ഡാ

Published on

spot_imgspot_img

കഥ

പസ്കി

ഡാ,
ഇത് നിനക്കെഴുതുന്ന ആദ്യത്തെ (ചിലപ്പോൾ അവസാനത്തെയും)
തുറന്ന കത്താണ്.
നീ മാത്രം ഒരിക്കലും വായിക്കാൻ പോകുന്നില്ല എന്ന ഉറപ്പ് തന്നെയാണ്
ഈ എഴുത്തിന്റെ ധൈര്യവും.
ഇന്നാണ് ഞാനറിഞ്ഞത് ഞാൻ നിന്നെ മറന്നതല്ല,
നിന്നെ മറന്നുവെന്ന് – മായ്ച്ചുവെന്ന്
എന്നോട് തന്നെ കള്ളം പറഞ്ഞതായിരുന്നെന്ന്.
അന്ന്,
അന്ന് ആരോടും പറയാതെ നമ്മുടെ ക്യാമ്പസിന്റെ പടിയിറങ്ങുമ്പോൾ എന്റെ ഉള്ള് ചൂള പോലെ എരിയുകയായിരുന്നു.
നെഞ്ചിൽ നീ കോറിയിട്ട ഓരോ ചുവപ്പുകളും അതിന്റെ അച്ഛനെ തിരിച്ചുവിളിച്ച് ആർത്തുകരയുന്നുന്നുണ്ടായിരുന്നു.
നിന്റെ താടിയിൽ നിന്നും പിടിവിടാതെ കരഞ്ഞ എന്റെ പ്രണയക്കുഞ്ഞുങ്ങളുടെ വിരൽ മുറിച്ചാണ് ഞാനന്ന് തിരിച്ചുനടന്നത്.
ഒടുവിൽ അവസാനമെന്നോണം ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ,
മുകളിലെ ജനൽപാളിയിൽ നിന്നെത്തിനോക്കി നീ ചോദിച്ചു – “നീ പോവാണോ?”
“കുറച്ച് തിരക്കുണ്ട്”,
അത്രയേ ഞാൻ പറഞ്ഞുള്ളു.
എനിക്ക് അവിടെ നിന്നും പോകണമായിരുന്നു.
എനിക്ക് നിന്റെ കാഴ്ചയിൽ നിന്ന് പോകണമായിരുന്നു.
എനിക്ക് എന്റെ കാഴ്ചയിൽ നിന്ന് നിന്നെ മറയ്ക്കണമായിരുന്നു.
ഇനിയൊരിക്കലും നിനക്ക് കത്തുകളെഴുതില്ലെന്ന് ഉറച്ചുകൊണ്ടാണ് അന്ന് ഞാൻ പോന്നത്.
പക്ഷേ പിന്നെയും നൂറുകണക്കിനു കത്തുകൾ ഞാൻ നിനക്കെഴുതിയിട്ടുണ്ട്.
ഇനിയും എഴുതും.
നിന്നെ കാണിച്ച് കൊതിപ്പിച്ച് തരാത്ത അനേകം കത്തുകൾക്കൊപ്പം അവയും നീ ഒരിക്കലും വായിക്കാതെ പോകും.
അതൊക്കെ കീറിയിടണം, കത്തിക്കണം എന്ന് ആയിരംവട്ടം തോന്നിയിട്ടുണ്ട്.
പക്ഷേ പറ്റണില്ലെടാ.
നിനക്കെഴുതിയ ഒരു വരിപോലും മായ്ച്ചുകളയാൻ എനിക്ക് പറ്റണില്ല.
നീയൊരു കള്ളനാണ്.
ഒരു രാത്രിയിൽ ഓടിളക്കി എന്റെ മുറിയിൽ കയറി എന്നെ കബളിപ്പിച്ചുകൊണ്ട് എന്റെ നിറങ്ങളും ഛായപ്പെട്ടിയും ബ്രഷുകളും കട്ടെടുത്തുപോയ ഒരു കള്ളൻ.
എന്നോട് പ്രണയമില്ലെങ്കിൽ പിന്നെന്തിനായിരുന്നു ഇന്നും നിന്റെ കണ്ണുകൾ തിളങ്ങിയത്?
കൈകൾ വിറച്ചത്?
ഇന്ന് നിന്റെ കണ്ണുകളിൽ ഞാൻ കണ്ട കോണിപ്പടികൾക്ക് ആ പഴയ നിറം തന്നെയായിരുന്നു.
എന്റെ കൈകളുടെ വിറ ഒളിപ്പിച്ചുവെക്കാൻ എനിക്കായില്ല എന്നത് സത്യം.
എന്നാൽ എന്റെ തൊണ്ട ഇടറാതെ കാക്കാൻ എനിക്കായി.
നീ യാത്ര പറഞ്ഞുതിരിഞ്ഞ ആ നിമിഷം,
പ്രാന്താ,
ആ നിമിഷം എനിക്കാർത്തുകരയാൻ തോന്നി.
രണ്ടു കൈകളും നിന്റെ കോളറിൽ ചുരുട്ടിപ്പിടിച്ച്
എന്തിനാടാ നീ പോയേ.. എന്ന്,
നിനക്കറിയോ ഞാൻ നിനക്കുവേണ്ടി എത്ര കരഞ്ഞുവെന്ന്,
എനിക്ക് ഭ്രാന്തായിപ്പോയെന്ന്,
…..……എന്ന് ചോദിക്കാൻ തോന്നി.
ഇല്ല.
ചിലപ്പോൾ നീ തിരിഞ്ഞു നിന്നാലും ഞാനത് ചെയ്യില്ല.
ഞാൻ നിന്നെ എത്ര സ്നേഹിച്ചിരുന്നെന്ന്, സ്നേഹിക്കുന്നുണ്ടെന്ന് നീ ഒരിക്കലും അറിയരുത്.
ഒരിടത്തെങ്കിലും എനിക്ക് ജയിക്കണം.
നിനക്കറിയില്ല,
നീ പോയതിൽ പിന്നെ ഞാനാരെയും വിശ്വസിച്ചിട്ടില്ല.
നിന്നോളം ആരെയും പ്രണയിക്കാൻ എനിക്കായിട്ടില്ല.
നീ ഒരിക്കലും അറിയാൻപോകുന്നില്ല എന്ന ഉറപ്പിൽ ഒന്നു കൂടി പറയട്ടെ,
കടലോളം, ആകാശത്തോളം, എന്നോളം
ഇന്നും ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്.
ഇന്ന് അപ്രതീക്ഷിതമായി നിന്നെ കണ്ടപ്പോൾ ഒരു നിമിഷം നീയില്ലാത്ത കഴിഞ്ഞ കൊല്ലങ്ങളെ പാടെ മറന്നുപോയി.
എങ്കിലും അതൊന്നും കാണിക്കാതെ ഞാൻ മിടുക്കിയായി നിന്നോടിന്ന് വർത്താനം പറഞ്ഞില്ലേ?
ഞാൻ നല്ല നടിയാണെന്നതിന് ഇതിൽ കൂടുതൽ തെളിവെന്തുവേണം ചെക്കാ.
ഇനിയും ഞാനാ നോട്ടുപുസ്തകത്തിൽ നിനക്കായി എഴുതും.
നീ ഒരിക്കലും വായിക്കാൻ പോകുന്നില്ലാത്ത
നിനക്കുള്ള കത്തുകൾ.
അങ്ങനെയിപ്പോ നിന്റെ മുന്നിൽ എനിക്ക് തോൽക്കണ്ട.
നന്ദിയുണ്ട് പ്രാന്താ,
എന്റെ കനൽചൂള കേടാണ്ട് കാക്കുന്നതിന്,
എന്നെ നീറിപ്പറിക്കുന്നതിന്,
ഇടക്കിടക്ക് സ്വപ്നത്തിൽ വന്ന് എന്റെ ഉറക്കം കെടുത്തുന്നതിന്,
എന്നെ ഖരമാക്കി മാറ്റിയതിന്…
നീയറിയണ്ട,
നീയുമ്മ വെക്കാറുള്ള പൊക്കിൾക്കൊടിയിൽ ഒരു മരുഭൂമി കാട് പിടിച്ചിട്ടുണ്ട്,
വിരൽമുറിഞ്ഞ പ്രണയക്കുഞ്ഞുങ്ങൾ അവിടെ മൃതിയടിഞ്ഞു കിടക്കുന്നുണ്ട്.
ഇന്നും നിന്നെ വേദനിപ്പിക്കാൻ എനിക്കാവില്ല.
അതുകൊണ്ട് മാത്രം,
അത്രമേൽ പ്രിയപ്പെട്ട പ്രാന്താ,
നീയറിയണ്ട നീയെനിക്കാരായിരുന്നെന്ന്.
അത് നിനക്കുള്ള ശിക്ഷയാണ്.
അതാണ് നിനക്കുള്ള ശിക്ഷ.
എന്ന്,
പട്ടാളപ്പള്ളിയുടെ ടെറസിലൂടെ ഒളിഞ്ഞു നോക്കാറുള്ള ഒരണ്ണാന്റെ പെണ്ണ്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...