നടുമുറ്റം മണിയറയാകും, മുല്ലപ്പന്തൽ നവോഢയും

0
426
dr-ks-krishnakumar-wp-new

സാംസ്കാരികം

ഡോ. കെ എസ്‌ കൃഷ്ണകുമാർ

വായിച്ചുതീരുമ്പോൾ ഭ്രാന്തെന്നേ നിങ്ങൾ പറയൂ എന്നറിയാം. എങ്കിലും എഴുതാതെ വയ്യ. കേൾക്കാൻ ആരുമില്ലാതാകുമ്പോഴാണു എഴുത്ത്‌ അധികമായി ഒഴുകി വരുന്നത്‌. എന്താണു പഴയ മനകളോടും ഇല്ലങ്ങളോടും നാലുകെട്ടുകളോടും എട്ടുകെട്ടുകളോടും ഇത്ര ഇഷ്ടം എന്ന് പലരും ചോദിക്കാറുണ്ട്‌. അവയുടെ പ്രൗഢിയോ വലിപ്പമോ ആഢ്യത്വമോ ഒന്നുമല്ല, ചതുശ്ശാലകൾ ഇത്രയും ഇഷ്ടം നിറയ്ക്കാൻ നടുമുറ്റവും അതിനകത്തെ മുല്ലത്തറയുമാണു അങ്ങനെ ആകർഷണം കൂട്ടിയതെന്ന് പറയാനാകും.

dr-ks-krishnakumar
ഡോ. കെ.എസ് കൃഷ്ണകുമാർ

ആൾപാർപ്പില്ലാത്ത എന്നാൽ നന്നായി പരിരക്ഷിക്കപ്പെടുന്ന നാലഞ്ച്‌ മനകളിൽ പ്രത്യേകം അനുമതി വാങ്ങി രാവുറങ്ങിയിട്ടുണ്ട്‌. വലിയ മനകളിൽ തനിയെ അങ്ങനെ രാപാർക്കണം. അതിന്റെ സുഖം അനുഭവിച്ചുതന്നെ അറിയണം. നിലാവുള്ള രാത്രികൾ തിരഞ്ഞെടുത്തായിരുന്നു മനകളിലെ ആ രാത്താമസങ്ങൾ എല്ലാം. സന്ധ്യമയങ്ങും മുമ്പേ മനകളിൽ എത്തിച്ചേരും. നേരത്തെ തന്നെ അത്താഴം കഴിച്ച്‌ നടുമുറ്റത്തെ നാലിറയങ്ങളിൽ വെറുതെ ഉലാത്തും. തെക്കിനിയിലെയും പടിഞ്ഞാറ്റിനിയിലെയും തളങ്ങളിൽ മാറിമാറിയിരുന്ന് നടുമുറ്റത്തെ നിലാവിനെ ആസ്വദിക്കും. അതിവിസ്തൃതമായ മനപ്പറമ്പിലെ പലവിധ ജീവജാലങ്ങളുടെ രാത്രിശബ്ദങ്ങൾ അപ്പോഴും കേൾക്കുന്നുണ്ടാകും. മരച്ചില്ലകളിൽ ഉറങ്ങാൻ ബാക്കിയുള്ള പറവകളുടെ ചിറകടിയൊച്ചകളും പതിയെ നിലയ്ക്കും. മനയുടെ അകത്ത്‌ അന്ന് ഉറങ്ങാൻ സജ്ജീകരിച്ചുതന്ന മുറിയിലെ പഴയ പങ്ക തിരിയുന്ന ഞെരുക്കങ്ങൾ മാത്രം നേർമ്മയിൽ കേൾക്കാം. കുറെ കഴിയുമ്പോൾ കരിങ്കൽ പാകിയ നടുമുറ്റത്തേക്കിറങ്ങും. യോഗി കണക്കെ ശ്വസനങ്ങളിൽ ശ്രദ്ധിച്ച്‌ മുകളിലേക്ക്‌ ഏറെനേരമങ്ങനെ വെറുതെ നോക്കി നിൽക്കും. ആകാശമാകെ നിലാമഴ പെയ്യുന്നത്‌ കൺനിറയെ കാണാം. മുഖം മുഴുവനും വെളുത്ത ചന്ദനം കുളിരും. നാട്ടുമണം നിറയും. ചിത്തരോഗിയെപ്പോലെ ശ്വാസങ്ങൾ നിലാവിനെ വാരി വാരി കഴിക്കും. നിലാവുണ്ണുന്ന ചകോരമാകും. വിസ്തൃതമായ നടുമുറ്റത്ത്‌ പാകിയ കരിങ്കൽപാളികളിലൂടെ ഉലാത്തും. നഗ്നപാദങ്ങൾ വെറുതെ അവയുടെ എണ്ണം പഠിക്കും. നീളത്തിലും വീതിയിലും ചുറ്റിലുമായി നടുമുറ്റമാകെ തലങ്ങും വിലങ്ങും പാതിരാവോളം നാഴികദൂരങ്ങൾ നടക്കും. കൽപാന്തകാലങ്ങൾ തളം കെട്ടിയതിനിടയിലൂടെ നടക്കുന്ന പ്രതീതി. ചിലതിൽ പകൽച്ചൂടുകൾ അപ്പോഴും വറ്റാത്ത ഓർമ്മകൾ പോലെ പാദങ്ങളുടെ തുടിപ്പുകളെ ഉമ്മവയ്ക്കും.

athmaonline-varikkasserymana-ks-krishnakumar
വരിക്കാശ്ശേരി മനയിൽ

മന പണിതീർത്ത പഴങ്കാലങ്ങളിലേക്ക്‌ മനസ്സ്‌ കുതിക്കും. മെതിയടിയും സ്വർണ്ണം കെട്ടിച്ച അധികാരവടിയും പല്ലക്കും പണിക്കാരും ഓർമ്മകളുടെ ശബ്ദമുണ്ടാക്കും. നെല്ലറകളുടെ മണം. കഥകളിപ്പദങ്ങൾ. ചെണ്ടമേളം. കട്ടിൽ കരച്ചിലുകൾ. കണ്ണീർകവിളുകൾ. നാണയക്കിഴികളുടെ കിലുക്കങ്ങൾ. ദീപാരാധന. തെളിഞ്ഞുകത്തുന്ന വിളക്കുകൾ. വെളിച്ചെണ്ണയുടെ ഗന്ധം. ചന്ദനവും കസ്തൂരിയും കലർന്ന് ഉടൽവിയർപ്പുകളുടെ ഗന്ധം. വലിയ കുളങ്ങൾ. പച്ചപടർപ്പുകൾക്കിടയിലെ കുളപ്പുര. കുടപ്പടവുകൾ. രാസ്നാദിമണം. രാമച്ചവീശറിയും തുപ്പൽകോളാമ്പിയും സ്വർണ്ണാഭരണങ്ങളും ഭക്ഷണപന്തികളും പലവിധങ്ങളിൽ തിറകളാടുന്നു. നോക്കിനിൽക്കേ നടുമുറ്റം ഒരു തടാകമാകും. നിറയെ താമരകൾ വിരിയുന്ന കാഴ്ച. നടുമുറ്റം കടലാകും. നടുമുറ്റം ശയനമുറിയാകും. നിലാവിൽ കുളിച്ചുനിൽക്കുന്ന മുല്ലത്തറ മണവാട്ടിയാകും. നിലാവിന്റെ ലാളനയിലെന്നതുപോലെ വള്ളിപടർപ്പുകളാകുന്ന കാർകൂന്തൽക്കെട്ടിൽ ചെറിയ നക്ഷത്രങ്ങൾ കണക്കെ മുല്ലമൊട്ടുകൾ വിടർന്നുകൊണ്ടിരിക്കും. കാമമണങ്ങൾ. പ്രണയത്തിന്റെ പുസ്തകത്താൾ പോലെ നടുമുറ്റം മലർക്കെ നിലാവിൽ കുതിർന്നുകിടക്കും.

athmaonline-indanthuruthimana-ks-krishnakumar
ഇണ്ടന്തുരുത്തി മനയിൽ

ചുറ്റുമുള്ള ചിത്രപണികൾ നിറഞ്ഞ മരത്തൂണുകൾ നർത്തകരാകും. ഏതോ ഒരു സങ്കടചിന്തയിൽ വീണ്ടും പൊടുന്നനെ എല്ലാം ഒതുങ്ങും. ഇരുട്ട്‌ പരക്കും. വിഷാദം ഒരു ഈണമാകും. യാഥാർഥ്യങ്ങൾ ഓർമ്മ വരും. സ്വന്തം അല്ലല്ലോയെന്ന ചിന്തയുടെ ഉഷ്ണങ്ങൾ പടർത്തും. അധികപ്പറ്റായി ഔദാര്യത്തിൽ അനർഹമായ ഇവിടെ ഒരു രാത്രി. മനസ്സിന്റെ വീശറി കുറച്ച്‌ തണുത്ത കാറ്റുകളെ കടം തരും. ഉള്ളുണങ്ങും. മനസിൽ മഴ വരും. ഭൂമിയെ ഓർക്കും. കൺമുന്നിൽ നടുമുറ്റം ഒരു നിലാക്കടൽ. തിരകളിലേക്ക്‌ ആർത്തുല്ലസിച്ചിറങ്ങും. രണ്ട്‌ കൈകളും ഉയർത്തി പ്രപഞ്ചമാകെ തൊഴുത്‌ പ്രാർത്ഥനാനിർഭരനാകും. സൂഫിയാകും. സ്നേഹഗായകനാകും. നടുമുറ്റത്തിന്റെ അവാച്യമായ അവർണ്ണനീയമായ പഴമയുടെ സുഗന്ധങ്ങളിൽ സംഗീതങ്ങളിൽ ആകാശത്തേക്ക്‌ ഉന്മാദിയായി നോക്കി നിൽക്കും.

athmaonline-arikanniyur-karalimana-trissur-ks-krishnakumar
തൃശ്ശൂർ ജില്ലയിലെ അരികന്നിയൂർ കാറളി മനയിൽ. സർപ്പാരാധനയ്ക്ക് പ്രസിദ്ധമാണ് കാറളി മന

കണ്ണുകളടച്ച്‌ പിന്നെയും നിലാവിന്റെ പലവിധഭംഗികളെ ധ്യാനിക്കും. നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങളിലേക്കും ക്ഷീരപഥങ്ങളിലേക്കും ദൂരങ്ങൾ അളക്കും. മന:യാത്രകളിൽ ക്ഷീണിച്ച്‌ എല്ലാം കൊഴിഞ്ഞ ഉടലും ഉയിരും വീണ്ടും ധ്യാനാനന്തരം എന്നതുപോലെ അങ്ങനെ ഭാരരഹിതമാകും. നിശ്ശബ്ദതയും മുല്ലമണവും ചേർന്ന് നടുമുറ്റമാകെ ആദ്യരാവ്‌ തന്നെ. വെണ്മയുടെ ശീതളിമയിൽ സുരഭിലമായ ലാസ്യങ്ങൾ പലതും പരിണമിക്കും. നടുമുറ്റം ഒരു മണിയറയാകും, പരിരംഭണം കൊതിക്കുന്ന നവോഢ കണക്കെ മുല്ലപ്പന്തൽ പൂത്തുനിൽക്കും. പുലരും വരെ ആ ഉന്മാദം തുടരും. മന ഒരു ദർബാർ ആകും. വിശേഷചടങ്ങുകൾ നടക്കുന്ന കൊട്ടാരം പോലെ മന തിളങ്ങും. നടുമുറ്റവും ഞാനും എന്റെ മനഭ്രാന്തും പിന്നെയും എന്തൊക്കെയോ ചിത്രങ്ങൾ വരയ്ക്കും, പാട്ടുകൾ പാടും, നർത്തനമാടും. സ്നേഹത്തിനു വേണ്ടി രാപ്പകൽ ഇരന്നുനടന്ന് ഒടുക്കം ദുരന്തമാകുന്ന ഇഷ്ടായനങ്ങൾ പോലെയല്ല ഈ നടുമുറ്റനേരങ്ങൾ, മനസ്സിനെയും ശരീരത്തെയും നിറയെ അത്‌ സ്നേഹിച്ച് വിമലീകരിക്കും. ‌ ഉടലും ഉയിരും പുതിയതാകും.

athmaonline-kothachiramana-palakkad-ks-krishnakumar
പാലക്കാട് ജില്ലയിലെ കോതച്ചിറ മനയിൽ

മനരാത്രി കഴിഞ്ഞ്‌ തിരികെയാത്രയിൽ വണ്ടി വീടെത്തുന്നതറിയില്ല. മനസിന്റെ അളവുകളും അക്കങ്ങളുമാകെ മാറിയിരിക്കും. എവിടെയും പാകമാകുന്ന ഭാരമില്ലായ്മ അനുഭവപ്പെടും. കാഴ്ചകൾക്കൊക്കെ വല്ലാത്തൊരു വിശാലത. സങ്കടപ്പടരലുകൾ എല്ലാം നിസ്സാരമാകും. എല്ലാതിനെയും തൊഴുതുനിൽക്കും, ആരാധിക്കും. നിലാവിൽ കഴുകിയെടുത്ത്‌ മുല്ലമണങ്ങളിൽ മുക്കിയെടുത്ത്‌ മനസ്സും ഒരുങ്ങി നിൽക്കുന്നതാകാം. കണ്ണടച്ചാൽ ഉള്ളിൽ കാണാനാകും വിശാലമായ നടുമുറ്റവും നിറയെ പൂക്കൾ വിരിഞ്ഞ മുല്ലത്തറയും. സ്നേഹത്തിന്റെ നിലാവ്‌ അതിലെപ്പോഴും പെയ്തുകൊണ്ടിരിക്കും.

athmaonline-nanminda-nagathinkal-poyil-illam-ks-krishnakumar
കോഴിക്കോട് ജില്ലയിലെ നന്മണ്ട നാഗത്തിങ്കൽ പൊയിൽ താഴം ഇല്ലം

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here