Editor’s View
കേരളത്തെ വലിയ ഭീതിയിലേക്കാഴ്ത്തിയ സംഭവമായിരുന്നു കളമശ്ശേരി സ്‌ഫോടനം. കളമശ്ശേരിയില്‍ പ്രാര്‍ത്ഥിക്കാനായി ഒത്തുകൂടിയവര്‍ക്കിടയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്നതിനുപിന്നാലെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ സാമൂഹിക ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചരണങ്ങള്‍ ആരംഭിച്ചു. കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നത്. രാഷ്ട്രീയ ജാഗ്രതയോടെ നില്‍ക്കേണ്ട, ഔദ്യോഗിക വിവരങ്ങള്‍ മാത്രം പങ്കുവെക്കേണ്ട സമയങ്ങളില്‍ അതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് സാരം.
കളമശ്ശേരി സ്‌ഫോടനം കേരളത്തില്‍ വരാനിരിക്കുന്ന കലാപങ്ങളുടെ തുടര്‍ച്ചയാണെന്ന രീതിയിലാണ് കേരളത്തിലെ മീഡിയകള്‍ കണ്ടത്. യഹോവ സാക്ഷികള്‍ക്കെതിരെ നടന്ന സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാം സമൂഹമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് ജീവന്‍വെച്ചത്. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഡൊമിനിക് മാര്‍ട്ടിന്‍ ഏറ്റെടുത്തതോടെയാണ് മാധ്യമങ്ങളടക്കം എല്ലാവരും ഈ വിഷയത്തില്‍ നിന്ന് കുറച്ചൊന്ന് പുറകോട്ട് പോയത്. സാമൂഹിക ധ്രുവീകരണത്തിനായി ചൂട്ടുപിടിക്കാന്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുമ്പോള്‍ പ്രതിയുടെ പേര് പുറത്തുവരുന്നതുവരെ ഭയപ്പാടോടെ ഇരിക്കേണ്ട അവസ്ഥായായിരുന്നു ഇസ്ലാം സമൂഹത്തിന്. ഏതു നിമിഷവും വേട്ടയാടപ്പെടാവുന്ന ഒരു സമൂഹമായി ഒരു വിഭാഗം മാറുന്നത് എത്ര ദൗര്‍ഭാഗ്യകരമാണെന്ന് നാം ചിന്തിക്കേണ്ട വിഷയമാണ്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ നടത്തിയ പ്രസ്താവന തീര്‍ത്തും ഉത്തരവാദിത്തരഹിതമായ പ്രസ്താവനയാണ്. ‘ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതി ആരോപണങ്ങളാല്‍ ഉപരോധിക്കപ്പെട്ട പിണറായി വിജയന്റെ പ്രീണന രാഷ്ട്രീയത്തിന് ഒരുദ്ദാഹരണമാണ് കളമശ്ശേരിയില്‍ ഇന്ന് കണ്ടത്. കേരളത്തില്‍ ഭീകരവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങള്‍ നിരവധികളായ ക്രിസ്ത്യാനികള്‍ക്ക് നേരെ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുകയാണ്’ എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെടുത്തി കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു എന്നതില്‍ സംശയമില്ല. എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറിയെന്നും പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച ഒഴിവിലേക്ക് മതതീവ്രവാദികളെ കൊണ്ടുവരാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത് എന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
മറുനാടന്‍ മലയാളി, കര്‍മ ന്യൂസ് എന്നീ സംഘപരിവാര്‍ ആനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കിട്ടിയ അവസരം മുതലാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഡൊമിനിക് മാര്‍ട്ടിന്‍ ഏറ്റെടുത്തതോടെയാണ് ഈ വിഷ പാമ്പുകള്‍ പിന്നോട്ടാഞ്ഞത്. ഇവരെ കരുതിയിരിക്കുക തന്നെ വേണം. ഒരവസരത്തിനുവേണ്ടിയാണ് ഇവര്‍ കാത്തിരിക്കുന്നത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല