നിധിന്‍ വി.എന്‍.
‘മനുഷ്യന്‍ പണമുണ്ടാക്കാനായി ആരോഗ്യം ത്യജിക്കുന്നു. ഭാവിയെക്കുറിച്ചുള്ള ആശങ്കമൂലം ഇന്നത്തെ ജീവിതം ആസ്വദിക്കുന്നില്ല. ഒരിക്കലും മരിക്കില്ല എന്ന് വിചാരിച്ചു ജീവിക്കുന്നു. എന്നിട്ടും ഒരിക്കലും ജീവിക്കാതെ മരിച്ചു പോകുന്നു’ ആധുനിക മനുഷ്യന്റെ ജീവിതാവസ്ഥയെ കൃത്യമായി ദലൈലാമ വരച്ചിടുന്നത് ഇപ്രകാരമാണ്. ഓരോ മനുഷ്യനും സ്വ-വിചിന്തനത്തിന് തയ്യാറാക്കേണ്ടതുണ്ട്. ജീവിതം ജീവിച്ചു തന്നെ തീര്‍ക്കണം എന്ന ധ്വനിയുണ്ട് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്.
“ചരിത്രപരമായി ടിബറ്റ് ചൈനയുടെ ഭാഗമായിരുന്നില്ല. എങ്കിലും ചരിത്രം പിടിച്ചു തർക്കിക്കാനൊന്നും ഞാനില്ല. ഇന്ന് ഞാൻ ആവശ്യപ്പെടുന്നത് ടിബറ്റിന്റെ സ്വാതന്ത്ര്യമല്ല. സൈന്യവും വിദേശകാര്യവും ബെയ്ജിങ് തന്നെ കൈകാര്യം ചെയ്തുകൊള്ളട്ടെ. ടിബറ്റുകാർക്ക് ശുദ്ധമായ സ്വയംഭരണം വേണം. അതാണ് മൗലികം” എന്ന് ആവശ്യപ്പെടുന്നത് മറ്റാരുമല്ല, ടിബറ്റൻ ബുദ്ധവംശജരുടെ ആത്മീയ നേതാവായ ദലൈലാമയാണ് . തന്റെ ഇരുപത്തിനാലാം വയസ്സിൽ സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയ്ത് കൊണ്ട് അഭയാർത്ഥിയായി ഇന്ത്യയിൽ കഴിയേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്.
വടക്ക് കിഴക്കൻ ടിബറ്റിലെ താക്റ്റ്സെർ എന്ന കർഷക ഗ്രാമത്തിൽ 1935 ജൂലൈ 6-ന് ജനിച്ചു. ടെൻസിൻ ഗ്യാറ്റ്സോ പതിനാലാമത് ദലൈലാമയാണ്. ജെറ്റ്സൻ ജാംഫെൽ ങവാങ് ലൊബ്സാങ് യെഷി ടെൻസിൻ ഗ്യാറ്റ്സോ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ഇന്ന് ഗ്യാറ്റ്സോയുടെ 83-ആം ജന്മദിനം. 1940 ഫെബ്രുവരി 22-ന് അവനെ പുതിയ ലാമയായി വാഴിക്കുകയും ചെയ്തു. ടിബറ്റിന്റെ ആത്മീയ ഗുരുവായ ദലൈലാമ രാജ്യത്തിന്റെ ഭരണത്തലവനായത് 1640-കളിലായിരുന്നു.
ചൈനയുടെ ഭൂപ്രദേശത്താണെങ്കിലും ടിബറ്റിനെ ചൈനയുമായി ബന്ധമില്ലാത്ത സ്ഥലം എന്ന രീതിയിലായിരുന്നു പാശ്ചാത്യ രാജ്യങ്ങള്‍ നോക്കി കണ്ടത്. ടിബറ്റിന്റെ ചരിത്രാരംഭം മുതലേ അവർ ചൈനയുമായി ഉരസലിലായിരുന്നു. ഒരു രാജ്യത്തിന്റെ ഭാഗമായിരിക്കുമ്പോഴും വ്യത്യസ്തമായ സംസ്കാരമായിരുന്നു ടിബറ്റിനുണ്ടായിരുന്നത്. എ.ഡി. 821-ൽ ടിബറ്റും ചൈനയുമായി ഒരു സന്ധി നിലവിൽ വന്നു. ഈ സന്ധി ടിബറ്റ് ചൈനയുടെ ഭാഗമായിരുന്നില്ല എന്നതിന്റെ തെളിവാണ്. 1940-ൽ ഇന്ത്യയിലെ ബ്രിട്ടീഷുകാർ ടിബറ്റ് ആക്രമിക്കുകയും തുടർന്ന് ടിബറ്റുമായി സഖ്യമുണ്ടാക്കി തിരിച്ചുപോവുകയും ചെയ്തു. ഈ സന്ധി ബ്രിട്ടീഷുകാർ ടിബറ്റിനെ അംഗീകരിച്ചതിന്റെ തെളിവായി ചൂണ്ടികാണിക്കപ്പെടുന്നു. പതിമൂന്നാമത്തെ ദലൈലാമ ടിബറ്റിലെ ചൈനാപ്പട്ടാളക്കാരെ മുഴുവൻ പുറത്താക്കി ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1949 വരെ ഈ നില തുടർന്നു. ടെൻസിൻ ഗ്യാറ്റ്സോ അധികാരമേൽക്കുമ്പോഴും ഈ അവസ്ഥ തുടരുകയായിരുന്നു. ദലൈലാമയെ ഭരണാധികാരിയായി ജനങ്ങള്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ചൈന തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സ്വ-രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. മസ്സൂരിയിൽ വെച്ച് അദ്ദേഹത്തെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു സ്വീകരിച്ചു. ഇത് ചൈനയെ ചൊടിപ്പിച്ചു. പഞ്ചശീലതത്വങ്ങൾ കാറ്റിൽ പറത്തി ചൈന ഇന്ത്യയെ ആക്രമിക്കാനുള്ള കാരണമായി മാറുകയും ചെയ്തു.
ദലൈലാമ പിന്നീട് ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ടിബറ്റൻ ഗ്രാമം സ്ഥാപിക്കുകയും തുടർന്ന് അവിടം അദ്ദേഹത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. ദലൈലാമയുടെ ആത്മകഥയായ ‘മൈ ലാൻഡ് ആൻഡ് മൈ പീപ്പിൾ’, എന്റെ നാടും എന്റെ ജനങ്ങളും എന്ന പേരിൽ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 1989-ൽ ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.