് ആണ് സത്യസന്ധം എന്ന് വിശ്വസിക്കുന്ന ജൂഡിന് ഏതൊരു വാക്ക് അല്ലെങ്കിൽ സംഖ്യ കിട്ടിയാലും ഗൂഗിളിനെപ്പോൽ വാചാലമായി (അല്ലെങ്കിൽ മെക്കാനിക്കൽ ആയി) സംസാരിക്കാനാവും. അത്യാർത്തിക്കാരനും‌ കുശാഗ്രബുദ്ധിയുമായ ഡൊമിനിക്കിന്ന് മകൻ പാരയാകുന്നതും അവർ തമ്മിലുള്ള രസകരമായ കെമിസ്ട്രിയും തുടക്കം മുതലേ പടത്തിനെ ആസ്വാദ്യമാക്കുന്നു.

ഗോവയിലേക്കുള്ള ഷിഫ്റ്റ്

ഡോമിനിക്കിന്റെ വകയിലൊരു ആന്റി മരണപ്പെട്ടെന്ന് അറിഞ്ഞ് റോഡ്രിഗ്സ് കുടുംബം ഗോവയിലേക്ക് പോവുന്നതാണ് പിന്നീടുള്ള പോർഷൻ. മക്കളും ബന്ധുക്കളുമില്ലാത്ത ഒലീവിയ ആന്റി കോടിക്കണക്കിന് മൂല്യമുള്ള സ്വത്തുവകകൾ വില്പത്രത്തിൽ ഡൊമിനിക്കിന്റെയും ജൂഡിന്റെയും പേരിൽ എഴുതി വച്ചതിനെ തുടർന്നുള്ള സംഭവങ്ങളും ജൂഡിന്റെ അവിടത്തെ അലസഗമനങ്ങളും പുതിയ ബന്ധങ്ങളും മറ്റുമായിട്ടാണ് സിനിമ തുടർന്ന് മുന്നോട്ട് പോകുന്നത്. ഒലീവിയ ആന്റിയുടെ ഔട്ട്-ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന സെബാസ്റ്റ്യൻ എന്ന അരവട്ടൻ സൈക്യാട്രിസ്റ്റുമായി ഡൊമിനിക്കിന്റെ സംഘർഷങ്ങളും അയാളുടെ മകൾ ക്രിസ്റ്റലുമായി ഉള്ള ബന്ധത്തിലൂടെ ജൂഡിന്റെ ജീവിതത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ ഫോർട്ട് കൊച്ചിയിലെ അതേ രസച്ചരടിൽ തന്നെയാണ് കോർത്തിടുന്നത്. അമ്പരിപ്പിക്കുന്ന ട്വിസ്റ്റുകളോ സംഭവബഹുലതകളോ ഒന്നുമില്ലാതെ ഒരു ശ്യാമപ്രസാദ് സിനിമയുടെ സ്വാഭാവികതയോടെ “ഹേയ് ജൂഡ്” 145മിനുട്ടിൽ അവസാനിക്കുകയും ചെയ്യുന്നു.

നിവിനും തൃഷയും

നിവിൻ പോളിയ്ക്ക് കരിയറിൽ കിട്ടാവുന്നതിൽ വച്ച് മികച്ചതും വ്യത്യസ്തവുമായ ഒരു ക്യാരക്റ്റർ ആണ് ജൂഡ്. അയാൾ അത് തന്റേതായ രീതിയിൽ ഗംഭീരമാക്കിയിരിക്കുന്നു. കിളിപോയ ടൈപ്പ് കഥാപാത്രങ്ങളെ മിക്കവാറും എല്ലാ നായകനടന്മാരും ചെയ്തിട്ടുണ്ടെങ്കിലും അവർക്കൊന്നും കണ്ടിട്ടില്ലാത്ത ഒരു ചൈൽഡിഷ്നെസ്സും ഗ്രെയ്സും ആണ് ജൂഡിന്റെ ഹൈലൈറ്റുകൾ. ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പർ നായിക ആയിരുന്ന തൃഷ കൃഷ്ണൻ ആണ് ക്രിസ്റ്റൽ എന്ന ബൈപോളാർ ഡിസീസുകാരി നായിക ആവുന്നത്. സയനോരയുടെ ഡബ്ബിംഗ് കൂടി ആവുമ്പോൾ ക്രിസ് പെർഫക്റ്റാണ്. മുപ്പത്തിനാലാം വയസിൽ മുപ്പത്തിമൂന്നുകാരൻ നിവിന്റെ ഓപ്പോസിറ്റ് വരുമ്പോൾ തൃഷയ്ക്ക് തന്റെ സുവർണ്ണ കാലത്തിന്റെ പ്രതാപം നിലനിർത്താൻ കഴിയുന്നുണ്ട്. എന്നിട്ടും പോയവർഷം എന്തുകൊണ്ട് ഇവർക്ക് സിനിമയൊന്നും ഉണ്ടായില്ല എന്നുമാത്രം മനസിലാവുന്നില്ല.

സിദ്ധീഖ്, വിജയ്‌ മേനോന്‍

ജൂഡിന്റെ അപ്പൻ ആയി വരുന്ന സിദ്ദിഖിനെയൊന്നും നന്നായി എന്നുപറഞ്ഞ് എടുത്തുപറഞ്ഞ് പുകഴ്ത്തേണ്ട കാര്യമില്ല. ത്രൂ ഔട്ട് നിറഞ്ഞാടാൻ പറ്റിയ ഒരു അവസരമായി സിദ്ദിഖിനെ സംബന്ധിച്ച് ഡൊമിനിക്കിന്റെ ക്യാരക്റ്റർ. നീനാക്കുറുപ്പ് ആണ് ജൂഡിന്റെ അമ്മ. അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല റോൾ ആയിരിക്കണം മറിയ. അരവട്ടനും ടിപ്പിക്കൽ ആംഗ്ലോ ഇൻഡ്യനുമായ സെബാസ്റ്റ്യൻ ഡോക്റ്ററെ ചെയ്ത വിജയ് മേനോന്റെ കാര്യവും അങ്ങനെത്തന്നെ. ഗോവയിലേക്ക് പോകുന്ന കാറിൽ ലിഫ്റ്റ് ചോദിച്ചു കേറി ജൂഡിന്റെ വിജ്ഞാനഭണ്ഡാഗാരം താങ്ങാനാവാതെ പ്രാന്തായി വഴിയിലിറങ്ങി പാഞ്ഞു രക്ഷപ്പെടുന്ന ജോർജ് കുര്യനായി അജുവർഗീസും ഉണ്ട്

സ്ക്രിപ്റ്റും മറ്റും.

നിർമ്മൽ മഹാദേവ്, ജോർജ് കാണാട്ട് എന്നിവർ ചേർന്നൊരുക്കിയ സ്ക്രിപ്റ്റ് ആണ് ജൂഡിനെ ആസ്വാദ്യമാക്കാൻ സംവിധായകന് തുണയാകുന്നത്. ഒരുപക്ഷെ, ശ്യാമപ്രസാദ് തന്റെ കരിയറിൽ അതിനുമുമ്പ് കോമഡി ട്രാക്കിൽ ചെയ്തിട്ടുള്ളത് കേരളകഫേ ആന്തോളജിയിലെ “ഓഫ്സീസൺ” എന്ന ചെറുചിത്രം മാത്രമാണെന്ന് തോന്നുന്നു. തീയേറ്ററിൽ ഉച്ചത്തിലുള്ള ചിരി സൃഷ്ടിക്കാൻ ഏതായാലും ജൂഡിനാവുന്നുണ്ട്. ഇത്തരം സിനിമകളുടെയെല്ലാം സ്ഥിരം ഫോർമാറ്റായ ഒരു പെണ്ണ്/നായിക വന്ന് കിളിപോയവന്റെ ജീവിതത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ വരുത്തുന്ന സംഗതി ഇവിടെയും നേരിയ തോതിലെങ്കിലും ആവർത്തിക്കുന്നുണ്ട് എന്നത് പടത്തിന്റെ ഒരു പോരായ്മ തന്നെയാണ്. അങ്ങനെ ചിന്തിച്ചാൽ പടം മൊത്തത്തിലും ഫ്രെഷ് എന്നൊന്നും പറയാനാവില്ല. അതുകൊണ്ടുതന്നെ പടത്തിന്റെ സ്വീകാര്യതയെ കുറിച്ച് പ്രവചിക്കുക അസാധ്യം.

കടപ്പാട് : മലയാളം ഫിലിമി ബീറ്റ്

 

 

LEAVE A REPLY

Please enter your comment!
Please enter your name here