സലാം ! കോഴിക്കോട് !

0
683

മാനാഞ്ചിറയും മിഠായി തെരുവും ബീച്ചും പാളയം മാര്‍ക്കറ്റുമുള്ള തിരക്കുള്ള കോഴിക്കോട്. സാംസ്‌കാരിക പരിപാടികള്‍ ഏതു വെച്ചാലും മറ്റെവിടെയുള്ളതിനേക്കാളും തിരക്കുള്ള കോഴിക്കോട്. നന്മയുള്ള ഓട്ടോ ചേട്ടന്‍മാരുള്ള നൗഷാദിന്റെ കോഴിക്കോട്.

കഴിഞ്ഞ രണ്ടാഴ്ച്ചയായി നമ്മള്‍ പൊരുതുകയായിരുന്നു. വിളിക്കാതെ വന്ന വേനലവധിക്കാല അതിഥിയോട്. ‘നിപ്പ’യോട്. ആ പേര് പോലും നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും പുതുമയുള്ളതായിരുന്നു. പക്ഷെ, ഡോ: അനൂപ്‌ കുമാറിന് അത് പുതുമയുള്ളത് ആയിരുന്നില്ല. അതുകൊണ്ടാണ് കോഴിക്കോട് രണ്ടാമത്തെ മരണമുണ്ടായപ്പോള്‍തന്നെ രോഗിയുടെ സ്രവങ്ങള്‍ മണിപ്പാലിലേക്ക് അയച്ചു ‘നിപ’ നമുക്ക് സ്ഥിരീകരിക്കാന്‍ പറ്റിയത്.

പിന്നീട് അങ്ങോട്ട്‌ നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും കോഴിക്കോട് മെഡിക്കല്‍ കോളേജും കോഴിക്കോടുള്ള മറ്റ് സ്വകാര്യ ആശുപത്രികളും അവിടെയുള്ള ഡോക്റ്റര്‍, നഴ്സ്, തുടങ്ങി ആംബുലന്‍സ് ഡ്രൈവര്‍ വരെയുള്ളവര്‍. മരണപെട്ടവരുടെ ബന്ധുക്കള്‍, പേരാമ്പ്ര – കുറ്റ്യാടി ഭാഗത്തുള്ള ജനങ്ങള്‍, മറ്റു സര്‍ക്കാര്‍ ഇതര സംഘടനകള്‍, സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങി എല്ലാവരും.

രോഗമെന്തെന്ന് അറിയും മുന്‍പ് നൂറുകണക്കിന് ആളുകള്‍ മരിച്ചു വീണതാണ് മറ്റ് നാടുകളിലെ നിപ്പയുടെ ചരിത്രം. ഇവിടെ നമുക്ക് രണ്ടാമത്തെ ആളില്‍ തന്നെ രോഗം സ്ഥിരീകരിക്കാനായി. രോഗമെന്തെന്ന് അറിയും മുന്‍പ് ആദ്യ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിലപ്പെട്ട ജീവനുകള്‍ ആണ് നമുക്ക് നഷ്ടമായത്. വലിയ എണ്ണത്തിലേക്ക് മരണസംഖ്യ ഉയര്‍ന്നില്ല, നമ്മുടെയൊക്കെ കൂട്ടായ യത്നം കൊണ്ട്, ഒന്നിച്ചു പൊരുതാം എന്ന നിശ്ചയദാർഢ്യം കൊണ്ട്.

അപവാദങ്ങള്‍ ഉണ്ട്. വാട്സ്ആപ്, ഫേസ്ബുക്ക് മുതലായ സമൂഹമാധ്യമങ്ങള്‍ വഴി ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചവരുണ്ട്. പല താല്പര്യങ്ങള്‍ക്ക് വേണ്ടി ഇടയില്‍ കയറി കളിച്ചവരുണ്ട്. കോഴിക്കോടിന്റെ ഭൂമിശാസ്ത്രം പോലും അറിയാത്തവര്‍ കൊച്ചിയിലെ ശീതീകരിച്ച ന്യൂസ് റൂമില്‍ ഇരുന്ന് വലിയ വായില്‍ വര്‍ത്തമാനം പറഞ്ഞിട്ടുണ്ട്. ഇതുവരെ നമ്മള്‍ ചെയ്ത കരുതല്‍ പ്രവര്‍ത്തികളെയൊക്കെ റദ്ദ് ചെയ്യുന്ന രീതിയിലുള്ള അന്തിചര്‍ച്ച മാധ്യമ മുത്തശ്ശികളില്‍ നിന്നും ഉണ്ടായിട്ടുമുണ്ട്. അറിവില്ലായ്മ കൊണ്ടാണ്. അത് അവതാരിക എടുത്ത് പറഞ്ഞിട്ടുമുണ്ട്.

ആരോഗ്യ മന്ത്രി മുതല്‍ ഹോസ്പിറ്റലിലെ അറ്റണ്ടര്‍ വരെയുള്ളവര്‍ ഉറങ്ങാത്ത ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞ രണ്ടാഴ്ച. അതിന്റെ ഇടക്ക് കെവിനും ചെങ്ങന്നൂരും കടന്നു പോയി. അതൊന്നും അറിയാത്ത ഡോകടര്‍മാരുടെ അനുഭവ കുറിപ്പുകള്‍ നമ്മള്‍ വായിച്ചതാണ്.

കോഴിക്കോട് കച്ചവടം കുറഞ്ഞിരുന്നു. പാളയത്തും മിഠായി തെരുവിലും നോമ്പുകാലമായിട്ട് പോലും ആളുകള്‍ തീരെ ഇല്ലായിരുന്നു. പഴ – കോഴി കച്ചവടക്കാരെ ദ്രോഹിക്കാന്‍ മനപൂര്‍വ്വമുള്ള ഇടപെടലുകള്‍ ആരൊക്കെയോ നടത്തിയിരുന്നു. ഒരിക്കല്‍ പോലും ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കാത്തവര്‍ നിയമസഭയിയില്‍ കോപ്രായം കാണിച്ചിട്ട് പോലുമുണ്ട്.

പക്ഷെ, നമ്മള്‍ നീന്തിയിട്ടുണ്ട്. എതിരെ ഒഴുകിയ മലിന മലവെള്ളപാച്ചിലിനെയൊക്കെ അതിജീവിച്ചു കൊണ്ട്. അതെ, കോഴിക്കോട് അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. ഏറെക്കുറെ ജനജീവിതം പഴയ രീതിയിലേക്ക് ആയി വരുന്നുമുണ്ട്.

നിപ രോഗം ബാധിച്ച ആരും ഇപ്പോൾ ചികിത്സയിൽ ഇല്ല. രോഗം ഉണ്ടായിരുന്ന രണ്ടുപേരും ഡിസ്ചാർജിനു മുന്‍പുള്ള അവസാന പരിശോധനയിലാണ്. ഇനി രോഗത്തിന് വേണ്ടിയുള്ള നിരീക്ഷണത്തിനോടൊപ്പം രോഗത്തിന്റെ ദുരിതമനുഭവിച്ചവർക്കുള്ള സഹായം എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.

നമ്മള്‍ അതിജയിക്കുക തന്നെ ചെയ്യും. കാരണം, ഇത് കോഴിക്കോട് ആണ്. സലാം കോഴിക്കോട്.

 

LEAVE A REPLY

Please enter your comment!
Please enter your name here