പ്ലാസ്റ്റിക്‌ മലിനീകരണത്തെ തോല്പിക്കുക

0
638

“പ്ലാസ്റ്റിക്‌ മലിനീകരണത്തെ തോല്പിക്കുക” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തെ നാം വരവേല്‍ക്കുന്നത്. പ്ലാസ്റ്റിക്‌ എത്രമാത്രം അപകടകരമാണ് എന്ന് ചുറ്റുപ്പാടും നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓഖി ദുരന്തം വിധച്ച സമയത്ത് കടല്‍ തിരിച്ചേല്‍പ്പിച്ച പ്ലാസ്റ്റിക്‌ മാലിന്യങ്ങളെ പറ്റി നാമെല്ലാം ആശങ്കപ്പെട്ടതാണ്. നിത്യ ജീവിതത്തിന്റെ ഭാഗമായിപ്പോയ പ്ലാസ്റ്റികില്‍ നിന്നും നാം മുക്തരാകേണ്ടതുണ്ട്. പ്ലാസ്റ്റികിനാല്‍ നശിച്ചുപോകുന്ന പ്രകൃതി സ്വന്തം നിലനില്‍പ്പിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുമ്പോഴും പ്ലാസ്റ്റികില്‍ നിന്നും പ്രകൃതിയെ രക്ഷിക്കുക എന്നത് അത്ര എളുപ്പമല്ല.

ഉപയോഗിക്കാനുള്ള എളുപ്പവും, അവയുടെ അനന്തമായ മറ്റു സാധ്യതകളുമാണ് നമ്മെ പ്ലാസ്റ്റികിലേക്ക് അടുപ്പിക്കുന്നത്. എന്നാല്‍ നിലനില്‍പ്പിനെക്കാള്‍ വലുതല്ലല്ലോ മറ്റെന്തും? ഒരു സുപ്രഭാതത്തില്‍ പ്ലാസ്റ്റിക്‌ വസ്തുക്കളുടെ ഉപയോഗം നിര്‍ത്താന്‍ കഴിയില്ലെങ്കിലും, അവയുടെ ഉപയോഗം പരമാവധി കുറയ്ക്കാനാകും. അതുതന്നെ വലിയ ആശ്വാസമാണ്, അടഞ്ഞുപോയ ഭൂമിയുടെ രക്തധമനികളെ ബ്ലോക്ക്‌ മാറ്റി സ്വതന്ത്രമാക്കുന്നതിന്.

കണക്കുകള്‍ പ്രകാരം, 8 മില്ല്യന്‍ ടണ്‍ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ഓരോ വര്‍ഷവും സമുദ്രത്തിലേക്ക് തള്ളുന്നു. ഓരോ വര്‍ഷവും 500 ബില്ല്യന്‍ പ്ലാസ്റ്റിക്‌ ബാഗുകള്‍ നമ്മള്‍ ഉപയോഗിക്കുന്നു. ഓരോ മിനിറ്റിലും ഒരു മില്ല്യന്‍ പ്ലാസ്റ്റിക്‌ ബോട്ടില്‍സ് നമ്മള്‍ വാങ്ങുന്നു. മൊത്തം മാലിന്യങ്ങളുടെ 10% പ്ലാസ്റ്റിക്‌ ആണുള്ളത്. ഇനി പറയൂ, പ്ലാസ്റ്റിക്‌ മലിനീകരണം നിര്‍ത്തലാക്കണോ? മരങ്ങളില്‍ തുടങ്ങി ജന്തു ജാലങ്ങളുടെ നിലനിലപ്പുവരെ പ്ലാസ്റ്റിക്‌ അപായപ്പെടുത്തുന്നുണ്ട്. ജാഗ്രത പുലര്‍ത്തേണ്ട ഈ സമയത്ത് അതിനായില്ലെങ്കില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകും. അതിനാദ്യം, ഭൂമി നമ്മുടേത്‌ മാത്രമല്ലെന്ന തിരിച്ചറിവുണ്ടാകണം. മനുഷ്യന്റെ നിലനില്‍പ്പ്‌ അവന്റെ മാത്രം കഴിവല്ലെന്ന ബോധ്യം വേണം. അതാണ്‌ മനുഷ്യന് ഇല്ലാതായത്.

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും, കര്‍മ്മ പരിപ്പാടികള്‍ ആസൂത്രണം ചെയ്യാനുമാണ് ഓരോ പരിസ്ഥിതി ദിനവും ആചരിക്കുന്നത്. ഐക്യ രാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്. എല്ലാ വര്‍ഷവും ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നുമുണ്ട്. വൃക്ഷതൈനടീല്‍ എന്ന പ്രഹസനത്തിലൂടെ അത് കൂടുതല്‍ ഭംഗിയാക്കുന്നും ഉണ്ട്. ഈ നടുന്ന തൈകള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് നാം ആരും ചിന്തിക്കാറില്ല. ഇത്തരം പ്രവണതകള്‍ മാറണം. ഇന്നാരംഭിക്കുന്ന തൈനടീല്‍ പദ്ധതിയിലൂടെ 2018 പൂര്‍ത്തിയാകുമ്പോള്‍ 3 കോടി തൈകള്‍ നട്ടു പിടിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം . വനംവകുപ്പ്, കൃഷി വകുപ്പ്, പരിസ്ഥിതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷന്‍, സന്നദ്ധ സംഘടനകള്‍, മറ്റ് ഗവ: വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവ പങ്കാളികളാകുന്ന യജ്ഞത്തിലൂടെ പച്ചയെ സ്വപനം കാണാന്‍ കഴിയേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here