നാല് ഗാന്ധി കവിതകൾ

0
10768
gandhi kavithakal

ഗാന്ധി / കെ.വി ജ്യോതിഷ്

റ കൊണ്ട് വരച്ചു തുടങ്ങിയ
ചിത്രത്തിൽ നിന്നും
ക്ഷ വരപ്പിച്ചവനെ കണ്ട്
ഗാന്ധി ക്രുദ്ധനായ്!

കടലറ്റം നീണ്ടു കിടക്കുന്ന
ക്യാൻവാസിൽ ഗുഹാമുഖത്തി
ലേക്കൊരുവഴി……

ചിത്രങ്ങളിൽ കോറിയിട്ട
ഗാന്ധി സ്വപ്നങ്ങളിൽ
നിന്നും രാജ്യം പിടഞ്ഞ്
വീഴുന്നത് കണ്ടായിരിക്കണം
ആശംസകൾ
സ്വീകരിക്കാതെ
തെരുവിൽ കൊല്ലപ്പെട്ടവന്റെ
ചോരക്കറയുടെ “റ “യിൽ
വടികുത്തി നിന്നത്

_______________________________

ആരാണ് ഗാന്ധി? / കാർത്തിക ശിവപ്രസാദ്

വടികുത്തിവരുന്നൊരു നേരിൽ
വടിവൊത്തൊരു നോക്കിന്നുയിരിൽ
പശിവറ്റിപ്പിടയും നോവിൽ
പകൽനീറ്റിപ്പുകയും രാവിൽ
കണ്ണീരിന്നുപ്പുകുറുക്കി
കാതങ്ങളളക്കുന്നവരുടെ
കൽവഴിയിൽ കാവലിനെന്നും
നിൽപ്പവനോ നമ്മുടെ ഗാന്ധി ?

ഉടുതുണിയും മറുതുണിയും പോയ്
ഉടലിൽച്ചുടുരക്തം വറ്റി
ഇറയത്തു മരിച്ചു കിടക്കുന്നി-
വനല്ലേയിന്നിൻ ഗാന്ധി ?

പൊയ്ക്കണ്ണുകളിടവഴി നീളെ
പകയാളും പത്തിയുയർത്തി
പ്പതിയുമ്പോഴുൾക്കണ്ണാകും
കണ്ണട പോലൊരുവൻ ഗാന്ധി..

പൊരുതാനായ് പൊന്തിയ നാവിൽ
പതിരില്ലാതണയും സ്നേഹ-
ത്തിരുമധുരം തേനിൽച്ചാലി-
ച്ചൂട്ടുന്നവനല്ലേ ഗാന്ധി?

സഹനത്തിൻ പർവ്വതമകുടം
കയറുമ്പോഴുള്ളിന്നുള്ളിൽ
സഹയാത്രികനാകുന്നൊരുവൻ
അവനാവാമെന്നിലെ ഗാന്ധി..

സമരത്തിൻ തീച്ചൂളകളിൽ
സമവായം തീർക്കാനായി
കൈനീട്ടിയുറപ്പിന്നാഴ-
മളക്കുന്നവനല്ലേ ഗാന്ധി?

ഇനിയും പലപിറവികളായി
പുലരുന്നവനല്ലേ ഗാന്ധി
ഒരു തോക്കിലുമെരിയാതങ്ങനെ
തെളിയും വാക്കല്ലേ ഗാന്ധി….

_________________________

ബാപ്പുജി :
ഒരെട്ടാം ക്ലാസ് കവിത / ഹാഫിസ്

സത്യമഹിംസധര്‍മ്മ –
മന്ത്രമോതി ഞങ്ങളില്‍
മര്‍ത്യലക്ഷ്യങ്ങള്‍ മന,
വാടിയില്‍ വിരിയിച്ച,

ബാപ്പുജീ ഭവത് മഹത്-
ദേഹത്തെയിന്നു ഞങ്ങള്‍
പാപികള്‍ കണ്ടിടുന്നു
പാവനദ്ദേവനതോ……

പാരതന്ത്ര്യച്ചില്ലയി-
ലുദിച്ച പനിനീരോ
ഭാരതോദ്യാനത്തിലെ ഭാവനക്കുളിര്‍ക്കാറ്റോ,

വിലോലം ചിറകുമായ്
നീതിവാക്കധരമായ്
വാനില്‍ നിന്ന് പറന്നു
വന്നേക പറവയോ.

മാനവ വീക്ഷണത്തില്‍
ജീര്‍ണ്ണിച്ചു ബാധിച്ചതാം
മൂഡ വിശ്വാസം കള-
ഞ്ഞകന്ന തടിനിയോ.

സോദരര്‍ നാമെന്നുള്ള കീര്‍ത്തന വാക്യം വന-
രോദനമായ് പാടിയ
സ്നേഹീയ ഗായകനോ…….

ആരങ്ങെന്നാലുമെന്റെ
ചാരെ വന്നണഞ്ഞാല്‍ ഞാന്‍
ചാരിതാര്‍ത്യനായ് പിന്നെ
പൂവണിഞ്ഞഭിലാഷം..

______________________________

ഗാന്ധി / സതീശൻ ഒപി

ഒരുറുമ്പിനെ പോലും
നോവിച്ചിട്ടില്ല.
ആയുധമെടുത്തൊരു
യുദ്ധം പോലും ജയിച്ചിട്ടില്ല.

കൂസാതെ
കൂനി നടന്നു
ഹൃദയത്തിലേക്കു
സ്നേഹത്തിന്റെ
വിത്തു പാകിയിരുന്നു .
നിങ്ങളഴിച്ചുവിട്ട
കലാപങ്ങളെ
പിറകെ ചെന്നു
മെരുക്കിയിരുന്നു.
ഒരു ജനതയുടെ
സ്വപ്നങ്ങളിലേക്കു
ചർക്ക തിരിച്ചിരുന്നു.

മണിമാളികയിൽനിന്നു
തെരുവിലേക്കു പരക്കുന്ന
കൊതിപ്പിക്കുന്ന
മണമായിരുന്നില്ല
അയാൾ
തെരുവിലൊട്ടിയ
ദരിദ്രരുടെ
നിഴലായിരുന്നു അയാൾ .

ഇത്രയും മതിയല്ലോ
മൂന്നു വെടിയുണ്ടകൾ
തേടിയെത്താൻ.
പക്ഷെ അയാൾ
മരിക്കുന്നില്ലെന്നുകണ്ട്‌
വീണ്ടും
എത്രവട്ടം
നിങ്ങൾ നിറയൊഴിച്ചു?
എനിയെത്ര വട്ടം
നിങ്ങൾ വെടിയുതിർക്കും?
പക്ഷെ നിങ്ങളറിയുമോ
അഹിംസയെ
സ്നേഹത്തെ
തോക്കുകൾ കൊണ്ട്‌
കൊല്ലാനാവില്ലെന്നു?


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) +918078816827 (WhatsApp), editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here