ചിൽഡ്രൻസ് തിയറ്ററിന്റെ സാധ്യതകളും പരിമിതികളും

0
529

 

സോമൻ പൂക്കാട് 

 

നാടകം വാസ്തവത്തില്‍ ഒരു വാദവും സംവാദവുമാണ്.അരങ്ങത്തു നില്ക്കുന്ന നടീനടന്മാര്‍ തമ്മിലുള്ള സംവാദം.അരങ്ങത്ത് നിൽക്കുന്ന നടനും സദസ്സിൽ ഇരിക്കുന്ന കാണിയും തമ്മിലുള്ള സംവാദം.അതിനാൽ ഒരു ജനതയുടെ സമകാലികാനുഭവങ്ങളുടെ തീഷ്ണമായ ശബ്ദം ആദ്യം മുഴങ്ങുന്നത് രംഗവേദികളിലാണ്‌.ചരിത്രം അത് കാലാകാലങ്ങളിൽ സാക്ഷ്യപ്പെടുത്തിവെച്ചിട്ടുണ്ട്.സമൂഹത്തോടും വ്യവസ്ഥിതിയോടും നിരന്തരമായി കലഹിക്കുകയും പൊള്ളുന്ന നേരിനെ അരങ്ങിലെത്തിക്കുവാൻ ഓരോ കാലത്തേയും നാടകപ്രവർത്തകരും പ്രയത്നിച്ചിട്ടുള്ളതിനു നാടകങ്ങൾ തന്നെ സാക്ഷികളാണ്.സമൂഹത്തിന്റെ ഉത്ഥാനപ്രയാണങ്ങളിൽ നാടകങ്ങൾ വഹിച്ചപങ്കിനോളം വരില്ല മറ്റൊരു കലാരൂപവും.പുറമ്പോക്കിലേക്ക് തഴയപ്പെട്ടവന്റെ ജീവിതങ്ങളും അടിച്ചമർത്തപ്പെട്ടവൻറെ വികാരങ്ങളും അധ:സ്ഥിതൻറെ സ്വപ്നങ്ങളും,കീഴാളന്റെ അസ്ഥിത്വദുഃഖവും,അരങ്ങുകളിൽ ആവാഹിച്ചു ദൃഷ്ടിയിൽപ്പെട്ടാൽപ്പോലും ദോഷം ചെയ്യുന്ന ഒരു ജനതയെ മനുഷ്യരാക്കി മാറ്റിയെടുക്കുന്നതിൽ നാടകങ്ങൾ വഹിച്ച പങ്കു ആർക്കാണ് നിഷേധിക്കാനാവുക?

നാടകചരിത്രം ആരംഭിക്കുന്നത് തന്നെ വിശപ്പിന്റെ വിളിയിൽ നിന്നാണ്. വിശപ്പകറ്റാൻ മനുഷ്യന് നാടകകളി കളിച്ച മതിയാകൂ എന്ന നിലയിൽ നിന്നാണ് നാടകം പിറവിയെടുക്കുന്നത് തന്നെ.മനുഷ്യ ചരിത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ വേട്ടയാടി നടന്നിരുന്ന നവീനകാല ഗുഹമനുഷ്യരുടെ ബുദ്ധിയിലുദിച്ച നായാട്ടുകളികളാണ് ഇന്ന് നാം കാണുന്ന നാടകകലയായി രൂപാന്തരപ്പെട്ടത് എന്നാണ് ചില വിദഗ്‌ധരുടെ അഭിപ്രായം. ഒറ്റയ്ക്ക് കീഴ്പ്പെടുത്താനാകാത്ത വന്യമൃഗങ്ങളെ എങ്ങനെ സംഘം ചേർന്ന് കീഴ്പ്പെടുത്താം എന്ന ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന സംഘകളിയാണ് പിൽക്കാലത്ത് നാടകമായി പരിണമിച്ചത് എന്നാണവരുടെ വാദഗതി. വേട്ടയാടലിന് തലേദിവസം ചെയ്തു ഈ പരിശീലനപ്രക്രിയ കടുകിടെ പിഴക്കാതെ പിറ്റേന്ന് അവർക്ക് മുമ്പിൽ വന്നുപെട്ട മൃഗത്തെ വേട്ടയാടാനായി ശബ്ദഘോഷത്തോടെ പ്രയോഗിക്കുകയായിരുന്നു.അവരുടെ നാടകവിജയം അവർക്ക് മുന്നിലെ ഭക്ഷണമായിമാറി.അഥവാ അവരുടെ നാടകം അവരുടെ അത്താഴത്തിന് വേണ്ടിയുള്ള ഗൗരവമായ കാര്യമായിരുന്നു.അതൊരു സംഘപ്രവര്ത്തിയായിരുന്നു. കടുകിടെ തെറ്റാതെ ഓരോ നടനും തങ്ങളുടെ റോളുകൾ ഭംഗിയായി അഭിനയിച്ചപ്പോഴാണ് അവരുടെ മുമ്പിൽ ശക്തരായ മൃഗങ്ങൾ ഓരോന്നായി ചത്തുമലച്ചത്. അവരാ നാടകകൊറിയോഗ്രാഫി വിശ്രമവേളകളിൽ ഗുഹാഭിത്തികളിൽ കോറിയിട്ടുവെച്ചു അടുത്ത തലമുറക്കായി.അങ്ങനെ ലോകത്തിലെ ആദ്യനാടകം എഴുതപ്പെട്ടത് സാഹിത്യ ഭാഷയിലായിരുന്നില്ല പകരം ചിത്രരൂപത്തിലായിരുന്നു എന്ന് പറയാം.അതാണ് നാം ഗുഹ ചിത്രങ്ങളെന്ന് വിളിച്ചു വരുന്നത്.നമ്മുടെ ‘എടക്കൽ ഗുഹ’ അത്തരത്തിലുള്ള ചിത്രങ്ങൾക്ക് പ്രസിദ്ധമായതുകൊണ്ട് ‘എടക്കൽ ഗുഹ’ നവീനകാല മനുഷ്യരുടെ നല്ലൊരു നാടക റിഹേഴ്സൽ ക്യാമ്പ് കൂടിയായിരിക്കണം.ഇന്ന് നാടകം ‘ഒരു കളിയാണ്’ മിക്കവർക്കും.ചിലരതിൽ സാമൂഹ്യപ്രബദ്ധത കാണുമ്പോൾ മറ്റുപലരും നേരമ്പോക്കിനായി മത്സരവേദിയിൽ സമ്മാനം കിട്ടാനായി കാട്ടികൂട്ടുന്ന കാഴ്ച്ചാനുഭവമാക്കിയതിനെ ചുരുക്കിക്കളയുന്നു.കുട്ടികളുടെ നാടകങ്ങളിലും ഈ പദവി മൂല്യത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ എത്രമാത്രമുണ്ടെന്ന്‌ അരെങ്കിലും സംശയിച്ചു പോകുന്നുവെങ്കിൽ അവരെ കുറ്റപ്പെടുത്താനാകില്ല.കുട്ടികളാണ് നാളത്തെ തലമുറ.അവരുടെ സർഗാത്മക അവബോധമാണ് നാളയുടെ പ്രതീക്ഷ.ഓരോ കുഞ്ഞും ഓരോ ലോകവുമായാണ് പിറന്നുവീഴുന്നത്.ചിലരത് തിരിച്ചറിഞ്ഞു യാത്ര ആരംഭിക്കുമ്പോൾ മറ്റുചിലരത് തിരിച്ചറിയാനാകാതെ ജീവിച്ചു കാലം കഴിക്കുന്നു.ഇനി മറ്റൊരു കൂട്ടരുണ്ട് സ്കൂൾ ക്ലാസ്സുകളിൽ തോറ്റവരെന്ന് അപഖ്യാതി നേടിയവർ.ക്ലാസ്സിൽ നിന്നും പുറത്താക്കപ്പെട്ടവരെന്ന് പേരുദോഷം സമ്പാദിച്ചവർ.അവരിൽ ചിലരാണ്പിൽക്കാലത്ത് ലോകചരിത്രം തന്നെ മാറ്റിയ ചരിത്ര നിർമ്മിതിയിൽ ചാലകശക്തികളായി വർത്തിച്ചവർ എന്നറിയുമ്പോൾ നാം അത്ഭുതപ്പെടുകയും നിലവിലുള്ള പലതിനോടും അവജ്ഞ തോന്നുകയുംചെയ്യും

.നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടെതെല്ലെന്ന് ഖലീൽ ജിബ്രാൻ പറഞ്ഞതിന്റെ പൊരുൾ അപ്പോഴാണ് മനസിലാവുക.കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിടുക.പട്ടം പോലെ അവർ പാറി പറന്നു കളിക്കട്ടെ.അതിരുകളും വിലക്കുകളും നന്മയും തിന്മയും മൂല്യവ്യവസ്ഥിതി ബോധങ്ങൾ തിരിച്ചറിയാനാകുന്നത്രയും അവർ സ്വയം തിരിച്ചറിയട്ടെ.കടിഞ്ഞാണില്ലാത്ത കുട്ടികളുടെ ഒരു ലോകത്തേക്കുറിച്ചല്ല പരാമർശിക്കുന്നത് പകരം വിലക്കുകളുടെ ലോകത്തുനിന്നും അവരെ വിവേകപൂർവ്വം ഒന്നയച്ചു വിടണമെന്നുള്ള വ്യാമോഹമാണ് കുട്ടികളുടെ നാടകങ്ങളിൽ പൊതുവെ പ്രതിഫലിക്കേണ്ടത് എങ്കിലും ചില സാമൂഹ്യയാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ ചൂണ്ടുവിരലുകളാകണം കുട്ടികളുടെ നാടകങ്ങൾ.കേരളത്തിൽ അടുത്ത കാലത്തായി നടപ്പിലാക്കികൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പദ്ധതി കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നുണ്ടെങ്കിലും അതിലടങ്ങിരിക്കുന്ന കനലേശമില്ലാത്ത ഉള്ളടക്കത്തെക്കുറിച്ചു എനിക്ക് ആകുലതയുണ്ട്. ചില ചിൽഡ്രൻസ് തിയ്യറ്റർ നാടകം കാണുമ്പോലെ തുമ്പികളെകൊണ്ട് കല്ലെടുപ്പിക്കണമെന്ന് പറയുകയല്ല. ലോകം ഇത്രയും ലാഘവബുദ്ധിയോടെ വളരാനുതകുന്ന ഒന്നാണ് എന്നുള്ള വ്യാമോഹം അവരിൽ വളർത്തിയെടുക്കുന്നത് ആത്മവിശ്വാസമില്ലാത്തൊരു തലമുറയെ വാർത്തെടുക്കുമോയെന്ന ഉൽക്കണ്ഠ ഉള്ളത് കൊണ്ടാണ്.കുട്ടികളുടെ തലച്ചോർ വെറും പഞ്ഞികെട്ടാകാതെ നോക്കാനുള്ള സാമർഥ്യം നമ്മുടെ അധികൃതർക്കുണ്ടാകണം.അല്ലെങ്കിൽ മലയാളി ഇന്നേവരെ ലോകത്തിന്റെ നിറുകയിൽ ചെറുതും വലുതുമായി ഉറപ്പിച്ച ഇരിപ്പിടങ്ങൾ ഒന്നൊന്നായി ഇളകിവീഴുക തന്നെ ചെയ്യും..അതിനായി കാത്തിരിക്കുന്ന ഒരു ഗൂഢസംഘം പുറത്തു കാത്തിരിപ്പില്ലേ എന്നും ഞാൻ ഭയപ്പെടുകയാണ്.ഇതെന്റെ ഭൂതകാല അഭിരതിയിൽ നിന്നും വിടുതിനേടാത്ത ചിന്താവ്യാകുലതയിൽ നിന്നും ഉണ്ടായ ആകുലതയാകാം.എങ്കിലും ഇത്തരമൊരു ഗൗരവപരമായ ചിന്താദാരിദ്ര്യം കുട്ടികളുടെ നാടകരംഗത്തും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടോയെന്ന ആശങ്ക തെറ്റാകില്ലെന്നു കരുതുന്നു.

നാടകം നാട്ടിന്റെ അകമാണെങ്കിൽ കുട്ടികളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളും കുട്ടികളുടെ നാടകവുമായി ബന്ധപ്പെട്ടു അതിന്റെ ഗുണവും ദോഷവും ഈയൊരു സാംഗത്യത്തിൽ ചർച്ചയാകേണ്ടതാണ്..ഗുണദോഷ ഉപദേശകഥകളായി മുതിർന്ന തലമുറ പഠിച്ചിരുന്ന ഈസോപ്പുകഥകളുടെയും പഞ്ചതന്ത്ര കഥകളുടെയും കുട്ടികാലമല്ല ഇത്.കാലം മാറിയിരിക്കുന്നു. കുട്ടികളുടെ ലോകവും അതിനനുസരിച്ച് മാറിയിട്ടുണ്ടെന്നു നാം തിരിച്ചറിയണം.ആസുരമായ ലോകത്തിന്റെ മുഴുവൻ തീഷ്‌ണതും പീഡനവും പേറിയാണ് നമ്മുടെ കുഞ്ഞുങ്ങൾ പൊതു ഇടങ്ങളിലും വീട്ടിനകത്തും കഴിഞ്ഞു കൂടുന്നത്.ഏത് സമയത്തും അപ്രതീക്ഷിതമായൊരു കോണിൽനിന്നും അവരുടെ ലോകത്തെ തകിടം മറിക്കാനുതകുന്നൊരു കരം അവർക്ക് നേരെ നീണ്ടേക്കാം.അതവരുടെ ജീവിതത്തെ എത്രമാത്രം കറുപ്പിച്ചെടുക്കുമെന്ന് മുൻകൂട്ടി പറയുക സാധ്യമല്ല. മീഡിയ അതിവിഭ്രാത്മകമായ ഒരു ലോകമാണ് കുട്ടികൾക്ക് മുമ്പിലായി തുറന്നിടുന്നത്.ഗുണദോഷങ്ങൾ തിരിച്ചറിയാതെ അവരതിൽ വീണുപോയിട്ടുണ്ടെങ്കിൽ അവരെ മാത്രം കുറ്റപ്പെടുത്താനാകില്ല.ജാതിയും മതവും മറ്റു സാമൂഹ്യഉൾപ്പിരിവുകളും സംഘർഷങ്ങളും കുട്ടികളുടെ മനസ്സിനെ എത്ര മാത്രം ബാധിച്ചിച്ചിട്ടുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രകൃതിതന്നെ മനുഷ്യന്റെ വില്ലനായി മാറുന്ന വൈരുദ്ധ്യാത്മകമായ ഉള്ളടക്കം.ദൃശ്യവും അദൃശ്യവുമായ മതിലുകളാണെവിടെയും,വിവര സാങ്കേതിക വിദ്യയുടെ അനന്തസാധ്യതയിലൂടെ ചിറകുവിരിച്ചു കടന്നുപോകുന്ന ഇന്നത്തെ കുട്ടികളുടെ ബാല്യകൗമാരം ഇന്നലെത്തെ കുട്ടികളിൽ നിന്നും ഏറെ വ്യത്യസ്തവും സങ്കീർണ്ണവുമാണ്‌..കാലം കാത്തുവെക്കുന്ന ഇത്തരം പ്രശ്നങ്ങൾക്കുള്ള പ്രതിരോധായുധങ്ങൾ ഇന്നത്തെ കുട്ടികളുടെ നാടകത്തിലുണ്ടോ എന്നതാണ് പേർത്തും പേർത്തും ചിന്തിച്ചുപോകുന്നത്.കുട്ടികളുടെ നാടക അരങ്ങിൽ നിന്നും തീക്ഷ്ണമായ ചോദ്യശരങ്ങൾ കാണികൾക്കും കുട്ടികൾക്കും നേരെ തൊടുത്തു വിടുന്നുണ്ടോ അത് കുട്ടികളുടെ ചിന്തകളിൽ പതിയുന്നുണ്ടോ എന്നുള്ള ചോദ്യം ഓരോ നാടകക്കാരനും  സ്വയം ചോദിക്കണം.ആറ് പതിറ്റാണ്ടത്തെ സ്‌കൂൾ കലോത്സവ നാടകാനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്.അവയൊക്കെ കുട്ടികളെ അവരുടെ രക്ഷിതാക്കളെ അധ്യാപകരെ ആസ്വാദക സമൂഹത്തെ സ്വാധിനിച്ചിരുന്നെങ്കിൽ നമ്മുടെ സാംസ്കാരികാന്തരീക്ഷം ഇത്രത്തോളം മലീമസമായി തീരുമായിരുന്നോ എന്നൊരു ആത്മപരിശോധന നടത്താവുന്നതാണ്.

സ്കൂൾ തലങ്ങൾ മുതൽ കേരളത്തിലങ്ങോളമിങ്ങോളം കുട്ടികളുടെ നൂറുക്കണക്കിന് നാടകങ്ങളാണ് വർഷാവർഷം അരങ്ങേറിക്കൊണ്ടിരിക്കുന്നത്.അവയിൽ മിക്കവയും മത്സരത്തിനായി ഒരുക്കിയെടുക്കുന്നതിനാൽ വാഴക്കും മുള്ളിനും കേടുപറ്റാത്ത ഒരു തരം ‘രണ്ടുംകെട്ട’ നാടകാവതരണമായി പോകാറാണ് പതിവ്.എങ്ങനെയെങ്കിലും തങ്ങളുടെ നാടകം വിജയിപ്പിച്ചെടുക്കാനായി അണിയറയിൽ അധ്യാപകരും രക്ഷിതാക്കളും കളിക്കുന്ന നാടകം വേദിയിൽ കുട്ടികൾ കളിക്കുന്ന നാടകത്തെക്കാൾ എത്രയോ മികച്ചതാണെന്നാണ് പല അനുഭവസ്ഥരും പറഞ്ഞുകേട്ടിട്ടുള്ളത്.നാടകം മത്സരിക്കാനുള്ളതാണോ എന്ന് ചോദ്യത്തിനുള്ള ഉത്തരം അവിടെ തുടങ്ങുന്നു.അത്തരം നാടകപ്രവർത്തങ്ങളിൽ നിന്നും നാടകത്തിന്റെ ഉദ്ദേശ്യലക്ഷ്യമായ സാമൂഹ്യനവോഥാനം എങ്ങനെയാണ് സാധ്യമാകുക, സഫലമാകുക? കുട്ടികളുടെ സമഗ്ര വാസനകളെ പരിപോഷിപ്പിക്കുന്ന അനന്യവും അത്യന്തം അസാധാരണവുമായ നാടകങ്ങൾ ഒരുക്കുന്ന ചില നാടക സംഘങ്ങൾ സ്കൂൾ നാടക മത്സരവേദികളിൽ തുടർച്ചായി ഇടപെടുന്നുണ്ട് എന്നുള്ളത് ഈയവസരത്തിൽ വിസ്മരിക്കുന്നില്ല. നാടക പ്രവർത്തകരെ മൊത്തം ഇകത്താനോ അവരുടെയെല്ലാം അശ്രാന്തപരിശ്രമങ്ങളെ കാണാതിരിക്കാനോ പറ്റില്ല എന്ന് പറയുമ്പോൾ തന്നെ ചില അനഭിലഷണീയമായ പ്രവണതകളെ ചൂണ്ടികാണിക്കാതിരിക്കാനും സാധിക്കില്ല.അയത്നലളിതമായ അഭിനയത്തിന്റെ കാര്യത്തിലും സർഗ്ഗാത്മകമായ ‘കെട്ടുകാഴ്ചയുടെ’ കാര്യത്തിലും അരങ്ങിലും അണിയറയിലും പുലർത്തുന്ന അർപ്പണബോധത്തിന്റെ കാര്യത്തിലും കുട്ടികളുടെ നാടക സംഘം പഴയതിലും മികച്ച പ്രൊഫഷണലിസം കാണിക്കുന്നുണ്ടെങ്കിലും അതെല്ലാം ‘സാമൂഹ്യപുനർനിർമ്മിതിയിൽ’ എത്രമാത്രം പങ്കുവഹിച്ചുവെന്ന് പരിശോധിക്കപ്പെടേണ്ടത്‌ തന്നെയാണ്.നാടകത്തിനായി തെരഞ്ഞെടുക്കുന്ന ഫോം എന്തോ ആകട്ടെ ബലമുള്ളൊരു കണ്ടെന്റു അതിനുണ്ടോ എന്ന് ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം ചിൽഡ്രൻസ് തിയറ്റർ പ്രവർത്തകർക്കുണ്ടാകണം.നാടകം കണ്ണിന്റെ കലമാത്രമല്ലെന്നും അതിന് ആത്യന്തികമായ മറ്റൊരു ധർമ്മം കൂടിയുണ്ടെന്നും അത് കലങ്ങിമറിഞ്ഞ കാലത്തിന്റെ നടുവിൽ ജീവിക്കുന്ന ഒരു ജനതയുടെ കലക്കങ്ങളുടെ അടയാളങ്ങൾ പ്രതിഫലിക്കുന്ന ഒന്നാകണമെന്ന് സാമൂഹ്യ പ്രതിബദ്ധതയുള്ളൊരു കുട്ടി ആഗ്രഹിച്ചുപോയാൽ അവരെ നിങ്ങളുടെ ക്ലാസ്സിൽ നിന്നും ഇറക്കിവിടുമോ? നിങ്ങളുടെ കുഞ്ഞുങ്ങളെല്ലാം നിങ്ങളുടെതെല്ലെന്നും അവർ പുതിയ കാലത്തിന്റെ ചൂണ്ടുപലകയാണെന്നും ഖലീൽ ജിബ്രാൻ പറഞ്ഞതിന്റെ പൊരുൾ അപ്പോഴാണ് മനസിലാവുക.

അയത്നലളിതമായ ആസ്വാദനത്തിന്റെ വിഭവമായിരിക്കെതന്നെ പ്രമേയഘടനയിൽ പരസ്പരപൂരകങ്ങളായ അടിസ്ഥാന താല്പര്യങ്ങളുടെ ചട്ടക്കൂടിലൊതുക്കി നാടകാവതരണം സാധ്യമാക്കിയാൽ ചിൽഡ്രൻസ് തിയറ്ററിന്റെ ഉദ്ദേശ്യലക്‌ഷ്യം സാദ്യമാകുകതന്നെചെയ്യും.എങ്കിലേ കർട്ടൻ വീണാലും നാടകം കാണികളുടെ മനസ്സിൽ കളിച്ചുകൊണ്ടേയിരിക്കുകയുള്ളു.കുട്ടികളിൽ ഓർമ്മയിൽ നാടകം ജീവിക്കുകയുള്ളു.ഓർമ്മകളും പ്രതീക്ഷകളും ഇടകലർന്നൊരു ചരിത്രപ്രതി സന്ധികളിലൂടെയാണ് കുട്ടികളുടെ നാടകവും കടന്നു പോയിക്കൊണ്ടിരിക്കുന്നത്.നാടകം വാസ്തവത്തില്‍ ഒരു വാദവും സംവാദവുമാണ്.സദസ്സ് പിരിഞ്ഞശേഷവും കാണികള്‍ തമ്മിൽ തമ്മിൽ നടത്തുന്ന സംവാദം.നാടകം അതിനാല്‍ ഒരു ജനാധിപത്യ കലാരൂപമാണ്. ആയതിനാൽ കുട്ടികളുടെ നാടകവും കുട്ടിക്കളി മാത്രമായി പര്യവസാനിക്കുന്നില്ല . ഓരോ നാടകത്തിലും ആന്തരിക ഘടനയിൽ അധികാര ഘടനയോടുള്ള കലാപമുണ്ട്.രംഗകലകൾ ഏറെ നടന്നിട്ടുള്ള നമ്മുടെ കൊച്ചു കേരളത്തിലും നാടകം അതിന്റെ ആ ദൗത്യം വിജയകരമായി നിർവ്വഹിച്ച ചരിത്രമുണ്ട്.’നാടകത്തിന്റെ മരണം ഒരു ദേശിയ ദുരന്തമാണ്’ എന്ന് ലോകത്തര നാടകാചാര്യനായ സ്ലാങ്സ്ലെവിസ്കിയുടെ അഭിപ്രായത്തെ മുഖവിലക്കെടുക്കുകയാണെങ്കിൽ ചിൽഡ്രൻസ് തിയറ്റർ പ്രവർത്തകർ ഉൾപ്പെടെയുള്ള നാടകപ്രവർത്തകർ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് ‘നാടകത്തിന്റെ മരണം മൂലമുണ്ടാകുന്ന ദേശിയദുരന്തത്തിൽ തങ്ങൾ എത്രമാത്രം പങ്കാളികളാണെന്ന്.കുട്ടികളുടെ നാടകമല്ലേ ചിൽഡ്രൻസ് തിയറ്ററിന്റെ രീതിശാസ്ത്രം ഇതല്ല മറ്റൊന്നാണ് എന്നാണ് അവരുടെ വാദഗതിയെങ്കിൽ ആ വാദഗതിയേയും മുഖവിലക്കെടുക്കണം.കാരണം അപ്പോഴല്ലേ നാടകം വാസ്തവത്തില്‍ ഒരു വാദവും സംവാദവുമാണെന്ന വിദഗ്‌ദാഭിപ്രായം അർത്ഥവത്താകുകയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here