മരങ്ങളുടെ മൃതദേഹങ്ങള്‍ പറയുന്നത്

0
660

നിധിന്‍ വി.എന്‍ 

കൃഷ്ണഗിരിയുടെ മുകളില്‍ നിലകൊള്ളുന്ന സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് ജൈവവൈവിധ്യം കൊണ്ട് സമ്പന്നമാണ്. ഈ സമ്പന്നത ശോഭീന്ദ്രന്‍ മാഷിന്റെയും വിദ്യാര്‍ത്ഥികളുടെയും വിയര്‍പ്പിന്റെ ഗന്ധമാണ്. ഒരു ജനതയുടെ അധ്വാനത്തിന്റെ, നാളെയിലേക്കുള്ള കരുതലിന്റെ കടയ്ക്കലേക്കാണ് വികസനത്തിന്റെ പേര് പറഞ്ഞ് അധികാരികള്‍ മഴു വെച്ചത്.

മരം ഒരു വരമാണെന്നും, ആയിരം പുത്രന് സമമാണ് ഒരു മരമെന്നും പറഞ്ഞു പറഞ്ഞു പഠിപ്പിച്ച കലാലയത്തില്‍ തന്നെ അനീതി നടക്കുമ്പോള്‍ നീറുന്നത് വിദ്യാര്‍ത്ഥികളുടെ ഉള്ളമാണ്. പ്രിയപ്പെട്ടവരുടെ മൃതദേഹത്തിനരികിലെന്നപോലെ ഉള്ള് കലങ്ങി നില്‍ക്കുമ്പോള്‍ പ്രകൃതിയ്ക്ക് വേണ്ടി മുഷ്ടി ചുരുട്ടേണ്ടി വരുന്നത് സ്വാഭാവികം. പരിസ്ഥിതി ദിനത്തില്‍മാത്രം പ്രകൃതി സ്‌നേഹം ഉദിക്കുന്ന വിദ്യാര്‍ത്ഥി സമൂഹമല്ല ഗുരുവായൂരപ്പന്‍ കോളേജില്‍ ഉള്ളത്. ബോധി മരച്ചുവട്ടിലെ ബുദ്ധ പ്രതിമയില്‍ തലവെച്ച് പ്രകൃതിയുടെ പാഠങ്ങള്‍ പഠിച്ച ബുദ്ധരാണ് അവര്‍. അതുകൊണ്ടാണല്ലോ വേനലില്‍ പക്ഷികള്‍ക്കായി ജലം നിറച്ച മണ്‍പാത്രങ്ങള്‍ വൃക്ഷ ശിഖിരങ്ങളില്‍ ഒരുക്കുന്നത്.

മരങ്ങള്‍ മുറിക്കുന്നതിലൂടെ നഷ്ടപ്പെടുത്തുന്നത് പക്ഷി-മൃഗാദികളുടെ ആവാസവ്യവസ്ഥയാണ്. വീടില്ലാത്തവന്റെ വേദനകളെ നെഞ്ചേറ്റുന്ന മനുഷ്യന് പ്രകൃതിയുടെ വേദനമാത്രം മനസ്സിലാക്കാന്‍ പറ്റാത്തത് എന്തു കൊണ്ടാണ് ? ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ല. അതൊരു തിരിച്ചറിവാണ്, വികസനത്തിന്റെ വ്യാഖ്യാനങ്ങളില്‍ എഴുതിച്ചേര്‍ക്കേണ്ട ഒന്ന്!

LEAVE A REPLY

Please enter your comment!
Please enter your name here