നിധിൻ.വി.എൻ
ഹാസ്യസാമ്രാട്ട് എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കുന്നുവെങ്കിൽ അതിന് ഏറ്റവുമർഹൻ ചാർളി ചാപ്ലിൻ എന്ന ഇതിഹാസമാണ്. അദ്ദേഹത്തിന്റെ 129-ാം മത് ജന്മദിനമാണ് ഇന്ന്. 1889 ഏപ്രിൽ 16ന് ബ്രിട്ടനിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ചാൾസ് സ്പെൻസർ ചാപ്ലിൻ എന്ന ചാർളി ചാപ്ലിന്റെ ജനനം.
തന്റെ പന്ത്രണ്ടാം വയസ്സിൽ തന്നെ കോമാളിയുടെ വേഷം കെട്ടി മറ്റുള്ളവരെ ചിരിപ്പിക്കാൻ ആരംഭിച്ച ആ മഹാനടൻ,ഭാഷകൾക്കതീതനായി എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഹാസ്യം മനോഹരമായി കൈകാര്യം ചെയ്തിരുന്ന ചാപ്ലിൻ ഗൗരവത്തോടെ ജീവിതത്തെ കണ്ടിരുന്ന മനുഷ്യ സ്നേഹിയായിരുന്നു. നമ്മുടെ ജീവിതാവസ്ഥയും ,സാഹചര്യവും എന്തു തന്നെയായാലും മാനസികമായി തളരാതെ ശുഭപ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണാൻ ചാപ്ലിൻ പഠിപ്പിക്കുന്നു.
“എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ട് എന്ന കാര്യം എന്റെ ചുണ്ടുകൾക്ക് അറിയില്ല. അവ പലപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കും” എന്നു പറഞ്ഞ ചാപ്ലിൻ സ്വകാര്യ ദു:ഖങ്ങളെ പുറത്തറിയിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അതുപോലെ തന്നെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനല്ല, അവയെ സധൈര്യം നേരിടാനാണ് അദ്ദേഹം ശീലിച്ചത്. “തല ഉയർത്തി നോക്കുന്നവർക്കു മാത്രമേ മഴവില്ല് കാണാൻ കഴിയു” എന്ന് അദ്ദേഹം പറഞ്ഞതും അതുകൊണ്ട് തന്നെയാകണം. ” ലോകത്ത് ഒരു കാര്യവും ശാശ്വതമായിട്ടില്ല, നമ്മുടെ പ്രശ്നങ്ങൾ പോലും താൽക്കാലികം മാത്രമാണ് ” എന്ന് അദ്ദേഹം എപ്പോഴും ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു. താൽക്കാലികമായ പ്രശ്നങ്ങളെ പർവ്വതീകരിച്ചു കാണാതെ സധൈര്യം മുന്നോട്ടു പോകാൻ ചാപ്ലിൻ നമ്മെ പ്രചോദിപ്പിക്കുന്നു.
“എ വുമൺ ഓഫ് പാരീസ്, ദ് ഗോൾഡ് റഫ്, ദ സർക്കർസ്, സിറ്റി ലൈറ്റ്സ്,മോഡേൺ ടൈം, ദ ഗ്രേറ്റ് ഡിക്റ്ററ്റർ” എന്നീ സിനിമകളിലൂടെ ചാപ്ലിൻ അവതരിപ്പിച്ച സുന്ദേശവും അവതരണ രീതിയും പഠനാർഹമാണ്. തന്റെ 80-ാം വയസ്സുവരെ അഭിനയരംഗത്തു തുടർന്ന ചാപ്ലിൻ 1977 ഡിസംബർ 25 ന് അന്തരിച്ചു.1972-ൽ സമഗ്ര സംഭാവനയ്ക്കുള്ള ആദരവായി ഓസ്കർ ബഹുമതി നേടിയ ചാപ്ലിനു ലഭിച്ച കരഘോഷം ചരിത്രമാണ്. ഓകേർ വേദിയിൽ ഒരാൾക്കു ലഭിക്കുന്ന ഏറ്റവും നീണ്ട കരഘോഷമായിരുന്നു അത്. സദസ് ഒന്നടക്കം എണീറ്റു നിന്ന് പന്ത്രണ്ടു മിനിറ്റുനേരമാണ് ഹസ്താരവത്താൽ ചാർളി ചാപ്ലിനെ ബഹുമാനിച്ചത്.
ഇന്നത്തെ പ്രശ്നങ്ങൾ നാളെയുടെ തമാശകളാണ്. അതുകൊണ്ട് മുന്നേറുകയാണ് വേണ്ടത്. ചരിത്രത്തിൽ തളർന്നിരിക്കുന്നവർക്ക് സ്ഥാനമില്ല. വിജയങ്ങളെന്നും പരിശ്രമങ്ങളുടെ ഫലമാണെന്ന് ഓർമ്മിപ്പിക്കുന്നുണ്ട് ചാപ്ലിൻ.