സുരേഷ് നാരായണൻ
രണ്ടു റിവ്യൂ അർഹിക്കുന്നുണ്ട് ഈ സിനിമ;
ഒന്ന് > താത്വികമായ അവലോകനം :
2 > കട്ട ലോക്കൽ അവലോകനം
(ആവശ്യമുള്ളവർ നോക്കിയെടുത്തോട്ടെ ! )
ഒന്ന്
……
ഒരു കോമഡിസ്കിറ്റ് ഉണ്ടാക്കുന്ന അതേ ലാഘവത്തോടെയാണ് രമേശ് പിഷാരടി സിനിമയെ സമീപിക്കുന്നത്…
അതുകൊണ്ടായിരിക്കണം വിഷം കുടിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ച ഉല്ലാസിന്റെ ഭാര്യയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന സീനുകളിലും കോമഡി പടർന്നുകയറുന്നത്.
ഞാനപ്പോൾ “തലയണമന്ത്ര”ത്തിലെ മാമുക്കോയ ആകാനാഗ്രഹിച്ചു ! സംവിധായകനെ ഇന്നസെന്റായി സങ്കൽപ്പിച്ച് ഒന്ന് പൊട്ടിക്കാനാശിച്ചു !
(അസ്ഥാനത്തുള്ള കോമഡികൾ വേറെയുമുണ്ട്)
മമ്മൂട്ടിയുടെ അഭിനയത്തെപ്പറ്റി എന്തു പറയാൻ .. ചില വിഷയങ്ങളിൽ മാത്രം പാസാവുന്ന ഒരു പാവം കുട്ടി !
മെഗാസ്റ്റാറിനെത്തന്നെ നായകനായി കിട്ടിയ പിഷാരടി എന്തിനാണ് നായികയുടെ കാര്യത്തിൽ കോംപ്രമൈസ് ചെയ്തത് എന്ന് മനസ്സിലാകുന്നില്ല. ശോക രംഗങ്ങളിൽ എക്സ്പ്രഷൻസ് ശരിയായി കിട്ടാത്ത അവരുടെ മുഖത്തു നിന്നും കണ്ണിലേക്കു ക്യാമറ സൂം ചെയ്യേണ്ടിവന്ന ക്യാമറാമാനെ ഓർത്താണ് എനിക്കു സങ്കടം വന്നത് !
സഹനടൻമാരുടെ ഒരു പട തന്നെയുണ്ട് ചിത്രത്തിൽ. കൃത്യമായ അളവുകളിൽ തയ്പ്പിച്ച ഡ്രസ്സ് തന്നെ എല്ലാവർക്കും സംവിധായകൻ കൊടുത്തിട്ടുമുണ്ട്. സുരേഷ് കൃഷ്ണയും പിന്നെ അബു സലീമും ആണ് കൂട്ടത്തിൽ വേറിട്ടു നിന്നത്. ദേവനെ കൊമേഡിയൻ ആക്കാനുള്ള ശ്രമം അയാളുടെ അഴിഞ്ഞുവീണ ഉടുമുണ്ടു പോലെയായി പോകുന്നതും കണ്ടു,!
പിഷാരടിയോട് ഒന്നേ പറയാനുള്ളൂ. സിറ്റുവേഷനൽ കോമഡികളിലും കഥാപാത്ര നിർമ്മിതിയിലും കുറച്ചുകൂടി മനസ്സർപ്പിക്കുക; താങ്കൾക്ക് തീർച്ചയായും സിദ്ദിഖ്-ലാൽ ന്റെ പിൻഗാമി ആകാൻ കഴിയും!
രണ്ട് (കട്ട ലോക്കൽ റിവ്യൂ)
……
കുറേ കോമഡിയും കുറച്ച് സെൻറിമെൻസും എല്ലാം കുത്തിനിറച്ച ഒരു പാക്കേജ്.
നിഷ്കളങ്കമായ മനസ്സോടെ തീയേറ്ററിൽ കയറുക
നിങ്ങൾക്ക് പടം ഇഷ്ടപ്പെടും !