വാദ്യകലാകാരൻ | കണ്ണൂർ
കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമത്തിൽ, കെ. വി കൃഷ്ണമാരാരുടെയും പി. കെ ജാനകി മാരസ്യാറുടെയും മകനായി 1962 മെയ് 20ന് ജനിച്ചു. ചെറുതാഴം ശ്രീരാമവിലാസം എൽ.പി. സ്കൂളിലും, മാടായി ഗവ. ബോയ്സ് ഹൈസ്കൂളിലുമായിരുന്നു പ്രാഥമികവിദ്യാഭ്യാസം. പതിനാലാം വയസ്സിൽ ചെറുകുന്ന് ശ്രീഅന്നപൂർണേശ്വരി കലാവിദ്യാലയത്തിൽ പഠിച്ച്, ക്ഷേത്ര സന്നിധിയിൽ തായമ്പക അരങ്ങേറ്റം കുറിച്ചുകൊണ്ട് വാദ്യകലാരംഗത്തേക്ക് കടന്നു വന്നു. പുളിയാമ്പള്ളി ശങ്കരമാരാര്‍ ആശാന്റെയും കൊട്ടില വീട്ടില്‍ കുഞ്ഞിരാമമാരാര്‍ ആശാന്റെയും തണലിലും ശിക്ഷണത്തിലും കുറച്ചുകാലം പ്രവര്‍ത്തിച്ചു. ശേഷം, കോട്ടക്കല്‍ പി എസ് വി നാട്യസംഘത്തില്‍ 3 വര്‍ഷത്തെ ഉപരിപഠനം ചെയ്തു. 1976 മുതൽ 1985 വരെയുള്ള കാലയളവിൽ മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിലും ചെറുകുന്ന് ആസ്തികാലയത്തിലും ചെണ്ട അധ്യാപകനായി ജോലി ചെയ്തു. നാലരപതിറ്റാണ്ട് കാലമായി വാദ്യരംഗത്ത് നിറസാന്നിദ്ധ്യമായ വാദ്യ പ്രവീൺ ഡോ. കുഞ്ഞിരാമ മാരാർ, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കഥകളി കേന്ദ്രത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 37 വര്‍ഷത്തെ സേവനത്തിനുശേഷം പ്രിൻസിപ്പാളായി 2022 ൽ വിരമിച്ചു.
ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ സ്ഥാപകനും മാനേജിങ്ങ് ട്രസ്റ്റിയും കൂടിയാണ് കുഞ്ഞിരാമ മാരാർ. വാദ്യകലയുമായി കേരളത്തിനകത്തും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും 37 വിദേശരാജ്യങ്ങളിലുമായി വിവിധ പരിപാടികൾ അവതരിപ്പിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ ഇന്ത്യാ സന്ദർശനവേളയിൽ രാഷ്ട്രപതി ഭവനിൽ കളരിപ്പയറ്റ് സംഘടിപ്പിച്ചപ്പോൾ അതിന്റെ പാശ്ചാത്തല സംഗീതം ചെണ്ടയിൽ ഒരുക്കിയതും മാരാരായിരുന്നു. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരള പ്ലോട്ടിന്റെ ആർട്ടിസ്റ്റ് കോ-ഓർഡിനേറ്ററായി ഏഴ് വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് വർഷം ഡൽഹി പൂരനടത്തിപ്പിന്റെ നേതൃത്വ സ്ഥാനവും വഹിച്ചിട്ടുണ്ട്. കാളിദാസ അക്കാദമി നടത്തിവരുന്ന കാളിദാസ സമാരോഹ് എന്ന പരിപാടിയില്‍ പഞ്ചവാദ്യം അവതരിപ്പിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക ചടങ്ങില്‍ വാദ്യമേളങ്ങള്‍ അവതരിപ്പിച്ചു.
ഇന്ത്യൻ സ്വാതന്ത്രത്തിന്റെ അമ്പതാം വാര്‍ഷികം, രാഷ്ട്രപതി ഭവനില്‍ നടന്ന കേരളത്തിന്റെ ഓണാഘോഷം, സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ജനദ്രിയ ഫെസ്റ്റിവല്‍ എന്നിങ്ങനെയുള്ള ഒട്ടനവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. എ.ഐ.സി.സി.ആറില്‍ പാനല്‍ ആര്‍ട്ടിസ്റ്റ്, ദൂരദർശൻ, ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റ് എന്നീ പദവികളും അലങ്കരിച്ചുവരുന്നു. കേരള സര്‍ക്കാര്‍ സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള തെയ്യം കലാ അക്കാദമിയുടെ ദേശീയ കൗൺസില്‍ അംഗം കൂടിയാണ്. പ്രവർത്തനമേഖലയിലെ പ്രാവീണ്യം കൊണ്ട് വിവിധ പുരസ്കാരങ്ങൾക്ക് മാരാര്‍ അര്‍ഹനായിട്ടുണ്ട്. കൂടാതെ തളിപ്പറമ്പ് രാജാരാജേശ്വര ക്ഷേത്രം കൊട്ടുമ്പുറത്ത് നിന്ന് “പട്ടും വളയും” നല്‍കി, വാദ്യപ്രവീൺ എന്ന ആചാരപദവിയും ലഭിച്ചിട്ടുണ്ട്. 2020-ൽ മദ്രാസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റി പെർഫോമിങ്ങ് ആർട്‌സ്, ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കുകയും ചെയ്തു. ഭാരതത്തിനകത്തും പുറത്തും കലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വാദ്യപ്രവീൺ ഡോ. കുഞ്ഞിരാമമാരാർ ഇപ്പോഴും ഈ രംഗത്ത് നിറസാന്നിദ്ധ്യമായി നിലകൊള്ളുന്നു.
പുരസ്‌കാരങ്ങൾ
- കേരള സംഗീത നാടക അക്കാദമി അവാർഡ്
- കേരള ക്ഷേത്ര കലാ അക്കാദമി അവാർഡ്
- കാഞ്ചി കാമകോടി ആസ്ഥാന വിദ്വാൻ പട്ടം
- പ്രവാസി കലാശ്രീ അവാർഡ്
- ഡല്‍ഹി പൂരം അവാര്‍ഡ്
- മട്ടന്നൂര്‍ പഞ്ചവാദ്യസംഘം താളകലാനിധി പുരസ്കാരം
- ഡല്‍ഹി റോട്ടറി ക്ലബ്ബിന്റെ അഭിനന്ദന്‍ അവാര്‍ഡ്
- ഗ്ലോബൽ പ്രവാസി പുരസ്കാരം
- മലയാള ഭാഷ പാഠശാലയുടെ അവാർഡ്
- പുതുമന തന്ത്ര വിദ്യാലയത്തിന്റെ വാദ്യ നിപുണ പുരസ്കാരം
- ഡോ. ടി. പി. സുകുമാരൻ പുരസ്കാരം
- ഡല്‍ഹി കേരള ക്ലബ്ബിന്റെ പുരസ്കാരം
Kalashree, Thaliyil P.O KUC
Near Andhoor ALP school
Kannur – 670567
Ph- 9910480413
F- 115/S-3, Dilshad Colony, Delhi – 110095
Ph – 9818326664, 90740 02401